Tuesday, 22 May 2018
Saturday, 19 May 2018
Friday, 18 May 2018
Wednesday, 11 April 2018
ഫിത്‌ന പടരുമ്പോള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്!

1. സന്താനങ്ങളെ വ്യതിചനങ്ങളില്‍ നിന്നും രക്ഷിക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് വലിയ പങ്കുണ്ട്. അവരുടെ കാര്യത്തില്‍ ഉത്തരവാദിത്തവും സംരക്ഷണവും ഏല്‍പിക്കപ്പെട്ടവരാണ് രക്ഷിതാക്കള്‍. പരലോകത്ത് കൃത്യമായ വിചാരണയെ അവര്‍ അഭിമുഖീകരിക്കേണ്ടി വരുകയും ചെയ്യും. എന്നാല്‍ നല്ല ഉദ്ദേശ ശുദ്ധിയോടെ അവരുടെ സംസ്‌കരണത്തിനായി നിരന്തര പരിശ്രമങ്ങള്‍ നടത്തുകയും നിര്‍ബന്ധമായ ബാധ്യതകള്‍ നിര്‍വഹിക്കുകയും ചെയ്ത രക്ഷിതാക്കള്‍ ഇതില്‍ നിന്ന് രക്ഷപ്പെടും.
2. മക്കളെ ശ്രദ്ധിക്കുകയും അവരുടെ കാര്യം അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. അല്ലാഹു അവരെയും നമ്മെയും സച്ചരിതരില്‍ ഉള്‍പ്പെടുത്താനായി നിരന്തരം പ്രാര്‍ഥിക്കുകയും ചെയ്യുക. അവരുടെ സംസ്‌കരണത്തിലൂടെയും സന്മാര്‍ഗത്തിലൂടെയും അല്ലാഹു നമ്മുടെ കണ്ണിന് കുളിര്‍മയേകിയേക്കും.
3. സാധാരണ കൗണ്‍സിലര്‍മാര്‍ ഉദ്ധരിക്കുന്ന ഒരു ആപ്തവാക്യമുണ്ട്. ഏഴ് വയസ് വരെ മകനെ നീ കളിപ്പിക്കുക, പിന്നീടുള്ള ഏഴ് വയസ്സ് അവനെ സംസ്‌കാര മര്യാദകള്‍ പരിശീലിപ്പിക്കുക, പിന്നീടുള്ള ഏഴ് വയസ്സില്‍ അവനുമായി ചങ്ങാത്തമുണ്ടാക്കുക. ഇത് വളരെ ശരിയായ വിവരണമാണ്. കുട്ടിക്കാലത്തും കൗമാര ദശയുടെ വിവിധ ഘട്ടങ്ങളിലും വൈകാരിക സമ്മര്‍ദ്ധവും നിരവധി പ്രതിസന്ധികളും വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കും. ഈ ഘട്ടം നന്മയുടെ പാതയില്‍ കഴിച്ചുകൂട്ടുകയാണെങ്കില്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പിന്നീടുള്ള ജീവിതം തദനുസൃതമായിരിക്കും.
4. ഓരോ പ്രായത്തിനും അതിന്റെതായ സവിശേഷതകളും അനിവാര്യതകളുമുണ്ട്. നിന്റെ പ്രായവും വരണ്ട മാനദണ്ഡങ്ങളുമായിരിക്കില്ല വളര്‍ന്നു വരുന്ന കുട്ടികളുടെ ആവശ്യങ്ങളും മാനദണ്ഡങ്ങളും. അതിനാല്‍ തന്നെ അവരുടെ സംസ്‌കരണത്തില്‍ അല്‍പം വിശാലത കാണിക്കണം. ചെറിയ തെറ്റുകള്‍ ചിലപ്പോള്‍ അവഗണിക്കുകയും അവരുട ചിന്തകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള സ്വതന്ത്രമായ അവസരങ്ങളവര്‍ക്ക് നല്‍കുകയും വേണം. അവരുടെ നല്ല സുഹൃത്തുക്കളുമായി ബന്ധം സ്ഥാപിക്കണം.
5. അവരുടെ സ്വപ്‌നങ്ങള്‍ പങ്കുവെക്കാനും ലക്ഷ്യങ്ങള്‍ തിരിച്ചറിയാനും കഴിയുന്ന വ്യത്യസ്തമായ കമ്യൂണിക്കേഷന്‍ ചാനലുകള്‍ തുറക്കുക. അവരുമായി കൂടിയിരിക്കനും കാര്യങ്ങള്‍ പരസ്പരം പങ്കുവെക്കാനും ആഴ്ചയില്‍ നിര്‍ണിത ദിവസം നിശ്ചയിക്കണം. അവരുടെ ഭാഗത്ത് നിന്നുയരുന്ന അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കണം. ഇത്തരം യോഗങ്ങള്‍ക്ക് വലിയ പ്രതിഫലനങ്ങളാണ് ലഭിക്കുക. അനിവാര്യമായ ഉപദേശങ്ങള്‍ യുക്തിപൂര്‍വം നല്‍കാനും ശ്രദ്ധിക്കണം.
6. മക്കളില്‍ ചില ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ച് കൊണ്ട് ആത്മവിശ്വാസമുള്ളവരാക്കി വളര്‍ത്തുക. കാര്യങ്ങള്‍ സ്വയം പര്യാപ്തിയോടെ ചെയ്തു തീര്‍ക്കാന്‍ കഴിയുന്ന അര്‍ഥത്തില്‍ വളര്‍ത്തുക. അങ്ങനെ വളരുന്ന പക്ഷം ആത്മവിശ്വാസത്തോടെ അവര്‍ പ്രവര്‍ത്തിക്കുകയും ബാഹ്യമായ പ്രലോഭനങ്ങളെയും സ്വാധീനങ്ങളെയും അതിജീവിക്കുകയും ചെയ്യും.
7. അവര്‍ അഭിമുഖീകരിക്കുന്ന നിഷേധാത്മക വശങ്ങളെ പറ്റി കാര്യകാരണ സഹിതം അവരെ ബോധ്യപ്പെടുത്തിക്കൊടുക്കുക. യുവാക്കളെ കെണിയിലകപ്പെടുത്തുന്ന ദുശ്ശക്തികളുടെ കുതന്ത്രങ്ങളെ കുറിച്ചും അവരെ ബോധവാന്മാരാക്കുക. കാരണം പ്രതിരോധമാണ് ചികിത്സയേക്കാള്‍ ഉത്തമമായിട്ടുള്ളത്.
8. മാതാപിതാക്കള്‍ക്ക് മക്കളെ നന്നാക്കാന്‍ കഴിയുകയില്ല എന്ന വാദം ശരിയല്ല. സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരാജിതരായ ചില രക്ഷിതാക്കളുടെ കുറ്റസമ്മതം മാത്രമാണിത്.
അവലംബം : islammessage.com
Tuesday, 9 January 2018
കുട്ടികളില്‍ എന്തിന് മൂല്യങ്ങള്‍ വളര്‍ത്തണം?
ഡോ. സമീര്‍ യൂനുസ്
എന്തിനാണ് നാം നമ്മുടെ മക്കളില്‍ മൂല്യങ്ങള്‍ നട്ടുപിടിപ്പിക്കുന്നത്? മൂല്യാധിഷ്ടിതമായി അവരെ വളര്‍ത്തുന്നതിന് മുമ്പിലെ വിഘാതങ്ങള്‍ എന്തെല്ലാം? മക്കളില്‍ വിജയകരമായി മൂല്യങ്ങള്‍ വളര്‍ത്താന്‍ എന്തെല്ലാം അടിസ്ഥാനങ്ങളാണ് നാം പരിഗണിക്കേണ്ടത്? മൂല്യങ്ങള്‍ പരിപോഷിപ്പിക്കാന്‍ എന്തെല്ലാം സ്ട്രാറ്റജികളാണ് നാം സ്വീകരിക്കേണ്ടത്?
