SKSSF പുതിയതെരു ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂഇയർ പ്രഭാഷണവും മജ്‌ലിസുന്നൂർ ഒന്നാംവാർഷികവും 2017 ഡിസംബർ 31,2018 ജനുവരി 1,2 തീയതികളിൽ പുതിയതെരു നീരൊഴുക്കുംചാൽ ഗ്രൗണ്ടിൽ....മൻസൂർ അലി ദാരിമി കാപ്പ്,റഹ് മത്തുള്ള ഖാസിമി മുത്തേടം, സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ മംഗലാപുരം തുടങ്ങിയ പ്രമുഖ വ്യക്‌തിത്വങ്ങൾ സംസാരിക്കുന്നു.ഏവർക്കും സ്വാഗതം ..
മജ്‌ലിസുന്നൂർ വീടുകളിൽ സങ്കടിപ്പിക്കുന്നതിന് വിളിക്കുക 8139868786 , 9847137786 .... ( മജ്‌ലിസുന്നൂർ വിംഗ് , SKSSF പുതിയതെരു ശാഖാ )..

Wednesday, 22 March 2017

Tuesday, 21 March 2017

ഇസ്ലാമിക ചരിത്രം--ഫാറൂഖ് ഉമര്‍ (റ)


umarrr

എനിക്കുശേഷം വല്ല പ്രവാചകനും വരുമായിരുന്നുവെങ്കില്‍ അത് ഉമറുല്‍ ഫാറൂഖാകുമായിരുന്നുവെന്ന പരാമര്‍ശം ലോകൈകഗുരുവിന്റെ വായ്തുമ്ബില്‍നിന്നുതിരണമെങ്കില്‍ ഉമര്‍(റ) ആരായിരിക്കണം? ‘ഖത്വാബിന്റെ പുത്രാ, എന്റെ ശരീരം ആരുടെ കരങ്ങളിലാണോ അവന്‍ തന്നെയാണേ, താങ്കള്‍ ഒരു വഴിയില്‍ പ്രവേശിക്കുന്നതു കണ്ടാല്‍ പിശാച് മറ്റൊരു വഴി തേടിപ്പിടിക്കുമെന്ന തിരുവായ്മൊഴിയില്‍ സത്യമുണ്ടെങ്കില്‍ ‘ഉമരീപാത’ പൈശാചികതയുടെ ലവലേശമംശംപോലും ഏല്‍ക്കാത്തതാണെന്നല്ലേ വിധിക്കേണ്ടത്?ഉമര്‍(റ) ഫാറൂഖ് (സത്യാസത്യവ്യവച്ഛേദകന്‍) തന്നെയായിരുന്നുവെന്ന് ചരിത്രം ഇന്നും ആണയിട്ടു പറയുന്നു. അസത്യത്തിന്റെ തരിപോലും വച്ചുപൊറുപ്പിക്കാന്‍ കൂട്ടാക്കാത്ത ധീരശൂരന്‍. നുഫൈലിന്റെ മകന്‍ ഖത്വാബിന്റെയും ഹാശിമിന്റെ മകള്‍ ഹന്‍തമയുടെയും ദാമ്ബത്യവല്ലരിയില്‍ ക്രി. 583 ലാണ് ചരിത്രം കാത്തിരുന്ന ആ താരോദയം സംഭവിക്കുന്നത്. ബാല്യംമുതലേ ശ്രദ്ധേയനായിരുന്നു. സാഹസികാഭ്യാസങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം എല്ലാ കലകളിലും മുന്നിട്ടുനിന്നു. അമ്ബെയ്ത്ത്, കുതിര സവാരി, മല്‍പിടുത്തം.അങ്ങനെ എല്ലാം. ബാല്യം പിന്നിട്ടപ്പോഴേക്കും അദ്ദേഹത്തിന്റെ പ്രശസ്തി നാട്ടതിരുകളും ഭേദിച്ചു. ‘ഉക്കാദ്’ചന്തയിലെ മത്സരവേദികളിലും ഉമര്‍ ചര്‍ച്ചാവിഷയമായി. അവിടെ ആണ്ടുതോറും നടന്നുവരാറുള്ള മത്സരങ്ങളില്‍ അദ്ദേഹത്തെ കവച്ചുവയ്ക്കാന്‍ ആരുമുണ്ടായില്ല. അക്ഷരാഭ്യാസമുള്ള അക്കാലത്തെ അംഗുലീപരിമിതര്‍ക്കിടയിലും ഉമറിന്റെ നാമം പ്രസിദ്ധമായിരുന്നു.
ഒരുകാലത്ത് ഇസ്ലാമിന്റെ കഠിനവിരോധിയായിരുന്ന ഉമര്‍(റ) പുണ്യപ്രവാചകന്റെ കഴുത്തറുക്കാനായി അശ്വസഞ്ചാരം നടത്തുന്ന സമയത്താണ് വിശുദ്ധ ഖുര്‍ആനിന്റെ മധുരമനോഹരമായ ഏതാനും വചനങ്ങള്‍ കേള്‍ക്കാനിട വരുന്നത്. അതോടെ അദ്ദേഹത്തിന്റെ മനസാകെ മാറിമറിഞ്ഞു. അദ്ദേഹത്തിലെ മുഴുവന്‍ കോപാഗ്നിയെയും ആ ഖുര്‍ആനികവചനങ്ങള്‍ നിശേഷം കെടുത്തിയില്ലാതാക്കി. പിന്നീട് ഇസ്ലാമിന്റെ ഏറ്റവും കരുത്തനായ കാവല്‍ഭടനും തിരുമേനിയുടെ ഉറ്റമിത്രവുമായി പരിവര്‍ത്തിതമായ കാഴ്ചയാണ് ലോകത്തിനു കാണാന്‍ കഴിഞ്ഞത്. ഉമറിന്റെ ഇസ്ലാമാശ്ലേഷണം വരെ ഇസ്ലാമിക പ്രബോധനം രഹസ്യമായിട്ടായിരുന്നു നടന്നിരുന്നത്. ഉമര്‍ അതിനു മാറ്റം വരുത്തി. ബഹുദൈവവിശ്വസം പരസ്യമാക്കിയിരുന്ന പോലെ സത്യവിശ്വാസവും ഞാന്‍ പരസ്യമാക്കുമെന്നു പ്രഖ്യാപിച്ചായിരുന്നു അതിനു തുടക്കമിട്ടത്. അതുമുതല്‍ ഇസ്ലാമിക പ്രബോധനം പരസ്യമായിത്തുടങ്ങി. മദീനയിലേക്ക് പലായനം ചെയ്യേണ്ട ഘട്ടം വന്നപ്പോള്‍ പലരും ശത്രുക്കളുടെ കണ്ണുവെട്ടിച്ചു യാത്ര ചെയ്തു. കാരണം, അവര്‍ കണ്ടാല്‍ പ്രശ്നമായിരുന്നു. എന്നാല്‍ ഉമര്‍(റ) അവരില്‍നിന്നും വ്യത്യസ്ഥനായി. അദ്ദേഹം ഹിജ്റ പോകുന്ന വേളയില്‍ ശത്രുക്കള്‍ കേള്‍ക്കെ ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാനിതാ, മദീനയിലേക്ക് പലായനം ചെയ്യുകയാണ്. മാതാവിന് പുത്രനും ഭാര്യയ്ക്ക് ഭര്‍ത്താവും നഷ്ടപ്പെടുന്നതില്‍ ഭയമില്ലാത്തവനുണ്ടെങ്കില്‍ എന്നെ ഈ താഴ്വരയുടെ പിറകില്‍വന്ന് തടഞ്ഞുകൊള്ളട്ടെ.” ഈ വെല്ലുവിളി സ്വീകരിക്കാന്‍ മാത്രം ത്രാണിയുള്ള ഒറ്റ ആണ്‍കുട്ടിയും അവര്‍ക്കിടയിലുണ്ടായില്ല. ഉമറിനുമുന്‍പില്‍ അവര്‍ എലികളായിരുന്നു; പേടിച്ചരളുന്ന ചുണ്ടെലികള്‍. മദീനയിലെത്തിയ ഉമര്‍(റ) തിരുനബി(സ്വ)യുടെ ഉറ്റ തോഴനായി നിലകൊണ്ടു. അവിടത്തോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ബദ്റില്‍ ശത്രുപക്ഷത്തായിരുന്ന സ്വന്തം ബന്ധുവിനെ പോലും വകവരുത്താന്‍ അദ്ദേഹം ധൃഷ്ടനായി.
സത്യത്തിനു മുന്‍പില്‍ രക്തബന്ധവും ഉറ്റബന്ധവുമെല്ലാം അദ്ദേഹത്തിനു പുല്ലായിരുന്നു. പലപ്പോഴും ഉമര്‍(റ)ന്റെ തീരുമാനങ്ങളും അഭിപ്രായങ്ങളും ഇസ്ലാമില്‍ നിര്‍ണായകമായി വര്‍ത്തിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ ശരിവച്ചുകൊണ്ടു ഖുര്‍ആനില്‍ പല സൂക്തങ്ങളും അവതരിക്കുക വരെ ചെയ്തിട്ടുണ്ട്. ഖുര്‍ആനിലെ 2: 125, 23: 14, 9: 84, 2: 219, 63: 6, 8: 5, 2: 97 തുടങ്ങിയ സൂക്തങ്ങള്‍ അതിനുദാഹരണങ്ങളാണ്.വിശുദ്ധ ഇസ്ലാമില്‍ പലതിനും തുടക്കം കുറച്ച ചരിത്രം കൂടി ഉമര്‍(റ) സൃഷ്ടിച്ചിട്ടുണ്ട്. ആദ്യമായി കഅ്ബാലയത്തില്‍ വച്ച്‌ പരസ്യനിസ്കാരം നിര്‍വഹിച്ചത്, പരസ്യമായി ഹിജ്റ പോയത്, അമീറുല്‍ മുഅ്മിനീന്‍ എന്ന സ്ഥാനപ്പേര് ആദ്യമായി ലഭിച്ചത്, ഹിജ്റ അടിസ്ഥാനപ്പെടുത്തിയുള്ള ഇസ്ലാമിക കലണ്ടറിന് തുടക്കം കുറിച്ചത്, ഭരണസൗകര്യത്തിനായി സൈനികവകുപ്പ്, നീതിന്യായ വകുപ്പ് തുടങ്ങിയവ നടപ്പാക്കിയത്, തപാല്‍, ഗതാഗത, ജലസേചന സംവിധാനങ്ങളാരംഭിച്ചത് തുടങ്ങി പലതിനും ഉമര്‍(റ) ചുക്കാന്‍ പിടിച്ചിട്ടുണ്ട്. ചരിത്രത്തില്‍ തുല്യത കാണാത്ത ഭരണമികവാണ് ഉമര്‍(റ) കാഴ്ചവച്ചത്. ഭരണരംഗത്ത് നീതിയുടെ എക്കാലത്തെയും ഉത്തമോദാഹരണമായി ലങ്കിത്തിളങ്ങി ആ മഹാന്‍. യൂഫ്രട്ടീസിന്റെ തീരത്ത് ഒരു ആട് വിശന്നുചത്താല്‍ അതിന്റെ പേരില്‍ ഞാന്‍ അല്ലാഹുവിനോട് അന്ത്യനാളില്‍ സമാധാനം പറയേണ്ടി വരുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഭുവനപ്രശസ്തമാണ്. ‘രാത്രിയില്‍ ഞാനുറങ്ങിയാല്‍ ഞാനെന്റെ ശരീരത്തെ നഷ്ടപ്പെടുത്തി. പകലുറങ്ങിയാല്‍ ഞാനെന്റെ പ്രജകളെയും നഷ്ടപ്പെടുത്തി. ഇവ രണ്ടിനുമിടയില്‍ എനിക്കെങ്ങനെ ഉറങ്ങാനാകുമെന്നായിരുന്നു അദ്ദേഹം ചോദിച്ചിരുന്നത്. “ജനങ്ങളേ ഇന്നെനിക്ക് രോഗം ബാധിച്ചിരിക്കുകയാണ്. ചികിത്സയ്ക്ക് അല്‍പം തേനിന്റെ ആവശ്യമുണ്ട്. അത് പൊതുഖജനാവിലുണ്ടുതാനും. അതില്‍നിന്നും അല്‍പം ഉപയോഗിക്കുന്നതിനു നിങ്ങളെനിക്ക് സമ്മതം തരികയാണെങ്കില്‍ എനിക്ക് ചികിത്സയ്ക്കുപയോഗിക്കാമായിരുന്നു” എന്ന് ഒരിക്കല്‍ അദ്ദേഹം തന്റെ പ്രജകളെ വിളിച്ചുവരുത്തി ചോദിച്ചത് ചരിത്രത്തില്‍ ഇന്നും മായാതെ കിടക്കുന്ന ആയിരക്കണക്കിന് നഖചിത്രങ്ങളിലൊന്നുമാത്രം.
പാതിരാനേരത്ത് പ്രസവവേദനകൊണ്ട് പുളയുകയായിരുന്ന പാവം പെണ്ണിന് ആവശ്യമായ പരിചരണങ്ങള്‍ക്കായി തന്റെ പത്നിയേയും കൂട്ടി ഓടിച്ചെന്നതും പൊതുഖജനാവിലെ ഒരൊട്ടകം കയറ് പൊട്ടിച്ചോടിയപ്പോള്‍ അതിനെ അന്വേഷിച്ചോടിയതും ഇരവിന്റെ മറവില്‍ വേശപ്രച്ഛന്നനായി പ്രജകളുടെ ക്ഷേമൈശ്വര്യങ്ങളന്വേഷിച്ച്‌ നടന്നതും ലോകം ഇന്നും സാവേശം അനുസ്മരിക്കുകയാണ്. പത്തുവര്‍ഷവും അഞ്ചുമാസവും ഇരുപത്തിയൊന്നു ദിവസവും ഭരണരംഗത്ത് തിളങ്ങിയ അദ്ദേഹം അബൂലുഅ്ലുഅ എന്ന കാപാലികന്റെ ക്രൂരമായ ആയുധപ്രയോഗത്താലാണ് അന്ത്യശ്വാസം വലിച്ചത്. 63 വയസായിരുന്നു അദ്ദേഹത്തിനപ്പോള്‍.