മൂല്യങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നത് വളരെ അനിവാര്യമായ ഒന്നാണ്. അധ്യാപകന്‍ ഇതിന് വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. നിരന്തരമായ ശ്രദ്ധയും പരിരക്ഷയും ഇതില്‍ ആവശ്യമാണെന്നതിന്റെ കാരണങ്ങള്‍:
1. കുട്ടിയുടെ ശരിയായ വ്യക്തിത്വം രൂപപ്പെടുത്തുന്നതിനുള്ള മാര്‍ഗമാണ് അവനില്‍ മൂല്യങ്ങള്‍ വളര്‍ത്തല്‍, അതിലൂടെ മാത്രമാണ് ഇസ്‌ലാമിക കുടുംബം രൂപപ്പെടുന്നത്. വീട്ടില്‍ ഇസ്‌ലാമിക അന്തരീക്ഷം സൃഷ്ടിക്കുന്നതിലെ പ്രധാന കണ്ണിയാണ് കുട്ടി. ഭദ്രമായ സമൂഹത്തിന്റെ സൃഷ്ടിപ്പിനും ഇത് അനിവാര്യമാണ്. നിരവധി കുടുംബങ്ങളുടെ സമുഛയമാണ് യഥാര്‍തത്തില്‍ സമൂഹം. അതിന്റെ അടിത്തറ ഭദ്രമാക്കുകയാണെങ്കില്‍ സമൂഹത്തിന്റെ നിലനില്‍പും ഭദ്രമാകും.
2. ജീവിതത്തില്‍ പ്രതിസന്ധികളും പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ അതിനെ നല്ലരീതിയില്‍ തിരിച്ചുവിടാന്‍ മൂല്യങ്ങള്‍ വിദ്യാര്‍ഥികളെ സഹായിക്കും.
3. ധാര്‍മിക മൂല്യങ്ങളാണ് ഭാവിയില്‍ അവന്റെ വ്യക്തിജീവിതവും സാമൂഹിക ജീവിതവും കരുപ്പിടിപ്പിക്കുക.
4. ധാര്‍മിക മൂല്യങ്ങള്‍ സ്വഭാവദൂഷ്യങ്ങളില്‍ നിന്നും തെറ്റുകളിലകപ്പെടുന്നതില്‍ നിന്നും അവനെ സംരക്ഷിക്കുന്നു.
5. മൂല്യങ്ങള്‍ അന്യമാകുമ്പോള്‍ വ്യക്തിയില്‍ അസ്വസ്ഥതയും അപരിചിതത്വവും അനുഭവപ്പെടുന്നു. അത് സമൂഹത്തിന്റെ തന്നെ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുകയും സമൂഹത്തിന്റെ പിന്നോട്ടുള്ള നടത്തിന് ആക്കം കൂട്ടുകയും ചെയ്യും.
സംസ്‌കരണ സന്നദ്ധരായ പ്രബോധകരും അധ്യാപകരും കുരുന്ന് ഹൃദയങ്ങളില്‍ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതില്‍ അനുഭവിക്കുന്ന ചില പ്രതിസന്ധികള്‍ നേരിടുന്നുണ്ട്.
1. മാതൃകകളുടെ അഭാവം : കളവ് പറയുന്ന അധ്യാപകനും രക്ഷിതാവിനും ഒരിക്കലും കുട്ടികളില്‍ സത്യസന്ധത എന്ന മൂല്യം പകര്‍ന്നു നല്‍കാന്‍ സാധിക്കുകയില്ല. കാരണം ഒരു വസ്തു നഷ്ടപ്പെട്ടുപോയവന് മറ്റൊരാള്‍ക്കത് നല്‍കാനാവില്ലല്ലോ. പ്രവാചക ജീവിതം അനുചരന്മാര്‍ക്ക് ഉത്തമ മാതൃകയായിരുന്നു. അതിനാല്‍ തന്നെ അവരെ സംസ്‌കാര സമ്പന്നരാക്കി വളര്‍ത്തുന്നതില്‍ അവര്‍ വിജയിച്ചു. അല്ലാഹുവിന്റെ ദൂതരില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ടെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയതാണ്.
2.കുട്ടികളുടെ സവിശേഷതകളെ കുറിച്ച് മുതിര്‍ന്നവരുടെ തെറ്റായ ധാരണ : കൗമാരത്തിന്റെ വ്യത്യസ്ത ദശകളിലൂടെ കടന്നു പോകുന്നവരാണ് കുട്ടികള്‍. ഇതില്‍ ഓരോ ഘട്ടത്തിനും അതിന്റെതായ സവിശേഷതകളുണ്ട്. അവരുമായി നല്ല അടുപ്പവും ബന്ധവും പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും മാനസികമായും ശാരീരികമായും ബുദ്ധിപരമായുമുള്ള ഈ സവിശേഷതകള്‍ മനസ്സിലാക്കിക്കൊണ്ട് അവരോട് ഇടപഴകണം. കുട്ടികള്‍ അവരുടെ ചെറുപ്പത്തില്‍ അവനും അവന്റെ വീട്ടുകാരുമായി മാത്രം ഇടപഴകും. പിന്നീട് അതിന്റെ വൃത്തം സമൂഹത്തിലേക്ക് വികസിപ്പിക്കുകയും മറ്റുള്ളവരുമായി ഇടപഴകുകയും ചെയ്യും. ഇതിലൂടെ തനിക്ക് ചില അവകാശങ്ങളും ബാധ്യതകളുമുണ്ടെന്ന് തിരിച്ചറിയുന്നു. ഞാന്‍ ജീവിക്കുന്ന സമൂഹവുമായി ചേര്‍ന്നു നില്‍ക്കണമെങ്കില്‍ ജീവിതത്തില്‍ ചില മര്യാദകളും മൂല്യങ്ങളും പാലിക്കാന്‍ ബാധ്യസ്ഥനാണെന്ന് അവന്‍ മനസ്സിലാക്കുന്നു. അതില്‍ നിന്നും സമൂഹത്തില്‍ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതിന്റെ അനിവാര്യത അവന്‍ ഗ്രഹിക്കുകയും തന്റെ ജീവിതത്തില്‍ മൂല്യങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സ്‌കൂള്‍ അന്തരീക്ഷത്തിലെ വിളക്കാണ് അധ്യാപകര്‍, മാതാപിതാക്കള്‍ വീട്ടിലെയും വിളക്കുമാടങ്ങളാണ്. കൗമാരക്കാരായ കുട്ടികളില്‍ മൂല്യങ്ങള്‍ നട്ടുപിടിപ്പിക്കുക അവരുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ശിക്ഷണം നല്‍കുന്ന വ്യക്തി അതില്‍ വിജയിക്കണമെങ്കില്‍ ചില അടിസ്ഥാനങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്.
1. പരിശീലനം ലഭിച്ച യോഗ്യരായ അധ്യാപകരുണ്ടാകുക.
2.സഹന ശേഷി : ബൈത്തുല്‍ മാലില്‍ നിന്നും പണമാവശ്യപ്പെട്ടുവന്ന വ്യക്തിയോട് പ്രവാചകന്‍(സ) സ്വീകരിച്ച നിലപാട് ശ്രദ്ദേയമാണ്. അദ്ദേഹം പരുഷമായ ഭാഷയിലായിരുന്നു തന്റെ ആവശ്യമുന്നയിച്ചത്. മുഹമ്മദ്, അല്ലാഹുവിന്റെ ധനത്തില്‍ നിന്നും എനിക്ക് നല്‍കുക, ഇത് നിന്റെയോ നിന്റെ മാതാപിതാക്കളുടേതോ അല്ലല്ലോ! പ്രവാചകന്‍(സ) പരുഷമായ പെരുമാറ്റത്തെ സഹനത്തോടെയും വിവേകത്തോടെയും അഭിമുഖീകരിക്കുകയുണ്ടായി. പ്രവാചകനോട് അപമര്യാദയായി പെരുമാറിയ ഗ്രാമീണവാസിയെ പ്രതിരോധിക്കാന്‍ അനുചരന്മാരുദ്ദേശിച്ചപ്പോള്‍ പ്രവാചകന്‍ അവരെ തടയുകയുണ്ടായി. പിന്നീട് ബൈത്തുല്‍ മാലില്‍ നിന്ന് ഒരു സംഖ്യ പ്രവാചകന്‍ ഗ്രാമീണവാസിക്ക് നല്‍കിയപ്പോള്‍ അദ്ദേഹം പ്രതികരിച്ചു. വളരെ നല്ലത്! അല്ലാഹു ഇതിന് ഉത്തമ പ്രതിഫലം നല്‍കട്ടെ. പിന്നീട് ഗ്രാമീണവാസിയെയും കൂട്ടി പ്രവാചകന്‍ തന്റെ അനുചരന്മാരുടെ അടുത്ത് പോയി അദ്ദേഹത്തിന്റെ ഉത്തമമായ പ്രതികരണം അവരെ കേള്‍പ്പിച്ചു. അലിവിന്റെയും വിട്ടുവീഴ്ചയുടെയും സ്‌നേഹത്തിന്റെയും മൂല്യങ്ങള്‍ ഇതിലൂടെ പ്രവാചകന്‍ അവരെ പഠിപ്പിക്കുകയായിരുന്നു. തനിക്ക് നേരിടേണ്ടി വന്ന കൈപ്പേറിയ അനുഭവത്തെ മധുരമുള്ള പാനീയമാക്കി എത്രസുന്ദരമായാണ് പ്രവാചകന്‍ പരിവര്‍ത്തിപ്പിച്ചത്!
3. കുടുംബത്തിലും സ്‌കൂളിലും മൂല്യങ്ങള്‍ പരിരക്ഷിക്കാന്‍ അനുയോജ്യമായ സാഹചര്യം ഒരുക്കുക. മൂല്യങ്ങള്‍ നട്ടുവളര്‍ത്താനുള്ള നല്ല സാഹചര്യത്തിന് ചില ഗുണഗണങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഗുരു ശിഷ്യന്മാര്‍ക്കിടയിലുള്ള സ്‌നേഹബന്ധം, കൗമാരക്കാരായ കുട്ടികളുടെ പ്രകൃതം മനസ്സിലാക്കല്‍, ശിക്ഷണത്തിനുള്ള നൂതന ശൈലികളും മാര്‍ഗങ്ങളും സ്വീകരിക്കല്‍, മൂല്യങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനു മുമ്പിലെ പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കല്‍ എന്നിവ ഇതില്‍ പ്രധാനമാണ്.
4. കുട്ടികളില്‍ സ്വാധീനമുളവാക്കുന്ന തരത്തിലുള്ള ശിക്ഷണ ആക്ടിവിറ്റികളും ശൈലികളും ആസൂത്രണം ചെയ്യുക
5. ബുദ്ധിപരമായ വളര്‍ച്ചക്ക് മുന്‍ഗണന നല്‍കുക: ബുദ്ധിപരമായ ശിക്ഷണം തന്റെ വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും മൂല്യങ്ങള്‍ പരിരക്ഷിക്കേണ്ടതിന്റെ അനിവാര്യത വിദ്യാര്‍ഥിയെ ബോധ്യപ്പെടുത്തുന്നു. അതോടൊപ്പം അവരുടെ വൈവിധ്യമായ ശേഷികളെ ഉപയോഗപ്പെടുത്തിക്കൊണ്ടും മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുകയാണെങ്കില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകും. മാതൃക വ്യക്തിത്വമാകുക എന്നതാണ് ഇതിന് ഏറ്റവും ഉചിതമായ മാര്‍ഗം. അപ്രകാരം തന്നെ ഓരോരുത്തരുടെയും ശേഷികള്‍ തിരിച്ചറിഞ്ഞുകൊണ്ട് ശരിയായ ദിശയില്‍ അവരെ വളര്‍ത്തിയെടുക്കുക. ആരോഗ്യവാനായ ഒരാള്‍ യാചനക്കായി പ്രവാചകന്റെയടുത്ത് വന്നപ്പോള്‍ അദ്ദേഹത്തിന് ജോലി ചെയ്യാനാവശ്യമായ മഴു വാങ്ങിക്കൊടുത്ത് വിറക് വെട്ടാന്‍ പറഞ്ഞയച്ചത് ഇതിന്റെ ഉത്തമ മാതൃകയാണ്. യാചന എന്ന ദുശ്ശീലത്തില്‍ നിന്ന് അധ്വാനിച്ച് സംതൃപ്തി കൈവരിക്കുക എന്ന മാന്യതയിലേക്ക് അയാളെ കൈപിടിച്ചുയര്‍ത്തുന്ന പ്രായോഗിക പ്രവര്‍ത്തന മാതൃക കാണിച്ചുകൊടുക്കുകയായിരുന്നു പ്രവാചകന്‍.
പ്രവാചക ജീവിതത്തിലെ സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ നമുക്ക് മഹിതമായ നിരവധി മാതൃകകള്‍ പകര്‍ന്നു നല്‍കുന്നുണ്ട്. സഅ്ദുബ്‌നു അബീ വഖാസ്(റ) വിരിക്കുന്നു. ഹജ്ജതുല്‍ വിദാഇന്റെ ദിനം എന്നെ സന്ദര്‍ശിക്കാനായി പ്രവാചകന്‍ വന്നു. അല്ലാഹുവിന്റെ തിരുദൂതരേ! എന്റെ വേദന കഠിനമായിരിക്കുന്നു(രോഗം മൂര്‍ച്ചിച്ചിരിക്കുന്നു). ഞാന്‍ ധാരാളം സ്വത്തിന്റെ ഉടമയാണ്. പിന്‍ഗാമിയായിട്ട് ഒരു മകള്‍ മാത്രമാണ് എനിക്കുള്ളത്. അതിനാല്‍ ഞാന്‍ എന്റെ സമ്പത്തിന്റെ മൂന്നില്‍ രണ്ടുഭാഗം ചിലവഴിക്കട്ടെ! പറ്റില്ല എന്നു പ്രവാചകന്‍ പറഞ്ഞു. എന്നാല്‍ പകുതി ഞാന്‍ ചിലവഴിക്കട്ടെ എന്നു ചോദിച്ചപ്പോഴും അതെ ഉത്തരം നല്‍കി. മൂന്നിലൊന്ന് ചിലവഴിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ പ്രവാചകന്‍ പ്രതികരിച്ചു: അതെ, മൂന്നിലൊന്ന് തന്നെ ധാരാളമാണ്. നിന്റെ അനന്തരാവകാശികളെ ജനങ്ങളോട് യാചിക്കുന്ന ദരിദ്രരാക്കി വിട്ടേച്ചു പോകുന്നതിനേക്കാള്‍ ഉത്തമമായിട്ടുള്ളത് അവരെ ഐശര്യവാന്മാരായി വിട്ടയച്ചു പോകുന്നതാണ്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട് നീ ചിലവഴിക്കുന്ന ഓരോ നാണയത്തുട്ടിനും നിനക്ക് പ്രതിഫലം ലഭിക്കാതിരിക്കില്ല, നിന്റെ ഭാര്യയുടെ വായില്‍ വെച്ചുകൊടുക്കുന്ന ഉരുള പോലും നിനക്കുള്ള ദാനധര്‍മങ്ങളാണ്.(ബുഖാരി). ശിക്ഷണ വ്യവസ്ഥയുമായി ബന്ധപ്പെടുത്തി ഈ ഹദീസ് വിശകലനം ചെയ്യുകയാണെങ്കില്‍ നമുക്ക് ചില യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാം. 1. സമ്പത്തിന്റെ ആധിക്യവും ബന്ധുക്കളുടെ കുറവുമായിരുന്നു സഅ്ദു ബ്‌നു അബീ വഖാസ് അഭിമുഖീകരിച്ച പ്രധാന പ്രശ്‌നം 2. ഇതിന് പരിഹാരം സഅ്ദ് (റ) പ്രവാചകന്റെ മുമ്പില്‍ സമര്‍പ്പിച്ചപ്പോള്‍ പ്രവാചകന്‍ ഉടന്‍ പരിഹാരം നിര്‍ദ്ദേശിച്ചില്ല, മറിച്ച് ചിന്തിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനുമുള്ള അവസരം നല്‍കി. സഅ്ദ് (റ) സ്വയം ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്നായിരുന്നു പ്രവാചകന്‍ ആഗ്രഹിച്ചത്.
വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്
Sunday, 17 December 2017
പ്രസവത്തിലൂടെ പഠിക്കുന്ന പാഠങ്ങള്‍
മര്‍വ്വ അബ്ദുല്ല
എന്നാല്‍ ഗര്‍ഭം ധരിക്കുക, പ്രസവിക്കുകയെന്നൊക്കെ പറയുന്നത് സത്യത്തില്‍ ഒരു അത്ഭുതമാണ് എന്നതുകൊണ്ടുതന്നെ എനിക്ക് കുഞ്ഞ് ജനിച്ച സന്ദര്‍ഭം ഈയെല്ലാ കാര്യങ്ങളെക്കാളും ഒന്നാമതായി മികച്ചു നില്‍ക്കും.
തീര്‍ച്ചയായും ഈയനുഭവം എന്നത് ഒരേ സമയം ആഹ്ലാദകരവും പേടിപ്പെടുത്തുന്നതുമായിരിക്കെ, ഒരു കുഞ്ഞ് ജനിക്കുന്നതിലൂടെ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ അവന്റെ അല്ലെങ്കല്‍ അവളുടെ മാതാപിതാക്കളില്‍ വന്നു ചേരുമെന്നിരിക്കെത്തന്നെ ഞാന്‍ പറയട്ടെ മാതാവും പിതാവും തങ്ങളുടെ ജീവിതത്തെ ആകപ്പാടെ മാറ്റിയെടുക്കുന്ന ഒരുപാട് പാഠങ്ങള്‍ ഒരു കുഞ്ഞ് ജനിക്കുന്നതിലൂടെ പഠിക്കുന്നുണ്ട്.
ഗര്‍ഭധാരണം മനുഷ്യര്‍ക്കുള്ള അല്ലാഹുവിന്റെ ധൃഷ്ടാന്തങ്ങളില്‍ ഒന്നാണ്. വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളില്‍ അതു സംഭന്തിച്ച് പരാമര്‍ശം നടത്തിയിരിക്കുന്നു. (നിങ്ങളുടെ സൃഷ്ടിപ്പിലും അല്ലാഹു ജീവജാലങ്ങളെ ഭൂമിയില്‍ പരത്തിയതിലും അടിയുറച്ച വിശ്വാസമുള്ള ജനത്തിന് അളവറ്റ അടയാളങ്ങളുണ്ട് . 45:4) ഒമ്പതു മാസക്കാലം ഒരു സ്ത്രീയുടെ ശരീരം അല്ലാഹുവിന്റെ തീരുമാനപ്രകാരം മറ്റൊരു ജീവനെ വഹിക്കുന്ന, അതിനു നിലനില്‍ക്കാനും പൂര്‍ണ്ണമനുഷ്യനായി രൂപപ്പെടാനുമാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കപ്പെട്ട ഒരു വെസ്സലായി മാറുന്നു.
ഈ കാലം നമ്മെ പഠിപ്പിക്കുന്ന തെളിമയാര്‍ന്ന ഒരു വലിയ പാഠം സ്‌നേഹത്തിന്റെതാണ്. നാം എത്രമാത്രം നമ്മുടെ കുഞ്ഞിനെ സ്‌നേഹിക്കുന്നു എന്ന് നാം തിരിച്ചറിയുന്നു, നമ്മുടെ മാതാപിതാക്കള്‍ എത്ര സഹിച്ചിട്ടാണ് നമ്മുടെ ജനനം സംഭവിച്ചതെന്ന തിരിച്ചറിവ് അവരുടെ സ്‌നേഹത്തെ നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നു. മാത്രമല്ല, ഭാര്യ ഭര്‍ത്താക്കന്‍മാര്‍ക്കിടയിലെ സ്‌നേഹവും ഒരളവോളം പ്രകടിതമാകുന്ന നിമിഷമാണ് ഗര്‍ഭകാലം. അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ് ഇതൊക്കെ സംഭവിക്കുന്നത്.
ഈയൊരൊറ്റ അനുഭവത്തിലൂടെ നാം നമ്മുടെ കഴിവും കഴിവുകേടും തിരിച്ചറിയുന്നു. ഗര്‍ഭകാലത്തിന്റെ അസ്വസ്ഥതയിലും പ്രസവവേദനയിലും സഹനശക്തിയുണ്ട് എന്നതാണ് സ്ത്രീകളുടെ ശക്തി.
പുരുഷന്‍മാരുടെ കാര്യത്തിലാണെങ്കില്‍ അവരുടെ ഭാര്യമാരുടെ പ്രസവസന്ദര്‍ഭങ്ങളില്‍ അവര്‍ അതുമായി എത്രമാത്രം ഇടപെടുന്നു എന്നതിലൂടെ അവര്‍ക്കിടയില്‍ അത് ഒരു ശക്തിമത്തായ ബന്ധം സ്ഥാപിക്കാന്‍ കാരണമാകുന്നു.
എല്ലാത്തിനുമുപരി മറ്റുള്ളവര്‍ പറഞ്ഞ് കേട്ടിട്ടുള്ള അറിവ് എന്തു തന്നെയാണെങ്കിലും നാം നമ്മുടെതു മാത്രമായ, അമൂല്യ അനുഭവമായ നമ്മുടെ കുഞ്ഞിനെ ക്ഷമയോടെ എന്നാല്‍ ആകാംക്ഷയോടെ പ്രതീക്ഷിച്ചിരിക്കുകയെന്നത് ഓരോ ഉമ്മക്കും ഉപ്പക്കും ഒരു അനുഭവം തന്നെയാണ്.
വളരെ സങ്കീര്‍ണ്ണമായ ഒരു അവസ്ഥയിലാണ് മനുഷ്യസൃഷ്ടിപ്പിന്റെ സംവിധാനം. ഒരു കുഞ്ഞ് രൂപംകൊള്ളുന്നതിനു മുമ്പ് പല ഘട്ടങ്ങളും കടന്നു പോകുന്നു. അതില്‍ ഒരു ജീന്‍ വ്യത്യാസപ്പെടുമ്പോള്‍ ഫലം തികച്ചും വ്യത്യസ്തമാകുന്നു. എല്ലാത്തിനുമുപരി ഈ പ്രക്രിയകളെല്ലാം തന്നെ നടക്കുന്നത് നമ്മുടെ നിയന്ത്രണത്തിലല്ല എന്നതാണ് യാഥാര്‍ഥ്യം. നമുക്ക് കാണാന്‍ സാധിക്കാത്ത ഒരു ലോകത്ത് സംഭവിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ. അല്ലാഹു പറയുന്നതു കാണുക(നിങ്ങളുടെ മാതാക്കളുടെ ഉദരത്തില്‍ അവന്‍ നിങ്ങളെ സൃഷ്ടിക്കുന്നു. മൂന്ന് ഇരുളുകള്‍ക്കുള്ളില്‍ ഒന്നിനു പിറകെ ഒന്നായി ഘട്ടം ഘട്ടമായി അവന്‍ നിങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നു. ഇതൊക്കെയും ചെയ്യുന്ന അല്ലാഹുവാണ് നിങ്ങളുടെ നാഥന്‍. 39:6) ഓരോ ഗര്‍ഭധാരണത്തിന്റെയും ഫലം അറിയുന്നത് ആത്യന്തികമായി അല്ലാഹുവിനു മാത്രമാണ്. ഇതു നമ്മുടെ നിയന്ത്രണത്തിലാണെന്ന തോന്നല്‍ ഒരിക്കലും നമുക്കുണ്ടാവേണ്ടതില്ല. നമ്മുടെ ജീവിതത്തില്‍ എല്ലാ തലത്തിലും പുലര്‍ത്താവുന്ന ഒരു പാഠമാണിത്. ആണ്‍ കുഞ്ഞാണോ പെണ്‍ കുഞ്ഞാണോ എന്നതൊക്കെയും അല്ലാഹു തീരുമാനിക്കുന്ന കാര്യങ്ങളാണ്. അവനിഛിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവനിഛിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെയും സമ്മാനിക്കുന്നു. 42:49)
ഗര്‍ഭകാലത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമൊക്കെ പുതിയ ചികിത്സാ പഠനങ്ങളും കണ്ടു പിടിത്തങ്ങളും നടക്കുന്ന ഇന്നത്തെക്കാലത്ത് അല്ലാഹുവില്‍ ഭരമേല്‍പിക്കാന്‍ മറന്നു പോകരുതെന്നതാണ് നാം മനസ്സിലാക്കേണ്ട മറ്റൊരു പാഠം.