Monday, 20 March 2017

താനൂര്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നത് പോലീസ്- എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: താനൂരും പരിസര തീര പ്രദേശങ്ങളിലും നടന്നുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സങ്കീര്‍ണമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി രണ്ട് കിലോമീറ്ററോളം നീളം വരുന്ന ചാപ്പപ്പടി, ഒട്ടുംപുറം പ്രദേശത്ത് വാഹനങ്ങളും വീടുകളും തകര്‍ക്കാനും വീട്ടുപകരണങ്ങളും തൊഴിലുപകരണങ്ങളും തകര്‍ക്കാനും നേതൃത്വം നല്‍കിയവര്‍ പോലീസാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള പോലീസ് ഭീകരതക്ക് സമാനണിത്.
അര്‍ധരാത്രിയില്‍ കൈകുഞ്ഞുങ്ങളുമായി സ്ത്രീകളും വൃദ്ധരും പലായനം ചെയ്യപ്പെടേണ്ട അവസ്ഥ വന്നത് പോലീസിന്റെ അതിക്രമങ്ങള്‍ കൊണ്ട് മാത്രമായിരുന്നു. ഒരേ സമുദായത്തില്‍ പെട്ടവരെ തമ്മിലടിപ്പിച്ച് സാമൂഹികമായി തകര്‍ക്കാമെന്ന ഗൂഢ പദ്ധതിയും ഇതിന് പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വീടും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുവാനും സമാധാനപരമായ പുനരധിവാസം ഉറപ്പ് വരുത്താനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. കുറേ കാലമായി താനൂരിലേയും തിരൂരിലേയും തീരദേശ മേഖലയില്‍ നടന്നുവരുന്ന സംഘര്‍ഷങ്ങളുടെ മറവില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സംരക്ഷണത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. ഇരുപക്ഷവും അവരെ തള്ളിപ്പറയാനും പ്രശ്‌നക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും കൂട്ടമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. അതിനാവശ്യമായ രാഷ്ട്രീയ പക്വത കാണിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുമ്പോള്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാമാവൂ യോഗം അഭിപ്രായപ്പെട്ടു.
അബ്ദുറഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപ്പാടം, ഇബ്രാഹീം ഫൈസി ജെഡിയാര്‍, കെ.എന്‍.എസ് മൗലവി, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, പി.എം റഫീഖ് അഹമ്മദ്, അബ്ദുസ്സലാം ദാരിമി, വി.കെ.എച്ച് റശീദ്, സയ്യിദ് അബ്ദുല്ല തങ്ങള്‍, കുഞ്ഞാലന്‍കുട്ടി ഫൈസി, ബശീര്‍ ഫൈസി ദേശമംഗലം, മുജീബ് ഫൈസി പൂലോട്, നവാസ് അഷ്‌റഫി പാനൂര്‍, ടി.പി സുബൈര്‍, ജാബിര്‍ ഹുദവി, ആസിഫ് ദാരിമി, ശഹീര്‍ വി.എ, ആശിഖ് കുഴിപ്പുറം, അബ്ദുല്ലതീഫ് പിന്നിയൂര്‍, ആരിഫ് ഫൈസി, നൗഫല്‍ കുട്ടമശ്ശേരി എന്നിവര്‍ സംസാരിച്ചു. സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു

ഇസ്ലാമിക ചരിത്രം--സിദ്ദീഖുല്‍ അക്ബര്‍ (റ)


siddiq

നിഴലില്ലാത്ത പുണ്യപ്രവാചകന് നിഴലായ് നിന്ന സാന്നിധ്യം. ഇസ്‌ലാമിനു മുന്‍പേ ഇസ്‌ലാമിക സംസ്‌കാരം ജീവിതമുദ്രയാക്കി കൊണ്ടുനടന്ന അത്ഭുതവ്യക്തിത്വം. പുരുഷന്മാരില്‍ ആദ്യമായി ഇസ്‌ലാം സ്വീകരിച്ച മഹാന്‍. ആദ്യമായി ഖുര്‍ആന്‍ ക്രോഡീകരിച്ചതും ക്രോഡീകരിച്ച ഖുര്‍ആനിന് മുസ്വ്ഹഫ് എന്ന നാമകരണം നല്‍കിയതുമായ പണ്ഡിതന്‍. പുണ്യപ്രവാചകരുടെ ഭാര്യാപിതാവാകന്‍ സൗഭാഗ്യം ലഭിച്ച ഭാഗ്യവാന്‍. ആദ്യമായി ഖിലാഫത്ത് ഏറ്റെടുത്ത ഭരണാധികാരി. മുസ്‌ലിം ലോകത്ത് ആദ്യമായി ബൈതുല്‍ മാല്‍ എന്ന സമ്പ്രദായം കൊണ്ടുവന്ന പരിഷ്‌കാരി. സിദ്ദീഖുല്‍ അക്ബര്‍(റ)നെ കുറിച്ചുള്ള വിശേഷണങ്ങള്‍ക്ക് ഒരിക്കലും അതിരു കാണാതെ ഇങ്ങനെ നീണ്ടു പോകും.
മക്കയില്‍ പ്രവാചകതിരുമേനിയുടെ ഉദയം സംഭവിച്ച് രണ്ടു വര്‍ഷവും ഏതാനും മാസവും കഴിഞ്ഞപ്പോഴാണ് സിദ്ദീഖുല്‍ അക്ബര്‍(റ)ന്റെ പിറവി നടക്കുന്നത്. അതും ഖുറൈശീ കുടുംബത്തില്‍. പിതാവ് ഖുറൈശീ പ്രമുഖനായ അബൂ ഖുഹാഫ. മാതാവ് ഉമ്മുല്‍ ഖൈര്‍ സല്‍മ ബിന്‍ത് സഖര്‍. നബി(സ്വ)യുടെ പിതൃപരമ്പരയിലെ മുര്‍റതുബ്‌നു കഅ്ബില്‍ സിദ്ദീഖ്(റ)വിന്റെ പിതൃപരമ്പര സന്ധിക്കുന്നു.
അബ്ദുല്ലാഹിബ്‌നു അബീ ഖുഹാഫ എന്നാണ് യഥാര്‍ഥ നാമം. കച്ചവടമായിരുന്നു ആദ്യകാല തൊഴില്‍. സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലായിരുന്നു. അതോടൊപ്പം സാധുജനസഹായത്തിലും മറ്റു സാമൂഹികപ്രവര്‍ത്തനത്തിലും വലിയ തല്‍പരനായിരുന്നു. തിന്മയുടെ വിളയാട്ടം സാര്‍വത്രികമായ ഒരു സാമൂഹികപശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനവും ജീവിതവുമെങ്കിലും ആ തിന്മകളൊന്നും അദ്ദേഹത്തെ തൊട്ടുതീണ്ടുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും മദ്യം നുണയുകയോ വിഗ്രഹങ്ങള്‍ക്കു മുന്നില്‍ തലകുനിക്കുകയോ ചെയ്ത ചരിത്രം ആ ജീവിതത്തില്‍ കാണാന്‍ കഴിയാത്തതാണ്.
പ്രവാചകതിരുമേനി (സ്വ) ഇസ്‌ലാമിക സന്ദേശവുമായി രംഗത്തെത്തിയപ്പോള്‍ യാതൊരു ശങ്കയും കൂടാതെ പോയി വിശ്വസിച്ചു. പിന്നീട് ജീവിതം മുഴുവന്‍ അവിടത്തോടൊപ്പംതന്നെ. അവിടത്തെ ഏതു നിര്‍ണായക ഘട്ടത്തിലും സിദ്ദീഖ്(റ) കൂടെകൂടി. പ്രവാചകജീവിതത്തില്‍ സംഭവിച്ച അത്യത്ഭുതസംഭവങ്ങളിലൊന്നാണല്ലോ ഇസ്‌റാഉം മിഅ്‌റാജും. മക്കക്കാര്‍ക്കു മുന്‍പാകെ അവിടന്ന് ഈ അനുഭവം വിവരിച്ചപ്പോള്‍ ബഹുഭൂരിപക്ഷമാളുകളും കളവാക്കുകയും തള്ളിക്കളയുകയുമാണുണ്ടായത്. എന്നാല്‍, അതിന്റെ യുക്തിയും സംഭാവ്യതയും പരിശോധിക്കാതെ വിശ്വസിക്കാന്‍ സിദ്ദീഖുല്‍ അക്ബര്‍(റ) മുന്നോട്ടു വന്നു. കാരണം, തിരുമേനി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതൊരിക്കലും കളവാകില്ലെന്ന ഉറപ്പായിരുന്നു ഈ വിശ്വാസത്തിന്റെ പ്രചോദകം.
മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്യേണ്ട സന്ദര്‍ഭം വന്നപ്പോള്‍ തന്റെ സ്വത്തും സമ്പാദ്യങ്ങളും ഉപേക്ഷിച്ച് തിരുനബിയോടൊപ്പം മദീനയിലേക്ക് കെട്ടുകെട്ടാനും സിദ്ദീഖുല്‍ അക്ബര്‍(റ) സന്നദ്ധനായി. വഴിയിലുടനീളം അദ്ദേഹം തിരുനബിക്ക് ഒരു കാവല്‍ക്കാരനും അംഗരക്ഷകനുമായി നിലകൊണ്ടു. അവിടത്തേക്ക് ഭീഷണിയായേക്കാവുന്ന ഒന്നിനെയും അദ്ദേഹം വച്ചുപൊറുപ്പിച്ചില്ല. തന്റെ ജീവന്‍ നഷ്ടപ്പെട്ടാലും അവിടത്തേക്ക് ഒന്നും സംഭവിക്കരുതെന്ന നിര്‍ബന്ധമായിരുന്നു അദ്ദേഹത്തിന്.
തിരുനബി(സ്വ) വിടപറഞ്ഞ ശോകസാന്ദ്രമായ സന്ദര്‍ഭത്തില്‍ ഉമര്‍(റ)വിനടക്കം പലര്‍ക്കും താങ്ങാന്‍ കഴിയാത്ത സ്ഥിതി വന്നപ്പോള്‍ അചഞ്ചലനായി നില്‍ക്കുവാനും അവരെ ശാന്തരാക്കുവാനും രംഗത്തുണ്ടായിരുന്നത് സിദ്ദീഖ് തങ്ങളാണ്. മയം വേണ്ടിടത്ത് മയം കാണിച്ചു. ഗൗരവം വേണ്ടിടത്ത് ഗൗരവം കാണിച്ചു. സകാത്ത് നിഷേധികളായ ഒരു പറ്റം ആളുകള്‍ രംഗത്തെത്തിയപ്പോള്‍ അവര്‍ക്കെതിരേ സന്ധിയില്ലാ സമരത്തിന് സിദ്ദീഖ് (റ) ആണ് ആഹ്വാനം ചെയ്തത്. വ്യാജപ്രവാചകന്മാര്‍ക്കെതിരേയും വാളെടുക്കാന്‍ അദ്ദേഹം പ്രഖ്യാപനം നടത്തി.
വിശുദ്ധ ഇസ്‌ലാമിന് ഏറ്റവും കൂടുതല്‍ ഉപകാരപ്പെട്ടത് സിദ്ദീഖ് (റ)ന്റെ സമ്പത്തായിരുന്നു. നബി(സ്വ) പറഞ്ഞു: അബൂബക്കര്‍(റ)ന്റെ സ്വത്ത് ഉപകാരപ്പെട്ടത്ര എനിക്ക് മറ്റൊരാളുടെയും സമ്പത്ത് ഉകാരപ്പെട്ടിട്ടില്ല.” സിദ്ദീഖ്(റ)നെ ബഹുമാനിക്കാനും ആദരിക്കാനും വരെ നബി(സ്വ)തന്റെ ശിഷ്യന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ അബുദ്ദര്‍ദാഅ്(റ) സിദ്ദീഖ് തങ്ങളുടെ മുന്നില്‍ നടക്കുന്നതു കാണാനിട വന്നപ്പോള്‍ നബി(സ്വ) ചോദിച്ചു: ഈലോകത്തും പരലോകത്തും നിന്നെക്കാളുത്തമനായ ഒരാളുടെ മുന്നിലൂടെ നടക്കുകയാണോ അബുദ്ദര്‍ദാഅ്?” തുടര്‍ന്ന് അവടന്ന് പറഞ്ഞു: ”അമ്പിയാമുര്‍സലുകള്‍ക്കു ശേഷം അബൂബകര്‍(റ) തങ്ങളോളം ഉത്തമനായ ഒരാളുടെ മേല്‍ സൂര്യനുദിക്കുകയോ അസ്തമിക്കുകയോ ചെയ്തിട്ടില്ല.”
തന്റെ ശിഷ്യര്‍ക്കിടയില്‍ നബിതങ്ങള്‍ക്കേറ്റം പ്രിയങ്കരന്‍ സിദ്ദീഖുല്‍ അക്ബറായിരുന്നു. പ്രവാചകന്മാര്‍ കഴിഞ്ഞാല്‍ പിന്നെ അടുത്ത സ്ഥാനം സിദ്ദീഖീങ്ങള്‍(സത്യവാന്മാര്‍)ക്കാണ്.
അവരുടെ നേതാവാണ് അബൂബകര്‍ സിദ്ദീഖ്(റ). അദ്ദേഹത്തോടു പ്രിയംവയ്ക്കുന്നത് സ്വര്‍ഗപ്രവേശത്തിനു നിമിത്തമാകുമെന്നാണ് മതാധ്യാപനം. അല്ലാഹു അത്തരക്കാരില്‍ നമ്മെ ഉള്‍പെടുത്തട്ടെ എന്നു പ്രാര്‍ഥിക്കുന്നു. ഹിജ്‌റ 13 ല്‍ ജുമാദല്‍ ഉഖ്‌റ 23 ന് തന്റെ 63ാം വയസില്‍ സിദ്ദീഖ്(റ) ഈ ലോകത്തോട് വിട ചൊല്ലി.
 (islam on web നോട് കടപ്പാട് )