ഡോക്ടര്‍മാര്‍ നിരീക്ഷണം നടത്തുന്നു, ടെസ്റ്റുകള്‍ നടത്തുന്നു, പ്രവചിക്കുന്നു, കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നു; എന്നാല്‍ ഇതൊക്കെയും ആത്യന്തികമായി അല്ലാഹു നമുക്ക് ഒരുക്കി വച്ചിരിക്കുന്ന അവനുമാത്രമറിയാവുന്ന ഒന്നിലേക്കുള്ള മാര്‍ഗങ്ങള്‍ മാത്രമാണ്. അല്ലാഹുവിന്റെ കാരുണ്യത്തിന്റെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് ഫലമുണ്ടാകുകയെന്നതിനാല്‍ നാം അവനുമായി ഹൃദയം ചേര്‍ത്തു നിര്‍ത്തി അവനോട്, നമ്മുടെ എല്ലാ വിജയത്തിന്റെയും കേന്ദ്രത്തോട്, പ്രാര്‍ഥിക്കുകയും ചെയ്യുക.
ഗര്‍ഭകാലത്തിന്റെ സൗഖ്യകരമായ ജീവിതത്തിനാവശ്യമായതെല്ലാം നാം ചെയ്യണം. എന്നാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കാന്‍ മറന്നുപോകരുതെന്നു മാത്രം.
നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ഒരു കാരണമുണ്ടാകും. ചിലപ്പോള്‍ നാം പ്ലാന്‍ ചെയ്തതു പോലെയാവുകയില്ല പ്രസവം കഴിയുമ്പോള്‍ അതിന്റെ ഫലം. അത്തരം സന്ദര്‍ഭങ്ങളില്‍ നാം ഓര്‍ക്കേണ്ട വലിയ പാഠമാണിത്.
ചിലപ്പോള്‍ ഗര്‍ഭകാലം കഴിയുന്നതിനു മുമ്പ് പ്രസവം സംഭവിക്കാം. ചിലപ്പോള്‍ സ്ത്രീകള്‍ പൂര്‍ണ്ണമായും വിശ്രമത്തില്‍ കിടക്കേണ്ടി വരാം. ഇതൊക്കെയാണെങ്കിലും എപ്പോഴാണ് ഒരു കുഞ്ഞ് ജനിച്ച് പുറത്തു വരുകയെന്ന് നമുക്ക് പറയാന്‍ സാധ്യമല്ല. പലപ്പോഴും പറഞ്ഞ ദിവസത്തിലായിരിക്കില്ല പ്രസവം സംഭവിക്കുക.
അപ്പോള്‍ കാര്യങ്ങള്‍ നാം വിചാരിച്ചതു പോലെ നടക്കാതെയാകുമ്പോള്‍ നാം അസ്വസ്ഥരാകുന്നു. അപ്പോള്‍ നാം മനസ്സിലാക്കേണ്ടത് അല്ലാഹുവാണ് ഏറ്റവും നന്നായി പ്ലാന്‍ ചെയ്യാന്‍ സാധിക്കുന്നവന്‍.അവനറിയാം എന്താണ് ശരി എന്ന്. നമ്മളാണെങ്കിലോ അജ്ഞരുമാണ്.
അല്ലാഹുവിന്റെ ജ്ഞാനത്തെ കുഞ്ഞിന്റെ ജനനവുമായി അല്ലാഹു ബന്ധപ്പെടുത്തുന്നതു കാണാം.(42:50)
അല്ലാഹു നമ്മോട് ഏറ്റവും കരുണയുള്ളവനാണെന്ന് അല്ലാഹു തന്നെ പറയുന്നു. ഒരു ഉമ്മാക്ക് തന്റെ കുഞ്ഞിനോടുള്ള സ്‌നേഹത്തിനെക്കാള്‍ എത്രയോ ഇരട്ടിയാണ് അല്ലാഹുവിന് തന്റെ അടിമയോടുള്ള സ്‌നേഹമെന്ന് പ്രവാചകന്‍(സ) പഠിപ്പിക്കുന്നു.(ബുഖാരി). ചുരുക്കത്തില്‍ ഗര്‍ഭകാലം എന്നത് അല്ലാഹുവിനെ കൂടുതല്‍ അറിയാനും അവനിലേക്ക് അടുക്കാനുമുള്ള അസുലഭമായ അവസരമാണ്.
വിവ: അത്തീഖുറഹ്മാന്‍
Friday, 15 December 2017
Thursday, 14 December 2017
ഇടതു കയ്യന്‍മാരെ നിങ്ങള്‍ വലതുകയ്യന്മാരാക്കരുത്!
മുനഫര്‍ കൊയിലാണ്ടി

നിങ്ങള്‍ ഒരു ഇടതുപക്ഷകാകരനാണോ ? ലോക ജനസംഖ്യയില്‍ പത്തുശതമാനം പുരുഷന്മാരും ആറു ശതമാനം സ്ത്രീകളും ഇടം കൈയ്യരാണത്രെ. മൃഗങ്ങളിലും ഇടം കൈയ്യര്‍ ഉണ്ടെന്നും എലികളില്‍ അമ്പത് ശതമാനം ഇടതന്മാരാണെന്നും പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു.
പ്രശസ്തരായ പ്രതിഭാശാലികളില്‍ പലരും ഇടം കൈയ്യരായിരുന്നു. ലിയനാര്‍ഡോ ഡാവിന്‍ഞ്ചി, മൈക്കല്‍ആഞ്ചലോ, ഐന്‍സ്റ്റീന്‍, ചാര്‍ലിചാപ്ലിന്‍, പിക്കാസോ, ഹെന്റിഫോര്‍ഡ്, സൗരവ് ഗംഗൂലി, ബില്‍ക്ലിന്റന്‍, ഒബാമ, ഉസാമബിന്‍ലാദന്‍ എന്നിങ്ങനെ പ്രസിദ്ധരായ ഇടതുകൈയന്മാരടെ പട്ടിക നീണ്ടുപോകുന്നു. വലതുകൈയന്മാരുടെ പക്ഷപാതിത്വം കാരണം ഇവര്‍ പലവിഷമതകളും നേരിടുന്നുണ്ട്. ലോകത്തിലെ മിക്ക ഭാഷകളും ഇടതുനിന്ന് വലത്തേക്ക് എഴുതുമ്പോള്‍ അറബി, ഉര്‍ദു, ഫാര്‍സി എന്നീഭാഷകള്‍ ഇടത്തോട്ടേക്കാണ് എഴുതുന്നത്. കത്രിക, ക്യാമറ, സ്‌ക്രൂ, ടെലിഫോണ്‍ സെറ്റ്, പൂട്ട്, കമ്പ്യൂട്ടര്‍, മോബൈല്‍ എന്നിങ്ങനെയുള്ള പല ഉപകരണങ്ങളും വലതന്മാരെ പരിഗണിച്ചുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ചിലയൂറോപ്യന്‍ നാടുകളിലും അമേരിക്കയിലും വാഹനങ്ങളും ഗതാഗതക്രമവും വലതുഭാഗം പാലിച്ചുകൊണ്ടാണ്. ഇപ്പോള്‍ ഇടതുകൈയന്മാര്‍ക്കായുള്ള വസ്തുക്കള്‍ മാത്രം വില്‍ക്കുന്ന ഒരു പ്രത്യേക ഷോപ്പ് ലണ്ടനില്‍ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റില്‍ തുറന്നിട്ടുണ്ടത്രെ. ഇവിടെ ഇടതുകൈയര്‍ക്കുള്ള ഉപകരണങ്ങള്‍ കൂടാതെ ഉടുപ്പുകളും മറ്റു വസ്തുക്കളും ലഭ്യമാണെന്നറിയുന്നു.