Saturday, 18 March 2017

കൊര്‍ദോവ: ഇസ്‌ലാമിക നാഗരികതയില്‍നിന്നും പടിഞ്ഞാറ് വെളിച്ചം കൊളുത്തിയ കാലം


kordoba


മധ്യകാല യൂറോപ്പിന്റെ ധൈഷണിക ചരിത്രപഥത്തില്‍ അതിശോഭനമായൊരു അധ്യായമാണ് മുസ്‌ലിം സ്‌പെയിന്‍ എഴുതിച്ചേര്‍ത്തത്. എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിനും 13ാം നൂറ്റാണ്ടിന്റെ ആരംഭത്തിനുമിടക്കുള്ള കാലഘട്ടത്തില്‍ അറബ് സംസാരിക്കുന്ന ജനതയാണ് സംസ്‌കാരത്തിന്റെയും നാഗരികതയുടെയും വെളിച്ചവുമായി ലോകമൊട്ടാകെ ഓടിനടന്നത്. പൗരാണിക ശാസ്ത്രവും തത്വചിന്തയും തിരിച്ചുപിടിച്ചവരും കൂടുതല്‍ ഗവേഷണ പര്യവേഷണങ്ങള്‍ നടത്തി നവമുകുളങ്ങള്‍ പൊട്ടിമുളപ്പിച്ചതും പ്രസരിപ്പിച്ചവരും അതുവഴി പശ്ചിമയൂറോപ്പില്‍ പുതിയൊരു നവോത്ഥാനത്തിന്റെ മണ്ണൊരുക്കിയതും ഇവര്‍ തന്നെയാണ്. ഈ ഉദ്യമങ്ങളുടെയൊക്കെ അമരത്ത് അറബിക് സ്‌പെയിനുണ്ടായിരുന്നു.” ഭരണത്തിലിരുന്ന കുറഞ്ഞ നൂറ്റാണ്ടുകള്‍ കൊണ്ട് അമൂല്യമായ പലതും ലോകത്തിനു തിരിച്ചുനല്‍കിയ മുസ്‌ലിം സ്‌പെയിനിന്റെ അതിവിസ്മയ സാന്നിധ്യത്തെ അടയാളപ്പെടുത്താന്‍ വിഖ്യാതചരിത്രകാരന്‍ ഫിലിപ്പ് കെ. ഹിറ്റി ‘History of the Arabs’ (അറബികളുടെ ചരിത്രം) എന്ന തന്റെ പുസ്തകത്തിന്റെ ഒരു അധ്യായത്തിന്റെ ആമുഖത്തില്‍ കുറിച്ചിട്ട വാക്കുകളാണ് മേല്‍ ഉദ്ധരിച്ചത്.
എട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ് സ്‌പെയിന്‍ മുസ്‌ലിം അധീശത്വത്തിനു കീഴില്‍ വരുന്നത്. താരിഖ് ബ്‌നു സിയാദ് എന്ന ധീരപടനായകനാണ് സ്‌പെയിനിലേക്കുള്ള മുസ്‌ലിംകളുടെ വഴി തുറക്കുന്നത്. ആ നിര്‍ണായക യുദ്ധമുഖത്ത്, ശത്രുക്കളുടെ പെരുപ്പവും ആയുധക്കോപ്പുകളുടെ വിപുലതയും കണ്ട്, തന്റെ സൈനികപക്ഷത്ത് ചെറിയതോതില്‍ ഭീതിപരന്നപ്പോള്‍, അദ്ദേഹം നടത്തിയ പ്രസംഗവും ചരിത്രത്തില്‍ ഇടം പിടിച്ചതാണ്. ”അല്ലയോ എന്റെ സമൂഹമേ, നിങ്ങളുടെ മുന്നിലതാ നില്‍ക്കുന്നത് സര്‍വായുധവിഭൂഷിരിതരായ ശത്രുസൈനികരാണ്. നിങ്ങളുടെ പിന്നിലാവട്ടെ ക്ഷോഭിക്കുന്ന കടലും. അതുകൊണ്ട് ധീരതയും സ്ഥൈര്യവും വീണ്ടെടുക്കുകയല്ലാതെ ഇന്ന് നിങ്ങള്‍ക്ക് മറ്റൊരു രക്ഷയുടെ വഴിയുമില്ല.” ഇങ്ങനെ തുടങ്ങിയ പ്രസ്തുത പ്രസംഗത്തിലെ മുഴക്കമുള്ള വാക്കുകള്‍ തന്നെയായാണ് ഒരുപക്ഷേ, എട്ടു നൂറ്റാണ്ടോളം നീണ്ടുനിന്ന മുസ്‌ലിം ഭരണത്തിനു സ്‌പെയിന്റെ മണ്ണില്‍ ശിലയിടാന്‍ വഴിയെളുപ്പമാക്കിയതും പുരാതന കാലത്ത് ഐബീരിയന്‍ ഉപദ്വീപിന്റെ ഭാഗമായിരുന്ന സ്‌പെയിന്‍ റോഡെറിക് എന്ന ക്രിസ്ത്യന്‍ രാജാവില്‍നിന്നാണ് മുസ്‌ലിംകള്‍ പിടിച്ചടക്കുന്നത്. കോര്‍ദോവ സര്‍വ കാലത്തും സ്‌പെയിനിന്റെ ഹൃദയമായിരുന്നു.
റോമക്കാരുടെ കാലത്തും അഗസ്റ്റ് ചക്രവര്‍ത്തി ഇവിടെ ഭരണം നടത്തിയപ്പോഴും തുടര്‍ന്നുവന്ന ഓരോ ഭരണാധികാരികളുടെ കാലത്തും കോര്‍ദോവക്ക് സ്‌പെയിന്റെ കണ്ണായ സ്ഥാനമെന്ന പദവി നിലനിര്‍ത്താനായിട്ടുണ്ട്. എന്നാല്‍, കോര്‍ദോവയുടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത മഹിമയുടെയും മുന്നേറ്റത്തിന്റെയും തിലകക്കുറി ചാര്‍ത്തിയ കാലഘട്ടമായിട്ടാണ് മുഴുവന്‍ ചരിത്രകാരന്‍മാരും നിസ്തര്‍ക്കം എഴുതിവച്ചത്. 750 മുതല്‍ 1050 വരെയുള്ള ഈ കാലയളവില്‍ കോര്‍ദോവ മുസ്‌ലിം സ്‌പെയിനിന്റെ തലസ്ഥാന നഗരിയായിരുന്നു. ഇന്ന് ശാസ്ത്രത്തിന്റെയും നൂതന കണ്ടുപിടിത്തങ്ങളുടെയും താക്കോല്‍ കുലുക്കിക്കാട്ടി ലോകത്തോട് പല്ലിളിക്കുന്ന പാശ്ചാത്യനെയും യൂറോപ്യരെയും കടലോരത്ത് കക്ക പൊറുക്കുന്ന ജോലി നിര്‍ത്തിച്ച് വിജ്ഞാനാന്വേഷണത്തിന്റെ സാഹസിക വഴിയിലേക്ക് കടന്നുവരാന്‍ പ്രേരണയും പണിയായുധങ്ങളും പ്രത്യയശാസ്ത്രവും മധ്യകാലത്തു തന്നെ പകര്‍ന്നു നല്‍കിയ മുസ്‌ലിം പൈതൃകത്തിന്റെ അനിഷേധ്യ ഭാഗമായ മുസ്‌ലിം സ്‌പെയിന്‍ പൊതുവായും കോര്‍ദോവ പ്രത്യേകിച്ചും. ഹ്രസ്വമായി, വിശ്വസനീയമായ ചരിത്രരേഖകള്‍ ചുരുള്‍ നിവര്‍ത്തി പരിശോധിക്കുകയാണ് ഈ ലേഖനത്തിലൂടെ.
റോമക്കാര്‍ ‘കൊര്‍ദുബ’ എന്നും സ്‌പെയിനുകാര്‍ കൊര്‍ദോബ എന്നും അറബികള്‍ ഖുര്‍ഥുബ എന്നുമാണ് പ്രസ്തുത പ്രദേശത്തെ വിളിച്ചത്. ‘നല്ല നഗര’മെന്നാണ് വാക്കിന്റെ അര്‍ത്ഥം. കോര്‍ദോവയുടെ നാളിതുവരെയുള്ള ചരിത്രത്തിന്റെ താവഴികളിലൂടെ സസൂക്ഷ്മം സഞ്ചരിക്കുമ്പോള്‍ ഈ പേര് ആ നാടിനെ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുന്നു എന്നു കാണാം. ബീട്രിസ് നദിയുടെ വലത്തേ കരയില്‍, സിയറാ മൊറീനയുടെ കാല്‍ ചുവട്ടിലായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിന് തെക്കു ഭാഗത്തേക്കും വടക്കു ഭാഗത്തേക്കും പെട്ടെന്ന് സുഗമമായി കടക്കാവുന്ന ഭൂമിശാസ്ത്രപരമായ പ്രവേശന സാധ്യതയുണ്ട്. വെള്ളം, മണ്ണ്, അനുകൂല കാലാവസ്ഥ തുടങ്ങി ബഹുമുഖമായ പ്രകൃതി വിഭവങ്ങള്‍ കൊണ്ടും എക്കാലവും സമ്പന്നമായിരുന്നു കോര്‍ദോവ. ഹിറ്റിയുടെ അഭിപ്രായത്തില്‍ പക്ഷേ, ഒരൊറ്റ കാലഘട്ടത്തില്‍ മാത്രമാണ് ഈ അനന്തമായ വിഭവ സാധ്യതകളെ വേണ്ടവിധം ഉപയോഗപ്പെടുത്തപ്പെട്ടത്. അത് അറബികളുടെ ഭരണകാലത്തായിരുന്നു.
അറബ് ഭരണകാലം സമ്പൂര്‍ണമായും സ്‌പെയിനില്‍ വൈജ്ഞാനിക, സാംസ്‌കാരിക, നാഗരിക പുരോഗതിയുടെ കാലമായിരുന്നെങ്കിലും അതില്‍ തന്നെ 756 മുതല്‍ 1031 വരെ നീണ്ടുനിന്ന ഉമ്മയ്യത്ത് ഭരണകാലം പ്രത്യേകം പ്രസ്താവ്യമാണ്. ഈ കാലഘട്ടം സ്‌പെയിനിലെ തന്നെ ടോലിഡോ, ഡെവില്ല, ഗ്രാനഡ പോലോത്ത പുരോഗതി പ്രാപിച്ച നഗരങ്ങള്‍ക്ക് പോലും കിടപിടിക്കാന്‍ സാധിക്കാത്തവിധം കോര്‍ദോവ, വൈജ്ഞാനിക നാഗരിക പുരോയാനത്തിന്റെ ഉത്തുംഗതിയിലായിരുന്നു. ഹിറ്റി ഈ അഭൂതപൂര്‍വമായ നാഗരിക ഔന്നത്യത്തെ പടിഞ്ഞാറിലെ മറ്റിടങ്ങളുമായി താരതമ്യപ്പെടുത്തി വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ക്രിസ്ത്യന്‍ ഭരണകൂടങ്ങള്‍ ഇരുട്ടില്‍ തപ്പുമ്പോള്‍ മുസ്‌ലിം കോര്‍ദോവ മനുഷ്യനെ പുരോഗതിയുടെ പടികയറ്റുകയായിരുന്നു; പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തുകയും ഉന്നതമായ ഗ്രന്ഥരചനകളില്‍ ഏര്‍പ്പെടുകയുമായിരുന്നു. പുതിയ പുതിയ കെട്ടിട സമുച്ചയങ്ങള്‍ വാര്‍ത്തെടുക്കുകയും വിവിധങ്ങളായ കലാസൃഷ്ടികള്‍ക്ക് ജന്മം നല്‍കുകയായിരുന്നു. ഇതെല്ലാം കൂടിയാണ് മുസ്‌ലിം കോര്‍ദോവയെ ഉന്നതമായ നാഗരികതയായി പാകപ്പെടുത്തിയത്. ഒരര്‍ത്ഥത്തില്‍ ഇന്നു കാണുന്ന വിജ്ഞാന വിസ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ നാമ്പുകള്‍ അണപൊട്ടിയത് മധ്യകാല മുസ്‌ലിം സ്‌പെയിനിന്റെ നഗരങ്ങളില്‍നിന്നു കൂടിയാണ്. സ്‌പെയിന്റെയും കൊര്‍ദോവയുടെ വിശേഷിച്ചും അതിശയകരമായ വളര്‍ച്ചയും പുരോഗതിയും കാണുമ്പോള്‍ ആദ്യം അമ്പരപ്പോടെയും ആസൂയയോടെയുമാണ് യൂറോപ്പും പാശ്ചാത്യലോകവും വീക്ഷിച്ചത്. കാലക്രമേണ ആ നോട്ടം അംഗീകാരത്തിന്റെയും മനസ്സിലാക്കലിന്റേതുമായി. അതു അവസാനിച്ചതാവട്ടെ, സമ്പൂര്‍ണ അനുകരണത്തിലും ഒപ്പിയെടുക്കലിലും. ഈ അനുകരണ സ്വാംശീകരണ ഉദ്യമങ്ങളാണ്. പില്‍ക്കാലത്ത് അവയ്ക്ക് ശാസ്ത്ര വൈജ്ഞാനിക പുരോഗതിയുടെ കേന്ദ്രമാവാന്‍ ആവശ്യമായ ആശയപരവും വിഭവപരവുമായ അന്നം പകര്‍ന്നുനല്‍കിയത്.