മസ്തിഷ്‌കത്തില്‍ ഇടതും വലതുമായി രണ്ട് അര്‍ദ്ധഗോളങ്ങളുണ്ട്. ജീവികളുടെ വ്യത്യസ്ത പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ഈ ഭാഗങ്ങളാണ്. ഇടത് അര്‍ദ്ധഗോളമാണ് വ്യക്തിയുടെ ഭാഷാപരമായ കഴിവുകളെ ഇടത് അര്‍ദ്ധഗോളം നിയന്ത്രിക്കുമ്പോള്‍ പ്രത്യേക സാമര്‍ഥ്യങ്ങള്‍ വലതുഗോളമാണ് നിയന്ത്രിക്കുന്നത്. മസ്തിഷ്‌കത്തിലെ ഈ പ്രവര്‍ത്തിവിഭജനത്തിലെ വ്യത്യാസം മാത്രമാണ് ചിലരെ വലംകൈയരും മറ്റുചിലരെ ഇടംകൈയരുമാക്കുന്നത്.
ഇന്ത്യയില്‍ ഇടം കൈക്ക് മര്യാദ കുറവാണെന്നാണ് പൊതുവെ വിശ്വസിക്കുന്നത്. ഇടംകൈകൊണ്ട് അഭിവാദ്യം ചെയ്യുകയോ, ഭക്ഷണം വിളമ്പുകയോ കഴിക്കുകയോ, എന്തെങ്കിലും കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നത് അശുഭലക്ഷണമായും മര്യാദകേടായുമാണ് ഗണിക്കുന്നത്. ഇടംകൈയരായ സന്താനങ്ങളുള്ളവര്‍ കുട്ടിയെ വലംകൈ ഉപയോഗിക്കുന്നതില്‍ നിര്‍ബന്ധിക്കരുത്. കുട്ടിക്ക് അപകര്‍ഷബോധം തോന്നാതിരിക്കാനുള്ള സഹായസഹകരണങ്ങള്‍ സന്തോഷത്തോടെ നല്‍കുകയാണ് വേണ്ടത്. കാരണം കുട്ടിയുടെ ഈ വൈജാത്യം സാധാരണയില്‍ കവിഞ്ഞ ബുദ്ധിസാമര്‍ഥ്യവും പ്രതിഭയും കുട്ടിക്കുണ്ട് എന്നതിന്റെ സൂചനയാവാം ഇത്. പഠിപ്പിലും പെരുമാറ്റങ്ങളിലും കുട്ടികാണിക്കുന്ന മെച്ചങ്ങള്‍ കണ്ടെത്തി കൂടുതല്‍ അവസരങ്ങളും സഹായസൗകര്യങ്ങളും നല്‍കി പ്രചോദിപ്പിക്കുകയും പ്രയാസങ്ങള്‍ ആത്മവിശ്വാസത്തോടെ തരണംചെയ്യാന്‍ പ്രേരിപ്പിക്കുകയുമാണ് വേണ്ടത്. 1976 മുതല്‍ ആഗസ്ത് 25 ലോക ഇടതുകൈയന്മാരുടെ ദിനമായി ആചരിച്ചുവരുന്നുണ്ട്.
Wednesday, 13 December 2017
മാതൃകയാക്കേണ്ട അധ്യാപന രീതികള്‍
സുമയ്യ മീഹാന്‍
എന്നാല്‍ വിശ്വാസിയുടെ ആത്മീയ വളര്‍ച്ചക്കു വേണ്ട അടിത്തറകള്‍ പാകിയ അധ്യാപകനെ ഓര്‍ക്കാതിരിക്കാന്‍ വിശ്വാസികള്‍ക്ക് സാധ്യമല്ല. മാനവിക സമൂഹത്തിന്റെ ആത്മീയ വിദ്യാഭ്യാസത്തിന്റെ അടിത്തറകള്‍ പാകിയ ആ മഹാനാഭാവു മറ്റാരുമല്ല. അല്ലാഹുവിന്റെ പ്രവാചകന്‍ മുഹമ്മദ് (സ) തന്നെ. നിരക്ഷരനായ പ്രവാചകന്‍ അല്ലാഹുവിനാല്‍ അന്ത്യ പ്രവാചകനായി തെരഞ്ഞെടുക്കപ്പെടുകയും വിശ്വാസികളുടെ ഏറ്റവും മികച്ച അധ്യാപകനായി മാറുകയും ചെയ്തു. ജീവിക്കുന്ന ഖുര്‍ആനായി മാതൃക കാട്ടിയ പ്രവാചകന്‍ (സ) യുടെമേല്‍ അര്‍പ്പിതമായ ഉത്തരവാദിത്വം വിശുദ്ധ ഖുര്‍ആന്‍ ജനങ്ങളെ ഓതിക്കേള്‍പ്പിക്കുകയും അതിന്റെ സാരം ജനഹൃദയങ്ങളിലേക്കെത്തിക്കുകയും ചെയ്യുക എന്നായിരുന്നു. ഒരു സാധാരണ അധ്യാപകനായിരുന്നില്ല പ്രവാചകന്‍. മറിച്ച് നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നും പ്രവാചക അധ്യാപനത്തിന്റെ സ്വാധീനം തെളിഞ്ഞു നില്‍ക്കുമാറ് മാതൃകപരമായ അധ്യാപന രീതികള്‍ കാഴ്ച്ചവെക്കാന്‍ പ്രവാചകന്‍ (സ)ക്ക് സാധിച്ചു. ലോകം കണ്ടതില്‍ ഏറ്റവും മികച്ച അധ്യാപകനായി നമുക്ക് പ്രവാചകനെ കണക്കാനാകുമെന്നതില്‍ ലവലേശം സംശയമില്ല. മാതൃകാപരമായ പ്രവാചക അധ്യാപന രീതിയുടെ അനേകം ഉദാഹരണങ്ങള്‍ പ്രവാചക ജീവിതത്തില്‍ നിന്നും നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും :
പഠനത്തില്‍ മുന്നില്‍ നില്‍ക്കുന്നവരെയും പിന്നിലായവരെയും ക്ലാസ് റൂമുകളില്‍ വേര്‍തിരിച്ചു നിര്‍ത്തുന്ന രീതി ലോകത്തെല്ലായിടത്തും അധ്യാപകര്‍ പിന്തടരുന്നുണ്ട്. യഥാര്‍ഥത്തില്‍ വിദ്യാര്‍ഥികളുടെ പഠനശേഷിയെ പ്രതികൂലമായി ബാധിക്കുന്ന ഈ വേര്‍തിരിവ് പഠനത്തില്‍ ഉന്നത നിലപവാരം കാത്തു സൂക്ഷിക്കുന്ന കുട്ടികളുടെ വളര്‍ച്ചക്കു മാത്രമേ ഉപകരിക്കൂ. എന്നാല്‍ ബുദ്ധിയുടേയോ സാമൂഹ്യ നിലവാരത്തിന്റെയോ മറ്റേതെങ്കിലും മാനദണ്ഡങ്ങളുടേയോ പേരില്‍ വിദ്യാര്‍ഥികളെ വേര്‍തിരിച്ചു നിര്‍ത്തുന്ന സ്വഭാവം പ്രവാചകനുണ്ടായിരുന്നില്ല. വേര്‍തിരിവിന്റെയും വര്‍ഗീകരണത്തിന്റെയും ആശയമല്ലായിരുന്നു പ്രവാചകന്‍ പ്രചരിപ്പിച്ചത്. മറിച്ച് ഉള്‍ക്കൊള്ളലിന്റേതായിരുന്നു. ആരെയും മതത്തില്‍ നിന്നും പുറത്താക്കാനായിരുന്നില്ല പ്രവാചകന് തിടുക്കം മറിച്ച്, ആളുകളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനും അതിന്റെ ഭാഗമാക്കാനുമായിരുന്നു. പ്രവാചകന്‍ (സ) പറഞ്ഞു : 'അല്ലാഹുവാണെ, നീ മുഖേന ഒരാള്‍ ഇസ്‌ലാമിലേക്ക് വരുന്നതാണ് നല്ല ചുവന്ന ഒട്ടകങ്ങളെ കരസ്ഥമാക്കുന്നതിനേക്കാള്‍ നിനക്ക് ഉത്തമമായിട്ടുള്ളത്' (ബുഖാരി). സഹിഷ്ണുതയുടെയും ഉള്‍ക്കൊള്ളലിന്റെയും മാതൃകയാണ് നമുക്ക് പ്രവാചകനെന്ന അധ്യാപകനില്‍ നിന്നും പഠിക്കാനുള്ളത്. വിശ്വാസത്തിന്റെ മാര്‍ഗത്തിലേക്ക് ആളുകളെ എങ്ങനെ ആകര്‍ഷിക്കാനാകുമെന്നാണ് നാം ആലോചിക്കേണ്ടതും.