മുസ്‌ലിം ഭരണ കാലഘട്ടത്തിലെ കൊര്‍ദോവയുടെ വളര്‍ച്ചയുടെ ആഴവും പരപ്പും മനസ്സിലാക്കാന്‍ അതിന്റെ മുഴുവന്‍ തലങ്ങളും ഹ്രസ്വപരിശോധനക്കെങ്കിലും വിധേയമാക്കേണ്ടതുണ്ട്. കലയുടെയും വാസ്തുവിദ്യയുടെയും ലോകത്ത് സ്‌പെയിനിന് കോര്‍ദോവയ്ക്ക് വിശേഷിച്ചും ഒരു സവിശേഷ ഇടം തന്നെയുണ്ടായിരുന്നു. സ്‌പെയിനിലെ മുസ്‌ലിം ഭരണാധികാരികളില്‍ അധിക പേരും കൃതഹസ്തരായ നിര്‍മാണ വിദഗ്ധരായിരുന്നു. ഇസ്‌ലാമിക കലയുടെ തനത് രൂപങ്ങളായ പല കലാശില്‍പങ്ങളും വാസ്തുവിദ്യകളും ഇക്കാലയളവില്‍ സ്‌പെയിനിന്റെ നഗരങ്ങളില്‍ ജന്മമെടുക്കുകയുണ്ടായി. മുസ്‌ലിം ഭരണകാലത്തിന് അറുതിവരുത്തിക്കൊണ്ട് കടന്നുവന്ന ഭരണാധിപന്‍മാരില്‍ പലരുടെയും നശീകരണ വ്യഗ്രതയാല്‍ പല അമൂല്യവാസ്തു ശില്‍പ മാതൃകകളും നാമാവശേഷമായിപ്പോയെങ്കിലും ആ അഴിഞ്ഞാട്ടങ്ങളെ മുഴുവന്‍ അതിജീവിച്ചുകൊണ്ട്, ആ പ്രതാപ കാലഘട്ടത്തിന്റെ നയനമനോഹര മുഖം അനാവൃതമാക്കി കൊണ്ട് ഇന്നും നിലനില്‍ക്കുന്ന അപൂര്‍വം ചില ചരിത്രസ്മാരകങ്ങളുമുണ്ടവിടെ. ഉമയ്യത്ത് ഭരണകാലത്ത് നിര്‍മിതമായ പ്രസിദ്ധമായ കോര്‍ദോവ പള്ളിയാണതിലൊന്ന്. മുസ്‌ലിം ഭരണകാലത്തിലെ വിവിധ ഘട്ടങ്ങളില്‍ വിവിധ രാജാക്കന്‍മാരാല്‍ കൂടുതല്‍ അലങ്കാരപ്പണികള്‍ക്കും ചേര്‍ക്കലുകള്‍ക്കും വികസന ശ്രമങ്ങള്‍ക്കും പാത്രമായ ഈ പള്ളി എന്നും സന്ദര്‍ശകരായെത്തുന്നവര്‍ക്ക് അപൂര്‍വ കാഴ്ച വിരുന്നൊരുക്കാന്‍ മതിയായതാണ്. സെവില്ലയിലെ അല്‍ മുഹമ്മദ് പള്ളിയുടെ അപൂര്‍വ മിനാരവും ഗ്രാനഡയിലെ പൂന്തോപ്പും കാലത്തെ അതിജീവിച്ചു നിലനില്‍ക്കുന്ന മുസ്‌ലിം സ്‌പെയിനിന്റെ ഓര്‍മച്ചെപ്പുകളാണ്. ഈ സ്മാരകങ്ങള്‍ക്കു പുറമെ ചില കോട്ടകളും കെട്ടിടങ്ങളുമൊക്കെ പോയകാലത്തിലെ മുസ്‌ലിം നിര്‍മാണ വിദഗ്ധരുടെ ഗരിമയും മഹിമയും പരസ്യപ്പെടുത്തിക്കൊണ്ട് തലയുയര്‍ത്തി നില്‍പ്പുണ്ടവിടെ. ഉമയ്യത്ത് ഭരണകാലത്തിന്റെ മകുടചാര്‍ത്തായിരുന്ന കൊര്‍ദോവ പള്ളി, ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന്റെ ആദ്യകാല രൂപസൗകുമാര്യതയും ആകാരഗരിമയും അനന്യതയും ഇന്നും പൂര്‍ണമായി അവശേഷിപിക്കുന്നു എന്നു പറയാനാവില്ല. കാരണം, കൊര്‍ദോവയുടെ ഭരണം മുസ്‌ലിം കരങ്ങളില്‍നിന്ന് ക്രിസ്ത്യന്‍ കരങ്ങളിലേക്കു മാറിയപ്പോള്‍ സ്വാഭാവികമായും ഈ ചരിത്രപ്രധാനമായ വാസ്തുശില്‍പം അതിന്റെ മുസ്‌ലിം പള്ളി എന്ന സ്വഭാവത്തില്‍നിന്ന് ക്രിസ്ത്യന്‍ ചര്‍ച്ച് എന്ന ഭാവത്തിലേക്കു മാറി. ഈ മാറ്റം ചിലപ്പോഴൊക്കെ അതിന്റെ കാമ്പിനെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് ചില ഭരണാധികാരികളുടെ ശ്രമഫലമായി മാറിയതായി ചില ചരിത്രകാരന്മാര്‍ പഠനം ചെയ്തിട്ടുണ്ട്.
ഇത്തരം ചരിത്രസ്മാരകങ്ങള്‍ക്കു പുറമെ കലാമിഴിവും വാസ്തുശില്‍പപരമായ തികവും പ്രകടമാക്കിയ, ഒട്ടേറെ പള്ളികളും കൊട്ടാരങ്ങളും പൂന്തോട്ടങ്ങളും ഉല്ലാസ കേന്ദ്രങ്ങളും പാലങ്ങളും റോഡുകളും പൊതുവിശ്രമ കേന്ദ്രങ്ങളും ആശുപത്രികളുമൊക്കെ മുസ്‌ലിം സ്‌പെയിനിലെ സാധാരണ കാഴ്ചയായിരുന്നു.
കൊര്‍ദോവയിലെ മറ്റൊരു വിസ്മയാവഹമായ കൊട്ടാര കാഴ്ച മദീനത്തുസഹ്‌റയാണ്. കൊര്‍ദോവയുടെ പടിഞ്ഞാറു വശത്തോട് ചേര്‍ന്ന് അബ്ദുറഹ്മാന്‍ മൂന്നാമന്‍ പണിതീര്‍ത്ത ഈ കൊട്ടാരം ലോകജനതയെ തന്നിലേക്കാകര്‍ശിപ്പിക്കാനുള്ള കൊര്‍ദോവയുടെ കാന്തിക പ്രഭാവം വര്‍ധിപ്പിക്കുന്നതിനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. യൂറോപ്പും പടിഞ്ഞാറിലെ മറ്റു നഗരങ്ങളും സ്വപ്നം കണ്ടുതുടങ്ങും മുമ്പുതന്നെ കൊര്‍ദോവയുടെ നഗരപാതകളൊക്കെ നല്ലപോലെ ചെത്തിയൊരുക്കി സഞ്ചാരയോഗ്യമായവയായിത്തീര്‍ന്നിരുന്നു. തെരുവുവിളക്കുകള്‍ പ്രകാശിതമായിരുന്നു. നദീതീരങ്ങളില്‍ ഹൃദ്യമധുരമായ താമസകേന്ദ്രങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു. തെരുവുകള്‍ മുഴുവനും വൃത്തിക്കും ഭംഗിക്കും വെടിപ്പിനും അലങ്കാരങ്ങള്‍ക്കും പേരു കേട്ടതായിരുന്നു. എന്നാല്‍, ഭാവനാ വിലാസവും ഭരണചാതുര്യവും കലാവൈഭവം സര്‍വോപരി വിശ്വാസ ആദര്‍ശ നൈര്‍മല്യവും കൈമുതലുള്ള ഭരണാധികാരികള്‍ നാടൊഴിഞ്ഞതോടെ പ്രതാപത്തിന്റെ കലാകാഴ്ചകള്‍ അസ്തമിച്ചുതുടങ്ങി. പ്രതാപകാലത്തെ അമൂല്യ കലാകേന്ദ്രങ്ങള്‍ ഒന്നൊന്നായി നിലം പൊത്താന്‍ തുടങ്ങി. മുസ്‌ലിം ഭരണകാലത്തെ ചിഹ്നങ്ങള്‍ തുടച്ചുമാറ്റാന്‍ വെമ്പല്‍കൊണ്ട പില്‍ക്കാല ഭരണാധിപരുടെ നശീകരണത്വര ഈ ദുഃഖകരമായ പരിണാമത്തിന് ആക്കം കൂട്ടി. പില്‍ക്കാലത്ത് ഈ സ്ഥലങ്ങളിലൂടെ അന്വേഷണ സഞ്ചാരം നടത്തിയ ഒരു ചരിത്രകാരന്‍ പ്രതാപകാലത്തിന്റെ ഓര്‍മകള്‍ പോലും കൂടൊഴിഞ്ഞുകൊണ്ടിരിക്കുന്ന പുതിയ സ്‌പെയിനെ നോക്കി പഴയകാലത്തെ അനുസ്മരിച്ചതിങ്ങനെയാണ്: ”കുമിഞ്ഞുകൂടികിടക്കുന്ന പഴയ കാലത്തിന്റെ നാശാവശിഷ്ടങ്ങള്‍ ഒരു പ്രേതഭൂമിയിലെത്തിയ പോലെയാണെനിക്കനുഭവപ്പെടുത്തിയത്. മുസ്‌ലിം പ്രതാപകാലത്തെ സൃഷ്ടിപരമായ ഔന്നത്യത്തിന്റെ ഉയരവും പ്രതാപാനന്തര കാലഘട്ടത്തിലെ തകര്‍ച്ചയുടെ ആഴവും ഈ ഹൃദയം തുറന്നുവച്ചുള്ള ആത്മഗതത്തിലുണ്ട്.”
മുസ്‌ലിം സ്‌പെയിനിനു പൊതുവിലും കൊര്‍ദോവയ്ക്ക് വിശേഷിച്ചും ചരിത്രത്താളുകളില്‍ സുവര്‍ണസ്ഥാനം നേടിക്കൊടുത്ത ഏറ്റവും പ്രധാനപ്പെട്ട ഘടകം, അതിന്റെ അതിശയകരമായ വൈജ്ഞാനിക വളര്‍ച്ചയും സാഹിത്യപരതയുമാണ്. ജ്ഞാനത്തിനു വേണ്ടിയുള്ള ദാഹം കൊര്‍ദോവയിലെ ജനങ്ങളുടെ വ്യക്തിപരവും സാമൂഹ്യപരവുമായ സ്വഭാവ സവിശേഷതയുടെ ഭാഗമായിരുന്നു. ജ്ഞാനതല്‍പരരായ സ്‌പെയിന്‍ മുസ്‌ലിംകളുടെ വിജ്ഞാനത്തോടുള്ള അദമ്യമായ അഭിനിവേശം അടയാളപ്പെടുത്താന്‍ പര്യപ്തമായ രസകരമായ അതേസമയം ചിന്താര്‍ഹമായ ഒരു സ്വഭാവം ചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മുസ്‌ലിം സ്‌പെയിനിലെ പണ്ഡിത പ്രതിഭകളില്‍ പ്രധാനിയായിരുന്ന യഹ്‌യബ്‌നു യഹ്‌യയെ കുറിച്ചാണ് ഈ സംഭവം. അദ്ദേഹം മദീനയില്‍ പഠനകാലത്ത്, ഗുരുനാഥന്റെ അധ്യാപനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് തെരുവിലൂടെ ഒരാന കടന്നുപോവുന്നുവെന്ന വിളിയാളം ക്ലാസ്സിലെ കുട്ടികള്‍ കേള്‍ക്കുന്നത്. അന്നാട്ടിലെ അപൂര്‍വ കാഴ്ചയായ ആനയെ കാണാന്‍ കുട്ടികളൊക്കെ പുറത്തേക്കോടി. പക്ഷേ, യഹ്‌യ തന്റെ ഇരിപ്പിടത്തില്‍നിന്ന് എണീറ്റതേയില്ല. ഇതു കണ്ട അധ്യാപകന്‍ പുറത്തുപോയി ആനയെ കണ്ട് വന്നോളൂ. സ്‌പെയിനില്‍ കാണാനൊക്കാത്ത ജീവിയല്ലേ’ എന്നു പറഞ്ഞപ്പോള്‍ യഹ്‌യയുടെ മറുപടി ഇതായിരുന്നു: ”ഞാനെന്റെ രാജ്യം വിട്ടത് നിങ്ങളെ നേരില്‍ കാണാനും നിങ്ങളുടെ ഗുരുമുഖത്തു നിന്ന് വിദ്യയഭ്യസിക്കാനുമാണ്. ആനയെ കാണാനല്ല.” ഈ അത്ഭുതകരമായ മറുപടി കേട്ട് ഗുരുഏറെ ചിന്തിക്കുകയും അത് മുതല്‍ യഹ്‌യയെ സ്‌പെയിനിന്റെ ബുദ്ധിമാന്‍” എന്നു വിളിക്കാന്‍ തുടങ്ങുകയും ചെയ്തു.
വിജ്ഞാനത്തിന്റെ മുഴുവന്‍ മേഖലയിലും കൊര്‍ദോവ നല്‍കിയ സംഭാവന അതിബഹുലമാണ്. മുസ്‌ലിം സ്‌പെയിനിലെ സാക്ഷരതയെക്കുറിച്ച് ചരിത്രകാരമായ ഡോസിയും നിക്കള്‍സനുമൊക്കെ കുറിച്ചിട്ടത്. മുസ്‌ലിം സ്‌പെയിനില്‍ മുഴുവന്‍ ആളുകളും വായിക്കാനും എഴുതാനും അറിയുന്നവരായിരുന്നുവെന്നാണ്. മറ്റൊരു രാജ്യത്തുമില്ലാത്തവണ്ണം പ്രാഥമിക തലം മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യം ഈ നിരീക്ഷണത്തെ അരക്കിട്ടുറപ്പിക്കാന്‍ പോന്നതാണ്. പൊതുവെ സഞ്ചാരികളായിരുന്നു സ്‌പെയിനിലെ പണ്ഡിതന്‍മാര്‍. പുണ്യപ്രവാചക വചനങ്ങളില്‍നിന്ന് ഉള്‍ക്കൊണ്ട ജ്ഞാനപ്രേരണകളാവാം ജ്ഞാനമുത്തുകള്‍ അന്വേഷിച്ച് ഉള്ളിടത്തൊക്കെ എത്തിപ്പെടാന്‍ സ്‌പെയിന്‍ മുസ്‌ലിംകളെപ്രേരിപ്പിച്ച ഉത്തേജനം. അതുകൊണ്ടു തന്നെ കിഴക്കു വിരചിതമാവുന്ന വൈജ്ഞാനിക ഗ്രന്ഥങ്ങളൊക്കെ ഒട്ടും വൈകാതെ സ്‌പെയിനിലുമെത്തി. ഇവിടത്തെ മറ്റൊരു പ്രത്യേക മറ്റുപല സംസ്‌കാരങ്ങളിലും നാഗരികതകളിലും കണ്ടപോലെ വിജ്ഞാനം ഏതെങ്കിലുമൊരു വിഭാഗത്തിന് സ്വന്തമായിരുന്നില്ല. സമൂഹത്തിലെ മുഴുവന്‍ തുറകളിലുമുള്ളവര്‍ക്ക് ഒരേ പോലെ പ്രാപ്യമായിരുന്നു ഇവിടെ വിജ്ഞാനത്തിന്റെ ഇടങ്ങള്‍ മുഴുക്കെ.