വിദ്യഭ്യാസ ജീവിതത്തില്‍ നമ്മെ പഠിപ്പിച്ച അധ്യാപകരില്‍ ചിലരുടെയെങ്കിലു ക്ലാസ്സുകളും സംസാരങ്ങളും മനസ്സിലാക്കാന്‍ നാം അല്‍പ്പം പ്രയാസപ്പെട്ടിട്ടുണ്ടാവും. അധ്യാപകരുടെ സംസാരരീതി മനസിലാകാത്തതിനാലും മറ്റു കാരണങ്ങളാലും പഠിപ്പിക്കപ്പെട്ട പാഠഭാഗങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥ നമുക്കുണ്ടായിട്ടുണ്ടാകാം. വിദ്യാര്‍ഥികളുടെ ചിന്താമണ്ഡലത്തിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി പാഠഭാഗങ്ങള്‍ കുത്തിനിറക്കുന്ന ബാധ്യത തീര്‍ക്കുന്ന അധ്യാപകരെയും നമുക്കിന്ന് കാണാം. എന്നാല്‍ തന്റെ അനുചരന്‍മാരെ ക്രമാനുസാരം കാര്യങ്ങള്‍ പഠിപ്പിക്കുകയും അവര്‍ക്ക് ഭാരം വരാത്ത രീതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൊടുക്കുന്നതുമായിരുന്നു പ്രവാചകന്റെ അധ്യാപന രീതി. 'വാക്കുകള്‍ എണ്ണാന്‍ കഴിയും വിധം സാവധാനമാണ് പ്രവാചന്‍ സംസാരിച്ചിരുന്നത്' (ബുഖാരി). പലപ്പോഴും ഒരു കാര്യം തന്നെ മൂന്ന് തവണ പ്രവാചകന്‍ ആവര്‍ത്തിച്ചു പറയാറുണ്ടായിരുന്നു. സ്പഷ്ടവും ലളിതവുമായ പ്രവാചക വചനങ്ങള്‍ അനുചരന്‍മാരുടെ ഹൃദയത്തില്‍ വിശ്വാസത്തിന്റെ വേരുകള്‍ പടര്‍ത്തുകയും ഖുര്‍ആനിക ആശയങ്ങളുടെ അന്തസത്ത അവര്‍ക്ക് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തു. പാഠഭാഗങ്ങള്‍ ആവര്‍ത്തിച്ചും ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്നതും അധ്യാപന രീതിയുടെ പ്രാഥമിക മര്യാദയാണെന്ന് പഠിപ്പിക്കുകായാണിവിടെ പ്രവാചകന്‍.
ഒരു അധ്യാപകനുണ്ടായിരിക്കേണ്ട ഏറ്റവും പ്രാഥമികവും പ്രധാനപ്പെട്ടതുമായ ഗുണം എന്താണെന്ന് പ്രവാചകന്‍ ജീവതത്തിലൂടെ തെളിയിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ചും അവന്റെ ആജ്ഞാനിര്‍ദ്ദേശങ്ങളനുസരിച്ച് ജീവിക്കേണ്ടതിനെയും പരലോക ജീവിതത്തെക്കുറിച്ചും പ്രവാചകന്‍ തന്റെ അനുനായികളെ നിരന്തരം ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു. പ്രവാചകന്‍ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്ന എല്ലാ കാര്യങ്ങളുടെയും അന്തസത്ത പൂര്‍ണമായും ഉള്‍ക്കൊണ്ട ജീവിതം കൂടിയായിരുന്നു പ്രവാചകന്റേത്. വിശുദ്ധ ഖുര്‍ആനെയും തിരുചര്യയെയും അനുധാവനം ചെയ്തു എങ്ങനെയാണ് തങ്ങളുടെ ജീവതം ഭാസുരമാക്കേണ്ടതെന്ന് പഠിക്കാന്‍ പ്രവാചക അനുയായികള്‍ക്ക് ഇതുമൂലം വേഗത്തില്‍ സാധിച്ചു. ഖുര്‍ആന്‍ പറയുന്നു : 'സംശയമില്ല, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ മികച്ച മാതൃകയുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്. അല്ലാഹുവെ ധാരാളമായി ഓര്‍ക്കുന്നവര്‍ക്കും' (അഹ്‌സാബ് : 21). പഠിപ്പിക്കുന്ന ആശയങ്ങള്‍ പ്രവാചകന്‍ ജീവതത്തിലും പ്രാവര്‍ത്തികമാക്കി കാണിച്ചു കൊടുത്തപ്പോഴായിരുന്നു അതുപ്രകാരം തന്റെ അനുചരന്‍ാമരെയും വളര്‍ത്താന്‍ പ്രവാചകന് സാധിച്ചത്. വാക്കുകളും പ്രവര്‍ത്തനങ്ങളും രണ്ടു തട്ടിലാകുമ്പോള്‍ അതുസാധ്യമല്ല.