ഇസ്‌ലാമിന്റെ വിശ്വാസ-കര്‍മശാസ്ത്രങ്ങള്‍ക്കു പുറമെ, കണക്ക്, ഗോളശാസ്ത്രം, തത്വശാസ്ത്രം തുടങ്ങി വിജ്ഞാനത്തിന്റെ നാനാമേഖലകളിലും അനിഷേധ്യ മുദ്രയാണ് മുസ്‌ലിം കൊര്‍ദോവ പതിപ്പിച്ചത്. ലോകം വിജ്ഞാനത്തിന്റെ ഓരോ ശാഖകളിലും ആദരവോടും അംഗീകാരത്തോടും കൂടി ഓര്‍ക്കുന്ന പല ഗ്രന്ഥങ്ങളും ഗ്രന്ഥകാരന്മാരും പണ്ഡിതപ്രതിഭകളും യഥാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മുസ്‌ലിം സ്‌പെയിനിന്റെ വിശേഷിപ്പിച്ചും മുസ്‌ലിം കൊര്‍ദോവയുടെ സന്തതികളാണെന്ന് കാണാം. ഒരേ സമയം വൈദ്യനും തത്വചിന്തകനും ശാസ്ത്രകാരനുമായ അബ്ദുല്‍ വലീദ് മുഹമ്മദ് ഇബ്‌നു റുഷ്ദ് (അവിറോസ്) കൊര്‍ദോവയുടെ സന്തതിയാണ്. യൂറോപ്പിനും പാശ്ചാത്യ ലോകത്തിനും വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ വെളിപാട് നല്‍കിയ ചിരകാല പ്രശസ്തമായ വൈദ്യശാസ്ത്ര ഗ്രന്ഥം ‘അല്‍ കുല്ലിയാത്തു ഫിഥിബ്’ അദ്ദേഹത്തിന്റെ രചനയാണ്. മണലില്‍നിന്ന് ഗ്രാസ് നിര്‍മിക്കുന്നതുപോലോത്ത അനവധി നൂതന കണ്ടുപിടിത്തങ്ങള്‍ നടത്തിയ, ഇബ്‌നു ഫര്‍നാസ് പ്രധാനപ്പെട്ടൊരു വാന നിരീക്ഷണമായിരുന്നു. അല്‍ ഗാഫിഖിയും അബൂജഅ്ഫര്‍ അഹ്മദുബ്‌നു മുഹമ്മദും സസ്യശാസ്ത്ര ഗവേഷണ ലോകത്തേക്ക് കൊര്‍ദോവ സംഭാവന ചെയ്ത കുലപതികളായിരുന്നു. വൈദ്യശാസ്ത്രത്തിന്റെ ബഹുമുഖ മേഖലകളില്‍ കനപ്പെട്ട സംഭാവനകളര്‍പ്പിച്ച അനവധി വിദഗ്ധ ജന്മങ്ങള്‍ക്കു സാക്ഷിയാവാന്‍ കൊര്‍ദോവയ്ക്ക് സാധിച്ചിട്ടുണ്ട്.
സാഹിത്യരചനാ മണ്ഡലത്തിലും അനല്‍പമായ ഇടമാണ് സ്‌പെയിനും കൊര്‍ദോവയ്ക്ക് വിശേഷിച്ചുമുള്ളത്. സാഹിത്യ മണ്ഡലത്തില്‍ നിത്യസ്മരണീയമായ ഒരു പേര് ‘ഇഖ്ദുല്‍ ഫരീദ്’ എന്ന വിഖ്യാത അറബി സാഹിത്യചരിത്രത്തിന്റെ രചയിതാവായ ഇബ്‌നു അബ്ദിറബിഹി ആണ്. സ്‌പെയിനിലെ ഏറ്റവും വലിയ പണ്ഡിതനായ മൗലിക ചിന്തയുടെ ഉടമയായിരുന്നു അലി ഇബ്‌നു ഹസ്മ്. ഒട്ടേറെ കവികളെയും ഈ ഭൂമിക സംഭാവന ചെയ്തിട്ടുണ്ട്. അവരില്‍ വലീദ് അഹ്മദ് സൈദൂനാണ് ഏറ്റവും വിഖ്യാതനായ കവിയായി ഗണിക്കപ്പെടുന്നത്. നൂതനമായ പല കാവ്യരീതികളും ശൈലികളും നാടന്‍ ശീലുകളുമൊക്കെ ഇവിടുത്തെ കവിശ്രേഷ്ടരുടെ ഭാവനാ വിലാസത്തില്‍നിന്ന് പൂവിടരുകയും മറ്റിടങ്ങളിലെ സാഹിത്യകാരന്‍മാരെ ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. സ്‌പെയിനില്‍ രൂപപ്പെട്ട ‘സല്‍സാല്‍’, ‘മവഷ്പഹ’ തുടങ്ങിയ കാവ്യരൂപകങ്ങള്‍ കടം കൊണ്ട് ക്രിസ്ത്യന്‍ കാവ്യലോകം രൂപപ്പെടുത്തിയ ‘വില്ലന്‍ സികോ’ കാവ്യമാതൃക ഇതിന് ഒന്നാന്തരം ഉദാഹരണമാണ്. ചരിത്ര രചനാ മേഖലയിലും കൊര്‍ദോവയ്ക്ക് തുല്യതയില്ലാത്ത ഇടമുണ്ട്. വിശ്വചരിത്രകാരനായ ഇബ്‌നു ഖുതൈബ് കൊര്‍ദോവയിലാണു ജനിച്ചതും ജ്ഞാന ചക്രവാളത്തിന്റെ ഉന്നത സീമകളിലേക്ക് വളര്‍ന്നതും. അദ്ദേഹത്തിന്റെ ‘താരീഖ് ഇഫ്തിത്താഹു അന്‍ദുലുസ്’ ലോക പ്രശസ്തമാണ്. കൊര്‍ദോവയുടെ ജീവചരിത്രകാരന്‍മാരില്‍ പ്രധാനിയാണ് മുഹമ്മദ് ബ്‌നുല്‍ ഫാറാദി. കിതാബുല്‍ ഇബറിന്റെ ആമുഖ കൃതിയിലൂടെ ലോകം മുഴുക്കെ പ്രശസ്തി നേടിയ ഇബ്‌ന് ഖല്‍ദൂന്‍ സ്‌പെയിനിന്റെ സന്തതിയാണ്. ലോകത്തിന് ആധികാരികമായ ചരിത്ര രേഖകള്‍ സമ്മാനിച്ച പല സഞ്ചാര സാഹിത്യകാരന്‍മാരും ഭൂമിശാസ്ത്രജ്ഞന്‍മാരും കൊര്‍ദോവയുടെ വൈജ്ഞാനിക ഭൂമണ്ഡലത്തില്‍നിന്നുയര്‍ന്നുവന്നിട്ടുണ്ട്.
തത്വചിന്തയും സൂഫി ചിന്തകളും മുസ്‌ലിം സ്‌പെയിനില്‍ അതിന്റെ പാരമ്യതയില്‍ തന്നെ എത്തിയതായി കാണാം. ”ഇസ്‌ലാമിക സൂഫിസത്തിന്റെ ഏക്കാലത്തെയും ധൈഷണിക പ്രതിഭ” എന്ന് ഫിലിപ് കെ. ഹിറ്റി വിശേഷിപ്പിച്ച അല്ലാമാ മുഹയിദ്ദീനുബ്‌നു അറബി മുസ്‌ലിം സ്‌പെയിനിന്റെ മണ്ണിലാണ് തന്റെ ആധ്യാത്മ ചിന്തയുടെ അതിഗംഭീരമായ അടിത്തറ പാകുന്നത്. ലോകം അത്ഭുതത്തോടെ താലോലിക്കുന്ന ഖുര്‍ആന്റെ ആധ്യാത്മിക ധാരയിലെഴുതപ്പെട്ട വ്യാഖ്യാനമടക്കം ഒട്ടേറെ തസ്വവ്വുഫ് വിജ്ഞാനീയ ഗ്രന്ഥങ്ങള്‍ രചന നടത്തിയ അല്ലാമ ഇബ്‌നു അറബിയുടെ ഇടം മാത്രം മതി. മുസ്‌ലിം സ്‌പെയിനിനു പറയാനുള്ള ആധ്യാത്മിക ഔന്നത്യത്തിന്റെ ആഴം മനസ്സിലാക്കാന്‍. മുസ്‌ലിം സ്‌പെയിനിന്റെ വിജ്ഞാനത്തോടും സാഹിത്യത്തോടുമുള്ള അടങ്ങാത്ത താല്‍പര്യം അടയാളപ്പെടുത്തുന്ന ഇടമാണ് അവിടെ തഴച്ചുവളര്‍ന്ന ലൈബ്രറികള്‍. കൊര്‍ദോവയിലെ വിഖ്യാതമായ ഗ്രന്ഥാലയം ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. മുഹമ്മദ് ഒന്നാമന്‍ ആരംഭിക്കുകയും അബ്ദുറഹ്മാന്‍ മൂന്നാമന്‍ വിപുലപ്പെടുത്തുകയും ചെയ്ത ഈ ശ്രദ്ധേയമായ പുസ്തകശാല അതിന്റെ സമ്പൂര്‍ണ ഗരിമ കൈവരിച്ചത് അല്‍ ഹക്കം രണ്ടാമന്‍ തന്റെ അമൂല്യശേഖരങ്ങള്‍ കൂടി ചേര്‍ത്തു വിപുലപ്പെടുത്തിയപ്പോഴാണ്. പാശ്ചാത്യ ലോകത്തെ ഏറ്റവും പേരുകേട്ട ഒരു ഗ്രന്ഥാലയത്തില്‍ വെറും 192 പുസ്തകങ്ങള്‍ മാത്രമുണ്ടായിരുന്നപ്പോള്‍ അല്‍ ഹക്കമിന്റെ ഈ അപൂര്‍വ ഗ്രന്ഥനിധിയില്‍ നാല് ലക്ഷം പുസ്തകങ്ങളാണത്രെ ഉണ്ടായിരുന്നത്.
വൈജ്ഞാനിക അഭ്യുന്നതിയുടെയും കലാവൈഭവത്തിന്റെയും ഭരണനൈപുണ്യത്തിന്റെയും പാരമ്യതയില്‍ നൂറ്റാണ്ടുകള്‍ വാണരുളിയ സ്‌പെയിനും അതിന്റെ സംസ്ഥാന നഗരി കൊര്‍ദോവയും പക്ഷേ ഒരു നാള്‍ വന്‍പടയുമായി കുതിച്ചെത്തിയ ക്രിസ്ത്യന്‍ രാജാവിനു മുമ്പില്‍ ദയനീയമായി അടിയറവ് പറഞ്ഞു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് സമുദ്രം കണക്കെ ഒഴുകിയെത്തിയ ക്രിസ്ത്യന്‍ വന്‍പടയെ തോറ്റുപോകാത്ത ഇച്ഛാശക്തി കൊണ്ടും ആദര്‍ശ മാഹാത്മ്യം കെണ്ടും കെട്ടുകെട്ടിച്ച താരീഖു ബനൂസിയാദിന്റെ പിന്‍മുറക്കാര്‍ക്ക് ഇവിടെ അടിയറവ് പറയേണ്ടിവന്നതിന്റെ കാരണങ്ങള്‍ പുതിയ കാലത്തെ മുസ്‌ലിംകള്‍ക്കും പാഠമാവേണ്ടതാണ്. ആദര്‍ശനിഷ്ടയും ഇലാഹീ ഭക്തിയും വിശ്വാസിയുടെ കൂടപ്പിറപ്പായി ഏക്കാലവും അവനോടൊപ്പമുണ്ടാവണം. സംസ്‌കാരവും ജനതയും ഉയര്‍ച്ചിയില്‍ നിന്നും തകര്‍ച്ചയിലേക്ക് നീങ്ങാനിടയാക്കുന്ന പ്രേരകങ്ങള്‍, സ്‌പെയിനിലെ ചരിത്രകാരന്‍ ഇബ്‌നുഖല്‍ദൂന്‍ തന്നെ ലോകത്തെ തെര്യപ്പെടുത്തിയിട്ടുണ്ട്. ഭൗതികഭ്രമം മനുഷ്യനില്‍ അലസത വളര്‍ത്തും. ഈ അലസത നിഷ്‌ക്രിയത്വത്തിലേക്കും നിഷ്‌ക്രിയത്വം പരാജയത്തിലേക്കും വഴിതെളിക്കും. കൊര്‍ദോവയുടെ ഉത്ഥാനപതനങ്ങളില്‍നിന്ന് വിശ്വാസി ഊറ്റിയെടുക്കേണ്ട പാഠമതാണ്. വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനെ തിരിച്ചെടുക്കാനാവാണം നമ്മുടെ ഓരോ ശ്വാസവും ഓരോ നീക്കവും. ഇങ്ങനെയുള്ളൊരു ചിന്തയും കാഴ്ചപ്പാടും ലോകത്തിന്റെ വിവിധ കോണില്‍ അധിവസിക്കുന്ന മുസ്‌ലിം വിശ്വാസികളൊക്കെ ഹൃദയത്തിനകത്ത് രൂപപ്പെടുത്തുകയും അത് കര്‍മപഥത്തിലേക്ക് പകര്‍ത്താന്‍ ഒരുക്കമാവുകയും ചെയ്താല്‍ മുസ്‌ലിംകളധിവസിക്കുന്ന ഭൂമിയിലെ ഓരോ ഇടവും പുതിയ കാലഘട്ടത്തിലെ കൊര്‍ദോവകളായി രൂപാന്തരപ്പെടാന്‍ അധിക കാലം വേണ്ടിവരില്ല. എന്നാല്‍ അങ്ങനെയൊക്കെ രചനാത്മക ചിന്ത മുസ്‌ലിം മനസ്സുകളില്‍ നാമ്പിടാന്‍ ഇനിയും എത്രനാള്‍ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം.

Thursday, 16 March 2017

JUNIOR INSTRUCTOR - MECHANIC REFRIGERATION AND AIR CONDITIONING - INDUSTRIAL TRAINING

ഗസ്സയും ഖുദ്‌സും ജ്ഞാന പ്രൗഢിയുടെ കഥ പറയുന്നു


     qudus

ലോക മുസ്‌ലിങ്ങളുടെ ജീവിതവുമായും വിശ്വാസവുമായും ഫലസ്തീന്‍ ബന്ധപ്പെട്ടുകിടക്കുന്നു. ചരിത്രങ്ങളും നാഗരികതകളും ഒരുപാട് കണ്ട മണ്ണ്. മുസ്‌ലിങ്ങളുടെ ഒന്നാമത്തെ ഖിബ്‌ലയും രണ്ടാമത്തെ മസ്ജിദുമായ മസ്ജിദുല്‍ അഖ്‌സ്വയുടെ സാന്നിധ്യം സമ്പന്നമാക്കിയ ഭൂമിക. ഈ വിശുദ്ധ ദേശവും നമ്മളും തമ്മിലുള്ള ബന്ധം നിരന്തരം ഓര്‍മിപ്പിക്കാനും ഉണര്‍ത്താനുമാണ് അവിടുത്തെ അത്തിപ്പഴവും ഒലീവും മക്കയും പറഞ്ഞ് അല്ലാഹു സത്യം ചെയ്തത്- ”അത്തിയും ഒലീവും സാക്ഷി, സീനാ മല സാക്ഷി, നിര്‍ഭയമായ ഈ മക്കാ നഗരവും സാക്ഷി.” (സൂറത്തുത്തീന്‍ 1-3) ഇന്ന് ലോകത്തിലെ ഏറ്റവും കലുഷമായ മണ്ണാണ് ഫലസ്തീന്റേതെങ്കില്‍ സംവല്‍സരങ്ങള്‍ക്കപ്പുറം സംസ്‌കാരവും നാഗരികതയും വിദ്യയും അവിടെ വസന്തങ്ങള്‍ തീര്‍ത്തിരുന്നു.
ലോകരിലെ ഏറ്റവും മഹോന്നതരായ നിഷ്‌കളങ്കരുടെ ജീവിതങ്ങളാണ് ഫലസ്തീന്റെ മണ്ണിനെ പാവനമാക്കിയത്. ഇബ്‌റാഹീം(അ), ഇസ്ഹാഖ്(അ), യഅ്ഖൂബ്(അ), യൂസുഫ്(അ), ശുഐബ്(അ), ലൂഥ്(അ), യൂഷഅ്(അ), ദാവൂദ്(അ), സുലൈമാന്‍(അ), സകരിയ്യ(അ), യഹ്‌യ(അ) തുടങ്ങിയ പ്രവാചകന്‍മാരുടെയൊക്കെ പ്രബോധന മേഖലകളില്‍ ഫലസ്തീനുമുണ്ടായിരുന്നു. ഇവരില്‍ ആദ്യത്തെ അഞ്ചുപേര്‍ അന്ത്യവിശ്രമം കൊള്ളുന്നതും ഈ മണ്ണിനു താഴെയാണ്. ഇവരുടെ സ്മൃതികളില്‍ ജീവിച്ച ഫലസ്തീനില്‍ വിദ്യയുടെയും നാഗരികതകളുടെയും എടുപ്പുകളുയര്‍ന്നു. ഖുദ്‌സ്, ഗസ, റാമല്ല, നാബുല്‍സ, ത്വബ്‌രിയ്യ, അരീഹ, ഹിത്തീന്‍ തുടങ്ങിയ പട്ടണങ്ങളില്‍ അറിവും അറിവുള്ളവരും നിറഞ്ഞു ജീവിച്ചിരുന്നു.
ഇന്ന് ഇസ്രയേലിന്റെ ബോംബര്‍ വിമാനങ്ങള്‍ രക്തം വര്‍ഷിക്കുന്ന നാടുകളായി നമ്മള്‍ കേള്‍ക്കുന്ന ഈ പട്ടണങ്ങളുടെ തിളക്കമാര്‍ന്ന ഗതകാല ഓര്‍മകള്‍ സന്തോഷവും അതിലേറെ സങ്കടവും തരുന്നു.
അറിവും അറിവുള്ളവരും ജീവിച്ച ഖുദ്‌സ്
     ലോകത്തിലെ ഏറ്റവും പുരാതന പട്ടണങ്ങളിലൊന്നാണ് ഖുദ്‌സ്. മസ്ജിദുല്‍ അഖ്‌സ്വ തന്നെ ഖുദ്‌സിന്റെ സര്‍വസ്വവും. തിരുമേനി(സ്വ)യുടെ രാപ്രയാണം കൊണ്ട് ധന്യമായ മസ്ജിദുല്‍ അഖ്‌സ്വ 16 മാസത്തോളം ലോക മുസ്‌ലിങ്ങളുടെ ഖിബ്‌ലയുമായിരുന്നു. അവിടം സന്ദര്‍ശിക്കുന്നതും നിസ്‌കരിക്കുന്നതും റസൂല്‍(സ്വ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്- ”അത് മഹ്ശറിന്റെയും പുനരുത്ഥാനത്തിന്റെയും ഭൂമികയാണ്. അതിലെ നിസ്‌കാരത്തിന് ആയിരമിരട്ടി പ്രതിഫലമുണ്ട്.” ”ആര്‍ക്കെങ്കിലും അതിനു സാധിച്ചില്ലെങ്കിലോ?” നബി(സ്വ) പറഞ്ഞു: ”അവന്‍ അതിലേക്ക് കത്തിക്കാനുള്ള ഒലീവ് എണ്ണ ദാനമായി നല്‍കട്ടെ. ഒലീവെണ്ണ ദാനം നല്‍കിയവന്‍ അവിടെ പോയവനു തുല്യമാണ്.”
     ഖലീഫ ഉമര്‍(റ)വിന്റെ കാലത്താണ് മുസ്‌ലിങ്ങള്‍ ഖുദ്‌സ് കീഴടക്കിയത്. മസ്ജിദുല്‍ അഖ്‌സ്വ അന്വേഷിച്ചു നടന്ന ഉമര്‍(റ) അതു കാണാന്‍ കഴിയാതെ വന്നപ്പോള്‍ അവിടുത്തെ പാര്‍ത്രിയാര്‍ക്കീസിനോട് തിരക്കി: ”യഹൂദര്‍ വിശുദ്ധി കല്‍പ്പിക്കുന്ന ദേവാലയമാണോ?” എന്ന് ചോദിച്ച പാത്രിയാര്‍ക്കീസിനോട് ‘അതെ’ എന്ന് ഉമര്‍(റ)വിന്റെ മറുപടി. പാര്‍ത്രിയാര്‍ക്കീസ് സ്ഥലം കാണിച്ചുകൊടുത്തു. ചപ്പുചവറുകള്‍ തള്ളാനുള്ള സ്ഥലമായി ക്രിസ്ത്യാനികള്‍ അതിനെ മാറ്റിയിരുന്നു. മുണ്ടു മുറുക്കി ഉമര്‍(റ) അവിടം വൃത്തിയാക്കാന്‍ ആരംഭിച്ചു. സേനയും അനുയായികളും അദ്ദേഹത്തോട് കൂട്ടുചേര്‍ന്നു. ശേഷം രണ്ടു റക്അത്ത് നിസ്‌കരിച്ച് അഖ്‌സ്വയുടെ പുനര്‍നിര്‍മാണത്തിന് ഉത്തരവിട്ടു. അങ്ങനെ ഇസ്‌ലാമിക സംസ്‌കൃതിയിലൂടെ ഖുദ്‌സിന്റെ നാഗരിക വൈജ്ഞാനിക വളര്‍ച്ചയ്ക്ക് ആരംഭംകുറിക്കപ്പെട്ടു.
     ജൂതന്‍മാര്‍ ഖുദ്‌സില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളോ നാഗരിക സംഭാവനകളോ ഒന്നും ചെയ്തില്ല. മുസ്‌ലിങ്ങള്‍ കീഴടക്കിയതോടെ ഖുദ്‌സിലേക്കു പണ്ഡിതരും സാത്വികരും ഒഴുകിത്തുടങ്ങി. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) ഹജ്ജിന് ഇഹ്‌റാം കെട്ടാന്‍ ഖുദ്‌സില്‍ വന്നു. ഉബാദത്തുബ്‌നു സ്വാമിത്(റ), ശദ്ദാദ് ബ്‌നു ഔസ്(റ), ഫൈറൂസു ദ്ദൈലമി(റ), ദിഹ്‌യതുല്‍ കല്‍ബി(റ), അബ്ദുറഹ്മാന്‍ ബിന്‍ തമീമില്‍ അശ്അരി(റ), ഔസ്ബിന്‍ സ്വാമിത(റ) തുടങ്ങിയ തിരുമേനി(സ്വ)യുടെ ശിഷ്യന്‍മാര്‍ ഖുദ്‌സില്‍ വന്ന് വൈജ്ഞാനിക പ്രസരണവും പ്രബോധന പ്രവര്‍ത്തനങ്ങളും നടത്തി. മാലിക് ബിന്‍ ദീനാറുല്‍ ഔസഈ(റ), സുഫ്‌യാനുസൗരി(റ), ഇബ്‌നു ശിഹാബി സുഹ്‌രി(റ) തുടങ്ങിയ താബിഈ പ്രമുഖരും ഖുദ്‌സില്‍ വന്നു താമസിച്ചിട്ടുണ്ട്.
ഖുലഫാഉ റാശിദീന്റെ ഭരണ കാലഘട്ടത്തിനു ശേഷം അമവീ കാലഘട്ടത്തില്‍ മസ്ജിദുല്‍ അഖ്‌സ്വ പുനര്‍ നിര്‍മിക്കപ്പെട്ടു. അമവികളിലെ അഞ്ചാം ഖലീഫ അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ (65-86) ആരംഭിച്ച പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുത്രന്‍ അല്‍ വലീദ് (86-96) മുഴുമിപ്പിച്ചു. ഖുബ്ബതുസ്വഖ്‌റയുടെ നിര്‍മാണത്തിനു മാത്രം ഈജിപ്തിലെ എട്ടു വര്‍ഷത്തെ നികുതിപ്പണം ചെലവഴിക്കപ്പെട്ടുവെന്ന് ചരിത്രത്തില്‍ കാണാം. നിരവധി നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളിലൂടെ അബ്ദുല്‍ മലികും വലീദുമാണ് മസ്ജിദുല്‍ അഖ്‌സ്വക്ക് ഇന്നത്തെ മുഖം നല്‍കിയത്. സുലൈമാന്‍ ബിന്‍ അബ്ദില്‍ മലിക് സാമ്രാജ്യത്തിന്റെ തലസ്ഥാനം ഖുദ്‌സിലേക്കോ റാമല്ലയിലേക്കോ മാറ്റണമെന്ന ധീരമായ തീരുമാനം കൈക്കൊണ്ടെങ്കിലും സംഭവിച്ചില്ല. അമവി ഭരണകൂടം പറയത്തക്ക വൈജ്ഞാനിക സംഭാവനകളൊന്നും നടത്തിയിട്ടില്ല.
ഹിജ്‌റ 359ല്‍ ഫാത്വിമികളുടെ കാലത്ത് ഖുദ്‌സ് നാഗരിക വികാസം പ്രാപിച്ചു. ശീഈ ചിന്താഗതികള്‍ പ്രസരണം ചെയ്യാന്‍ പാഠശാലകളും വൈജ്ഞാനിക സദസ്സുകളും അവര്‍ സംഘടിപ്പിച്ചു. ദാറുല്‍ ഉലൂമില്‍ ഫാത്വിമിയ്യ ഇത്തരം പാഠശാലകളിലൊന്നാണ്. ഫാത്വിമികള്‍ ഖുദ്‌സില്‍ ആതുരാലയങ്ങള്‍ പണികഴിപ്പിച്ചു. ഇവയില്‍ ബീമാരിസാതാനെ (ഹോസ്പിറ്റല്‍) ഫാത്വിമിയ്യ പ്രസിദ്ധമാണ്. ഭിശഗ്വരന്‍മാര്‍ക്ക് ശമ്പളം നല്‍കിയിരുന്നത് വഖ്ഫ് സ്വത്തില്‍നിന്നായിരുന്നു. വിദഗ്ധരായ ഡോക്ടര്‍മാരും കലാകാരന്‍മാരും ശില്‍പികളും അന്ന് ഖുദ്‌സില്‍ താമസമാക്കി.
     ഇടക്കാലത്ത് കുരിശ് സൈന്യം ഖുദ്‌സ് കീഴടക്കിയെങ്കിലും ഖുദ്‌സിന്റെ വിമോചകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ വിശ്വവിജയത്തോടെ ഖുദ്‌സില്‍ വീണ്ടും വൈജ്ഞാനിക-സാംസ്‌കാരിക നേട്ടങ്ങളുടെ സുവര്‍ണ നാളുകള്‍ ഉദിച്ചു. ഫാത്വിമികള്‍ നിര്‍മിച്ച ശീഈ ചിന്താധാരകള്‍ പ്രസരണം ചെയ്യാനുള്ള മദ്‌റസകളും സദസ്സുകളും സ്വലാഹുദ്ദീന്‍ അയ്യൂബി നിര്‍ത്തലാക്കി. ശീഈ ഖാളിരിമാരെ നീക്കംചെയ്യുകയും ഫാത്വിമി ഭരണാധികാരികള്‍ക്കുള്ള ജുമുഅയിലെ പ്രാര്‍ത്ഥന നിരോധിക്കുകയും ചെയ്തു. സുന്നി ആദര്‍ശത്തിലധിഷ്ഠിതമായ വിദ്യാകേന്ദ്രങ്ങള്‍ ഖുദ്‌സില്‍ തലപൊക്കി. സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കാലത്തോടെയാണ് ഖുദ്‌സില്‍ ദ്രുതഗതിയിലുള്ള വൈജ്ഞാനിക വളര്‍ച്ച സംഭവിക്കുന്നത്. ശാഫിഈ ഇമാമിന്റെ ഖബ്‌റിനരികെയുള്ള മദ്‌റസത്തുല്‍ മന്‍ഷഅ, ഖുദ്‌സിലെ മദ്‌റസതുല്‍ സ്വലാഹിയ്യ, മദ്‌റസതുല്‍ ഖുന്‍സനിയ്യ, മദ്‌റസതുല്‍ മൈമൂനിയ്യ തുടങ്ങിയ നിരവധി വിദ്യാലയങ്ങള്‍ സ്വലാഹുദ്ദീന്‍ പണികഴിപ്പിച്ചു. കോട്ടകളും പള്ളികളും ആസ്പത്രികളുമുണ്ടായി. സ്വൂഫി പര്‍ണശാലകള്‍ സ്ഥാപിക്കപ്പെട്ടു. അവിടെ വൈജ്ഞാനിക ചര്‍ച്ചകള്‍ അരങ്ങേറി. ഈ മദ്‌റസയുടെയൊക്കെ നടത്തിപ്പിന് സ്വത്തുക്കള്‍ സ്വലാഹുദ്ദീന്‍ അയ്യൂബി വഖ്ഫ് ചെയ്തു. പഠന സദസ്സുകള്‍ (ഹല്‍ഖാത്) പലതും പിന്നീട് സ്വതന്ത്ര സ്ഥാപനങ്ങളായി വികസിച്ചു.
     കുരിശ് അധിനിവേശ കാലത്ത് നിലച്ച ഖുദ്‌സിലേക്കുള്ള പണ്ഡിതരുടെയും സ്വൂഫിവര്യന്‍മാരുടെയും ഒഴുക്ക് സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ഖുദ്‌സ് വിമോചനത്തിനു ശഷം പതിന്‍മടങ്ങായി. അയ്യൂബി ബൈതുല്‍ മുഖദ്ദസില്‍ സ്ഥിരം ഇമാമിനെ നിയമിക്കുകയും മദ്‌റസകളില്‍ മാനേജര്‍(മുദീര്‍)മാരെ നിശ്ചയിക്കുകയും ചെയ്തു. അവര്‍ക്കെല്ലാം വഖ്ഫ് സ്വത്തുക്കളില്‍ നിന്ന് ശമ്പളം നല്‍കി. സൂഫീ ഖാന്‍ഖാഹുകളും (സത്രങ്ങള്‍) സാമിയകളും (പള്ളിയുടെ ചെരുവുകള്‍) സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കാലത്ത് വിദ്യയുടെ സ്രോതസ്സുകളായി വളര്‍ന്നു. ഖാന്‍ഖാഹു സ്വലാഹിയ്യയും സാവിയതു ഖുത്‌നിയ്യയും അവയില്‍ പ്രധാനപ്പെട്ടവയാണ്.
     വൈജ്ഞാനിക രംഗത്ത് ആദ്യനൂറ്റാണ്ടുകളിലെ മന്ദീഭാവത്തിനും പിന്നീട് സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കാലത്തു കണ്ട വളര്‍ച്ചയ്ക്കും ശേഷം മംലൂക്കുകള്‍ ഭരണം കൊണ്ട ഹിജ്‌റ ആറാം നൂറ്റാണ്ടു കാലത്ത് ഖുദ്‌സ് നാഗരികതയുടെയും വിദ്യയുടെയും പരകോടിയില്‍ നിലകൊണ്ടു. മംലൂക്കുകള്‍ ധാരാളം വിദ്യാലയങ്ങള്‍ പണിതു. അക്കാലത്തെ ഏറ്റവും മനോഹരമായ വാസ്തുശില്‍പ ചാരുതയിലാണ് വിദ്യാലയങ്ങളൊക്കെ നിര്‍മിച്ചത്. അധ്യാപനത്തിനും പ്രാര്‍ത്ഥനയ്ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്ന അല്‍പം ഉയര്‍ന്ന, കല്ലുവച്ച് പണിത മസ്ബതകള്‍ (തിണ്ണകള്‍) ബൈതുല്‍ മുഖദ്ദസില്‍ നിലനിന്നിരുന്നു. മസ്ബതതുള്ളാഹിരി (795 ഹിജ്‌റ), മസ്ബതതുല്‍ ബുസൈ്വരി (800 ഹിജ്‌റ) തുടങ്ങിയവ അക്കാലത്തെ പ്രസിദ്ധ മസ്ബത കളാണ്.
മംലൂക്ക് കാലഘട്ടത്തില്‍ ഇസ്‌ലാമിക ലോകത്തെ മൂന്നാമത്തെ പ്രധാന പട്ടണമായി ഖുദ്‌സ് വളര്‍ന്നു. നൂറുകണക്കിന് പണ്ഡിതരും പ്രബോധകരും ഫുഖഹാഉം മുഹദ്ദിസീങ്ങളും ഖാസിമാരും ഖുദ്‌സിലേക്ക് ഒഴുകിയെത്തി. ഖുദ്‌സ് വൈജ്ഞാനിക കേന്ദ്രമായി പ്രാജ്ജ്വലിച്ചു.
     മൊറോക്കോ, സ്‌പെയിന്‍, ഇറാഖ്, ഇറാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പണ്ഡിതരൊക്കെ ഖുദ്‌സില്‍ സമ്മേളിച്ചു. അമ്പതോളം മദ്‌റസകളും 12 പര്‍ണശാലകളും 40 സാവിയകളും മംലൂക്ക് കാലഘട്ടത്തില്‍ ഖുദ്‌സില്‍ വിദ്യയുടെ വെളിച്ചം പരത്തി.
     മംലൂക്കുകള്‍ക്കു ശേഷം അവസാന മുസ്‌ലിം ഭരണ സാമ്രാജ്യമായ ഉസ്മാനികളുടെ കാലത്തും ഖുദ്‌സില്‍ വൈജ്ഞാനിക മുന്നേറ്റങ്ങള്‍ നടന്നു. 1263ല്‍ ഒട്ടോമന്‍ സാമ്രാജ്യം വിദ്യാഭ്യാസ പരിഷ്‌കരണ നിയമം കൊണ്ടുവന്നു. പ്രധാനമായും സുലൈമാനുല്‍ ഖാനൂനിയുടെ കാലത്ത് മദ്‌റസകളും പര്‍ണശാലകളും സ്ഥാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ പണിത ‘തകിയ്യ (മഠം) ആമിറ’ പ്രസിദ്ധമായിരുന്നു. (ഭക്ഷണശാലയും പള്ളിയും വിദ്യാലയവും കൂടിയതാണ് തകിയ്യ. അവിടെ വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠിച്ചിരുന്നു.)
ഖാന്‍ഖാഹുകള്‍, റിബാത്വുകള്‍, സാവിയകള്‍
     അമ്പതോളം പ്രധാന മദ്‌റസകള്‍ ഖുദ്‌സിലുണ്ടായിരുന്നു. അമീര്‍ അലാഉദ്ദീന്‍ അബാസ്വീരിയ്യ നിര്‍മിച്ച അല്‍ മദ്‌റസതുല്‍ അബാസ്വീരിയ്യ (693 ഹിജ്‌റ) അമീര്‍ അര്‍ഗൂന്‍ കാമിലിയുടെ അല്‍ മദ്‌റസത്തുല്‍ അര്‍ഗൂനിയ്യ, അല്‍ മദ്‌റസത്തുല്‍ അഷ്‌റഖിയ്യ, അല്‍മദ്‌റസത്തുല്‍ അഫ്‌ളലിയ്യ (589), അല്‍ മദ്‌റസത്തുല്‍ ജൗഹദിയ്യ (697 ഹിജ്‌റ) തുടങ്ങിയവ അവയില്‍ ചിലതാണ്. എല്ലാ മദ്‌റസകളിലും അധ്യാപകരും (മുദര്‍രിസ്) സഹ അധ്യാപകരും നിയമിക്കപ്പെട്ടിരുന്നു.
ഖുദ്‌സ് പള്ളിയുടെ കോണുകളില്‍ വൈജ്ഞാനിക ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ആരാധനകള്‍ക്കും വേണ്ടി പ്രത്യേകം സാവിയ (കോണുകള്‍) ഉണ്ടായിരുന്നു. 587ല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി നിര്‍മിച്ച അസ്സാവിയതുല്‍ ഖുതനിയ്യ, സാവിയതുല്‍ ജിറാഹിയ്യ, ശൈഖ് നാസിറുല്‍ മഖ്ദസിയുടെ സാവിയതുല്‍ നാസ്വിരിയ്യ, സാവിയതുല്‍ സ്വഫാഇയ്യ, സാവിയതുല്‍ ശൈഖൂനിയ്യ തുടങ്ങിയവ പ്രധാന സാവിയകളാണ്.
     സാവിയകളെപ്പോലെ വിദ്യയുടെ കൈമാറ്റത്തിനും പ്രാര്‍ത്ഥനയ്ക്കും ഖുദ്‌സില്‍ വരുന്നവര്‍ക്ക് ഭക്ഷണസൗകര്യം ഏര്‍പ്പെടുത്തുന്നതിനുമൊക്കെ റിബാത്വു(സത്രം)കള്‍ സ്ഥാപിക്കപ്പെട്ടു. സൂഫികളും ആലിമീങ്ങളും ഇത്തരം റിബാത്വുകളില്‍ വിദ്യയുടെയും സല്‍ജീവിതത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നു. അല്‍സ്സമിനീ, അല്‍ കുര്‍ദി, അല്‍ മന്‍സൂരീ എന്നിവയൊക്കെ മംലൂക്കുകളുടെ കാലത്തെ പ്രധാന റിബാത്വുകളാണ്.
     കര്‍മശാസ്ത്രവും ഹദീസും തസ്വവ്വുഫും അധ്യാപനം ചെയ്യപ്പെട്ട ഖാന്‍ഖാഹുകള്‍ (മഠങ്ങള്‍) ഖുദ്‌സിന്റെ വൈജ്ഞാനിക കാലഘട്ടത്തിലെ ശ്രദ്ധാകേന്ദ്രങ്ങളായിരുന്നു. അവിടങ്ങളില്‍ സൂഫികളുടെ നേതൃത്വത്തില്‍ ദിക്ര്‍ സദസ്സുകളും പ്രാര്‍ത്ഥനാ സംഗമങ്ങളും അരങ്ങേറി. ഖാന്‍ഖാഹു സ്വലാഹിയ (സ്വലാഹുദ്ദീന്‍ അയ്യൂബി നിര്‍മിച്ചത്) ഇവയില്‍ ശ്രദ്ധേയമാണ്. ഫഖ്‌റിയ്യ, സാനിത്വിയ്യ തുടങ്ങിയവയും ഇവയില്‍ പ്രധാനപ്പെട്ടവയാണ്.
വീടുകളിലും പള്ളികളിലും സ്വതന്ത്ര സ്ഥാപനങ്ങളിലും നടന്ന കതാതീബ് (പള്ളിക്കൂടം) ഖുദ്‌സില്‍ ധാരാളമുണ്ടായിരുന്നു. കുട്ടികള്‍ക്ക് ഖുര്‍ആന്‍ പാരായണവും മതകീയ വിജ്ഞാനങ്ങളുടെ അടിസ്ഥാന തത്വങ്ങളും പഠിപ്പിക്കുകയായിരുന്നു ഇവയുടെ ലക്ഷ്യം.

സന്ദര്‍ശനകേന്ദ്രവും പ്രവര്‍ത്തനഗോദയും
‘അല്‍ അഹാദീസുല്‍ മുഖ്താറ’ എന്ന പ്രസിദ്ധ ഹദീസ് ഗ്രന്ഥത്തിന്റെ രചയിതാവും പ്രമുഖ ഹദീസ് പണ്ഡിതനുമായ ളിയാഉദ്ദീനുല്‍ മഖ്ദസി, പ്രമുഖ മുഹദ്ദിസും ഫഖീഹുമായ മൗഖിഫുദ്ദീനു ബ്‌നു ഖദാമതില്‍ മഖ്ദസി (വ:620 ഹിജ്‌റ) ചരിത്രകാരനും മുഹദ്ദിസുമായ ഇബ്‌നുല്‍ ബറൂദില്‍ മഖ്ദസി, സഞ്ചാരിയായ ശംസുദ്ദീനുല്‍ മഖ്ദസി (വ: 380 ഹിജ്‌റ) തുടങ്ങിയവര്‍ ഖുദ്‌സ് സംഭാവന ചെയ്ത മഹല്‍വ്യക്തിത്വങ്ങളാണ്. പ്രമുഖ ചിന്തകന്‍ ആരിഫുല്‍ ആരിഫ് (വ: 1310 ഹിജ്‌റ), ഭാഷാ പണ്ഡിതന്‍ അന്നഷാബീബി, സാത്വികനായ അഹ്മദ് സാമിഹുല്‍ ഖാലിദി എന്നിവരും ഖുദ്‌സില്‍ ജനിച്ചു വളര്‍ന്ന പ്രധാനികളാണ്.
ഖുദ്‌സ് സന്ദര്‍ശിക്കാനും അവിടെ താമസിക്കാനും വന്ന പണ്ഡിതന്‍മാരും സൂഫീവര്യന്‍മാരും നിരവധിയാണ്. ഖുദ്‌സിന് ഇസ്‌ലാം കല്‍പ്പിച്ച മഹത്വവും അവിടുത്തെ നാഗരിക വളര്‍ച്ചയുമൊക്കെയായിരുന്നു അവരെ ആകര്‍ഷിച്ചത്. ഇമാം ശാഫിഈ(റ), ഇമാം ഗസ്സാലി (ഖുദ്‌സില്‍ വച്ചാണ് അദ്ദേഹം ഇഹ്‌യാ ഉലൂമുദ്ദീന്റെ രചന ആരംഭിച്ചത്), ഇബ്‌റാഹീമുബ്‌നു അദ്ഹം(റ), ഉവൈസുല്‍ ഖര്‍നി(റ), സുഫ്‌യാനു സൗരി, ദുന്നൂനില്‍ മിസ്‌രി തുടങ്ങിയവരുടെ സന്ദര്‍ശനം ഖുദ്‌സിനെ ചൈതന്യധന്യമാക്കി.
     ഖുദ്‌സ് കീഴടക്കിയപ്പോള്‍ ബൈതുല്‍ മുഖദ്ദസിന്റെ ഖാളിയായി സ്വലാഹുദ്ദീന്‍ അയ്യൂബി നിയമിച്ച പ്രമുഖ ശാഫിഈ പണ്ഡിതന്‍ മുഹ്‌യിദ്ദീനുസക്കീ, അയ്യൂബി സുല്‍ത്താന്‍ സ്വലാഹ് നജ്മുദ്ദീന്റെ കാലത്ത് മദ്‌റസത്തുല്‍ സ്വലാഹിയ്യയില്‍ അധ്യാപകനായി നിശ്ചയിക്കപ്പെട്ട ഫഖീഹും മുഹദ്ദിസും മുഫസ്സിറുമായിരുന്ന ഇസ്സുദ്ദീന്‍ അബ്ദുസ്സലാം, ചരിത്രകാരനും ബൈതുല്‍ മുഖദ്ദസിലെ ഖാളിയുമായിരുന്ന ബഹാഉദ്ദീന്‍ ഷദ്ദാദ്, കര്‍മശാസ്ത്ര പണ്ഡിതനും മുഖദ്ദസില്‍ മുദര്‍രിസുമായിരുന്ന റാഗിബ് നുഅ്മാനുല്‍ ഖാലിദി എന്നിവരുടെയൊക്കെ കര്‍മമണ്ഡലമായിരുന്നു ഖുദ്‌സ്. സഞ്ചാരികളായ ഇബ്‌നു ജുബൈറും (585ല്‍) ഇബ്‌നു ബത്തൂത്തയും (725ല്‍) ഇദ്‌രീസിയുമൊക്കെ ഖുദ്‌സ് സന്ദര്‍ശിച്ച് അവിടുത്തെ സാംസ്‌കാരിക-നാഗരിക-വൈജ്ഞാനിക വളര്‍ച്ചയെ അടയാളപ്പെടുത്തി.
വിശ്വപണ്ഡിതന്‍ ജനിച്ച നാട്
     ഗസ്സയും ലോകത്തെ പഴക്കം ചെന്ന നാടുകളിലൊന്നാണ്. പൗരാണിക കാലത്തെ പ്രമുഖ വാണിജ്യനഗരം കൂടിയായിരുന്നു അത്. ഖുര്‍ആന്‍ സൂചിപ്പിച്ച ഖുറൈശികളുടെ വേനല്‍ക്കാല കച്ചവടത്തിന്റെ ലക്ഷ്യങ്ങളില്‍ ഗസ്സയുണ്ടായിരുന്നു. ഇത്തരമൊരു കച്ചവടയാത്രയിലായിരുന്നു പ്രവാചക പിതാമഹന്‍ ഹാഷിം ബിന്‍ അബ്ദുമനാഫ് ഗസ്സയില്‍വച്ച് മരണപ്പെട്ടത്. അവിടുത്തെ ജാമിഉ സയ്യിദ് ഹാശിം പള്ളിയങ്കണത്തിലാണവരുടെ ഖബര്‍. പ്രവാചകത്വത്തിനു മുമ്പ് നബിയും ഗസ്സ സന്ദര്‍ശിച്ചിട്ടുണ്ട്.
      ബി.സി 332ല്‍ അലക്‌സാണ്ടര്‍ ഗസ ആക്രമിച്ചു കീഴടക്കി. ക്രിസ്താബ്ദം ഒന്നാം നൂറ്റാണ്ടില്‍ ഇവിടെ ഗ്രീക്ക് തത്വശാസ്ത്രവും സാഹിത്യങ്ങളും പഠിപ്പിക്കപ്പെട്ട പാഠശാലകളുണ്ടായിരുന്നുവത്രെ. ക്രിസ്താബ്ദം 637ല്‍ അംറുബ്‌നുല്‍ ആസ്വ്(റ) കീഴടക്കിയതോടെ ഗസ്സ സുപ്രധാന ഇസ്‌ലാമിക നഗരമായി വളര്‍ന്നു. അബ്ബാസി കാലഘട്ടത്തില്‍ സാഹിതീയ മേഖലയില്‍ അതു ശോഭിച്ചിരുന്നു.
     മദ്‌റസകളും പള്ളികളും ആതുരാലയങ്ങളുമൊക്കെ സ്ഥാപിതമായ മംലൂക്കുകളുടെ കാലത്താണ് ഗസ്സയും വിദ്യാകേന്ദ്രമായി ഉയര്‍ന്നുവരുന്നത്. ഇല്‍മുല്‍ ബിദാഅ (പാരായണ ശാസ്ത്രം), തഫ്‌സീര്‍, ഫിഖ്ഹ്, ഹദീസ്, തസ്വവ്വുഫ് തുടങ്ങിയ വിജ്ഞാന ശാഖകളൊക്കെ ഗസ്സയില്‍ പന്തലിച്ചുനിന്നു. തഫ്‌സീറില്‍ മുഹമ്മദുബിന്‍ ഹമ്മാദ് ത്വബ്‌റാനും തസ്വവ്വുഫില്‍ മുഹമ്മദ് ബിന്‍ ഹുസൈന്‍ ബന്‍ അലി അല്‍ഗസിയും മുഹമ്മദുബിനു ഉമറില്‍ ഖര്‍ഖിയും പേരെടുത്തു. ഹദീസ് പഠിക്കാന്‍ സ്‌പെയിനില്‍ നിന്നു മറ്റു രാഷ്ട്രങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഗസ്സയിലേക്കു യാത്ര ചെയ്തു.
വിശ്വപണ്ഡിതനും മദ്ഹബിന്റെ ഇമാമുമായ ഇമാം ശാഫിഈ(റ)യുടെ ജന്മസ്ഥലമായിട്ടാണ് ഗസ്സ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടതും പറയപ്പെട്ടതും. ഇമാം ശാഫിഈയുടെ ചെറുപ്പകാലം അവിടെയാണു ചെലവഴിച്ചത്.
     1154ല്‍ ഇദ്‌രീസി ഗസ്സ സന്ദര്‍ശിച്ചു; 1355ല്‍ ഇബ്‌നു ബത്തൂത്തയും. പിന്നീട് ഇബ്‌നുല്‍ ബത്തൂത്ത എഴുതി: ”വലിയ ജനസാന്ദ്രതയുള്ള ധാരാളം പള്ളികളുടെ നാടാണ് ഗസ്സ.” അഹ്മദുബിന്‍ രിള്‌വാന്റെ ഭരണകാലത്ത് ഗവര്‍ണറും സുപ്രസിദ്ധ ഫഖീഹുമായ ഖൈറുദ്ദീന്‍ റംലിയുടെ സാരഥ്യത്തില്‍ ഈ നഗരം മത-സാംസ്‌കാരിക കേന്ദ്രമായി ശോഭിച്ചു. ഗസ്സയില്‍ ഭരണം നടത്തിയ രിള്‌വാന്‍ കുടുംബം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരുപാട് നടത്തിയിട്ടുണ്ട്. 1978ല്‍ സ്ഥാപിച്ച ഗസ്സ യൂനിവേഴ്‌സിറ്റി ആധുനിക ഗസ്സയുടെ വിദ്യാഭ്യാസ മുഖമാണ്.
പ്രഭ പരത്തിയ റംലികള്‍
     പണ്ഡിതന്‍മാരുടെ നാടായിരുന്നു റാമല്ല. അബ്ബാസി ഖലീഫ സുലൈമാന്‍ ബിന്‍ അബ്ദുല്‍ വലീദ് ആണ് ഈ പട്ടണം സ്ഥാപിച്ചത്. പിന്നീട് ഫലസ്തീന്‍ സൈനിക കേന്ദ്രമായി അതു വളര്‍ന്നു. അബു അബ്ദില്ല മുഹമ്മദു ബ്‌നു അഹമ്മദുല്‍ ബഷാറുല്‍ മഖ്ദസി തന്റെ ‘ഹുസനുത്തഖാസീം’ എന്ന ഗ്രന്ഥത്തില്‍ റാമല്ലയെ രേഖപ്പെടുത്തി: ”അവിടെ ഒരു നദി കൂടിയുണ്ടായിരുന്നെങ്കില്‍ ഏറ്റവും നല്ല മുസ്‌ലിം നാട് അതാണ് എന്നതില്‍ രണ്ടഭിപ്രായമുണ്ടായിരുന്നില്ല.” നാല്‍പതോളം വരുന്ന പണ്ഡിതന്‍മാരും സാഹിത്യകാരന്‍മാരും റാമല്ലയിലേക്ക് ചേര്‍ത്തു പറയപ്പെടുന്നുണ്ട്.
പ്രമുഖ ഹദീസ് പണ്ഡിതന്‍ ഖൈറുദ്ദീന്‍ റംലി റാമല്ലയുടെ പുത്രനാണ്. ”അദ്ദേഹത്തിന്റെ കാലത്ത് റാമല്ല മതകീയ വിജ്ഞാനങ്ങളുടെയും ഫത്‌വകളുടെയും കേന്ദ്രമായിരുന്നു” (ഖുലാസതുല്‍ അസര്‍). ഫലസ്തീന്‍, സിറിയ, ഹിജാസ്, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്നൊക്കെ ശിഷ്യന്‍മാര്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ‘പണ്ഡിതനും സൂഫിയുമായിരുന്ന’ മൂസല്‍ ഖുബ്ബി (വ: 1007), വിശ്രുത ഹനഫീ കര്‍മശാസ്ത്ര പണ്ഡിതന്‍ ഇബ്‌റാഹീം ബിന്‍ ഇസ്മാഈലു റംലി (വ: 1049), ഫഖീഹും സാഹിത്യകാരനുമായിരുന്ന മുഹ്‌യിദ്ദീന്‍ ബിന്‍ ഖൈറുദ്ദീന്‍ റംലി(വ: 1097), മുഫ്തിയും ഇല്‍മുത്ത്വിബ്ബില്‍ അഗാധജ്ഞാനിയുമായ മുഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ അലി അല്‍ ഗസവി, സൂഫീ വനിത ആമിന റംലിയ്യ തുടങ്ങിയവരൊക്കെ റാമല്ലയുടെ സന്തതികളോ റാമല്ല അവരുടെ കര്‍മഗോദയോ ആയിരുന്നു. സുലൈമാനുത്താജുല്‍ ഫാറൂഖി, അബ്ദുല്‍ ഹമീസ് അശ്ശാഫിഈ, അബ്ദുറഹ്മാന്‍ ഖയാലീ, ഈസ സഖരി തുടങ്ങിയ സാഹിത്യ കുലപതികളും റാമല്ലയുടെ സംഭാവനകളാണ്.
വിദ്യയുണര്‍ന്ന മറ്റു നാടുകള്‍
     വിജ്ഞാനവും നാഗരികതയുമുണര്‍ന്ന മറ്റൊരു ഫലസ്തീന്‍ നാടാണ് നാബുല്‍സ. പ്രസിദ്ധ കവി ഇബ്‌റാഹീം തുഖാന്റെയും പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ ഹമീസ് സാഇശിന്റെയും നാടാണ് നാബുല്‍സ്. 22ഓളം നദികളൊഴുകിയതു കാരണം മഖ്ദസി അതിനെ ‘ചെറിയ ഡമസ്‌കസ്’ എന്നു വിളിച്ചു. ‘മുഅ്ജമുല്‍ കബീര്‍ ഫീ അസ്മാഇ സ്വഹാബ, മുഅ്ജമുല്‍ ഔസഥ്, മുഅ്ജമുല്‍ സ്വഗീര്‍ എന്നീ പ്രസിദ്ധ ഗ്രന്ഥങ്ങളുടെ രചയിതാവ് സുലൈമാന്‍ ബിന്‍ അഹ്മദ് ബിന്‍ അബ്ബാസ് ത്വബരിയുടെ ത്വബ്‌രിയ്യയും പ്രമുഖ ഹദീസ് പണ്ഡിതന്‍ ഇബ്‌റാഹീം ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുറസാഖുല്‍ ഹീഥ്വിയുടെ ജന്മസ്ഥലമായ ഹീത്വയും ലോകത്തിലെ അതിപുരാണ നഗരങ്ങളിലൊന്നായ അരീഹയും മക്കാ ഹറമിലെ ഫഖീഹും മുഹദ്ദിസുമായിരുന്ന അബൂ മുഹമ്മദ് ഹയാജില്‍ ഹിത്തീനിയുടെയും ‘നുഖ്ബതു ദ്ദഹ്‌റി’ന്റെ രചയിതാവ് മുഹമ്മദ് ബിന്‍ അബീത്വാലിബില്‍ അന്‍സ്വാരിയുടെയും നാടായ ഹിത്തീനുമൊക്കെ ഫലസ്തീനിലെ അറിവും അറിവുള്ളവരും ജനിച്ചുവളര്‍ന്ന നാടുകളാണ്. ഫലസ്തീന്റെ ഈ വെളിച്ചം കെടുത്തിയ ജൂതന്‍മാര്‍ അവിടെ പകര്‍ന്നിരിക്കുന്നത് നൂറ്റാണ്ടുകളിലേക്കുള്ള ഇരുട്ടാണ്.