പരുഷപ്രകൃതക്കാരായ വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യുന്നതില്‍ പല അധ്യാപകരും പരാജയപ്പെടാറാണ് പതിവ്. അധ്യാപകര്‍ വിദ്യാര്‍ഥികളാല്‍ അക്രമിക്കപ്പെടുന്ന വാര്‍ത്തകളും നാം കേള്‍ക്കാറുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നക്കാരായ വിദ്യാര്‍ഥികളെ മനസിലാക്കുന്നതിലും അവരെ നേര്‍വഴിലേക്ക് നയിക്കുന്നതിലും ചില അധ്യാപകരെങ്കിലും വിജയിക്കാറുണ്ട്. പ്രവാചകത്വം ലഭിച്ച ആദ്യ നാളുകളില്‍ മക്കയില്‍ ഇസ്‌ലാമിന്റെ പ്രചാരണത്തിനിറങ്ങിയ വേളയില്‍ മക്കാനിവാസികളും പ്രവാചകനോട് പരുഷമായിട്ടു തന്നെയാണ് പ്രതികരിച്ചത്. പതിമൂന്ന് വര്‍ഷത്തെ മക്കാ പ്രബോധന കാലയളവില്‍ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് പ്രവാചക അധ്യാപനങ്ങള്‍ക്ക് ചെവികൊടുത്തു കൊണ്ട് ഇസ്‌ലാമിന്റെ പാതയിലേക്ക് വന്നത്. മക്കയിലെ ഇസ്‌ലാം വിരോധികളില്‍ നിന്നും ക്രൂരമായ പീഡനങ്ങളേള്‍ക്കേണ്ടി വന്നു ഈ ന്യൂനപക്ഷം. മക്കയില്‍ നിന്നും മദീനയിലേക്ക് പാലായനം ചെയ്തതിനു ശേഷം അല്‍പ്പം കുറവു വന്നെങ്കിലും ഇസ്‌ലാമിനും പ്രവാചകനും നേരെയുള്ള അക്രമ മര്‍ദ്ദനങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു. എന്നാല്‍ ഇത്തരം അക്രമ മര്‍ദ്ദനങ്ങള്‍ പ്രവാചകന്റെ വ്യക്തിത്വത്തെ കൂടുതല്‍ പ്രഭാപൂരിതമാക്കുകയാണ് ചെയ്തത്. പ്രവാചകനെ സംബന്ധിച്ചിടത്തോളം ഈ അക്രമ മര്‍ദ്ദനങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ത്യാഗം ചെയ്യാനും ക്ഷമയവലംബിച്ച് ദൈവിക മാര്‍ഗത്തില്‍ അടിയുറച്ചു നില്‍ക്കാനുമുള്ള പ്രചോദനമാവുകയായിരുന്നു. പ്രവാചകന്‍ പകര്‍ന്നു നല്‍കിയ ഈ അതുല്യമായ അധ്യാപന രീതിയാണ് നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഇസ്‌ലാമിനെ പ്രോജ്വലിച്ചു നിര്‍ത്തുന്നതിന്റെ കാരണം. ലോകത്ത് ഏറ്റവും കൂടുതല്‍ വേഗത്തില്‍ പ്രചുര പ്രാചാരം നേടിക്കൊണ്ടിരിക്കുന്ന മതമായി ഇസ്‌ലാമിനെ മാറ്റിയതിനു പിന്നിലും പ്രവാചകന്റെ അധ്യാപനങ്ങള്‍ക്കുള്ള പങ്ക് നിസ്തുലമാണ്. പ്രവാചകന്റെ ഈ അധ്യാപന രീതിയാണ് നമുക്കും മാതൃകയാകേണ്ടത്.
വിവ : ജലീസ് കോഡൂര്‍
Tuesday, 12 December 2017
ഉമ്മമാര്‍ക്ക് ചില പൊടിക്കൈകള്‍
മറിയ സെയിന്‍

വീടിന് ചുറ്റുമുളള കുഞ്ഞുകൈകള്‍
മിക്ക കുട്ടികളും എന്തെങ്കിലും ശേഖരിക്കുകയും അത് അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ വൃത്തിയാക്കി വെക്കുകയും ചെയ്യുന്നവരാണ്. ക്രയോണ്‍സുമായി ചുവരിലോ വിശന്ന വയറുമായി ഫ്രിഡ്ജിലോ റൂമിന് വിലങ്ങിട്ട് ഓടുന്നതായോ എന്തെങ്കിലും കുഴിച്ചെടുക്കുന്നതായോ നിങ്ങള്‍ക്കവരെ എവിടെയും കാണാം. നിങ്ങള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കണ്ടുകൊണ്ടിരിക്കുന്നത് സ്‌നേഹത്തോടെ തട്ടിമാറ്റിക്കൊണ്ടും അവരുണ്ടാവാം.
ഏതെങ്കിലും മാതാവിനറിയുമോ ഈ കുഞ്ഞുകൈകള്‍ അവര്‍ വീടെന്നു വിളിക്കുന്നിടം സംഹരിക്കാന്‍ പോലും കാരണമാകുമെന്നത്. ചിലപ്പോഴവര്‍ പടക്കം പൊട്ടിക്കുകയോ സ്വീകരണമുറിയില്‍ വെച്ച് ഇഷ്ടികക്കഷ്ണം മുകളിലേക്കെറിയുകയോ ചെയ്യുന്നത് കാണുമ്പോള്‍ ഈ കൈകള്‍ ഒരിക്കല്‍ നമ്മള്‍ തൊട്ടിലിലാട്ടിയതാണെന്നും ഭാവിയിലത് ലോകത്തെ പോലും നശിപ്പിക്കാന്‍ പ്രാപ്തമാണെന്നതും വിസ്മരിക്കാവതല്ല.
എന്നാല്‍ ലോകം നശിപ്പിക്കുന്നതിനും വസ്ത്രം മടക്കു നീര്‍ത്തുന്നതിനുമിടയില്‍ നിന്ന് എങ്ങനെയാണ് മാതാവിന് കുഞ്ഞുവാവകളെ വീടിനു ചുറ്റുവട്ടത്ത് സഹായത്തിനായി കിട്ടുക? അതും അവര്‍ ചെറുതാണെന്ന് അവര്‍ക്കുതന്നെ ബോധ്യമുളളപ്പോള്‍. അടുക്കും ചിട്ടയുമില്ലാത്ത വീടിന്റെ പവിത്രത ആസ്വദിക്കാന്‍ തിരക്കുപിടിച്ച കുഞ്ഞുകൈകള്‍ക്ക് കഴിയുമോ?
വീട്ടിലുള്ള സാധനങ്ങള്‍ പുനക്രമീകരിക്കാനോ കൈകാര്യം ചെയ്യാനോ ഉദ്ദേശിച്ചാല്‍ ആദ്യം അതെങ്ങനെയെന്ന് ചിന്തിക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം- അത് ഫര്‍ണിച്ചറുകളോ ബോക്‌സോ കളിപ്പാട്ടങ്ങളോ മറ്റു പൊട്ടുന്ന വസ്തുക്കള്‍ എന്തുതന്നെയായാലും ശരി. ഇവയെല്ലാം എളുപ്പത്തില്‍ വൃത്തിയാക്കാന്‍ പറ്റുന്നതും വേഗം കേടുവരാത്തതുമായ രീതിയില്‍ അധികം അലങ്കോലമാകാതെ ക്രമീകരിക്കാന്‍ ശീലിപ്പിക്കുകയാണ് വേണ്ടത്.
അടപ്പുള്ള പെട്ടികള്‍ ഉചിതമായ ഉയരമുള്ളിടങ്ങളില്‍ സൂക്ഷിക്കുന്നത് കൂടുതല്‍ സഹായകമാവും. യഥാര്‍ഥത്തില്‍ സൂക്ഷിക്കുന്ന രീതി വിവിധ കാലഘട്ടങ്ങളിലുള്ള കുടുംബങ്ങള്‍ പോലും പ്രോത്സാഹിപ്പിക്കുന്ന തരത്തിലാവുന്നതാണ് നല്ലത്.
ചെറിയ പുസ്തകങ്ങള്‍ എളുപ്പത്തില്‍ എത്തുന്നിടത്ത് വെക്കാം. അതുപോലെ കുട്ടികള്‍ക്കുളള കളിപ്പാട്ടങ്ങളും, മറ്റുമെല്ലാം സുരക്ഷിതമായി അവക്കു മുകളിലുള്ള തട്ടുകളിലും സൂക്ഷിക്കാം. യഥാര്‍ഥത്തില്‍ ഇങ്ങനെ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും വൃത്തിയായി അടുക്കിവെച്ചാല്‍ തന്നെ ഒരു പരിധിവരെ വീട് അലങ്കോലമാവാതെ സൂക്ഷിക്കാനാവും. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ വീണ്ടും ഒന്നുകൂടി അടുക്കിവെക്കുന്നത് നല്ലതാണ്.
ഓരോ കുട്ടിക്കും അവരുടെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേകം സ്ഥലം ഉണ്ടായിരിക്കണം. അവിടം എളുപ്പത്തില്‍ വൃത്തിയാക്കാനും പരിചരിക്കാനും കുട്ടികള്‍ക്കു തന്നെ അവസരം കൊടുക്കണം. ഒരു ചെറിയ മൂല അവര്‍ക്ക് വേണ്ടി ഒരുക്കിക്കൊടുത്താല്‍, സ്വന്തം കളിപ്പാട്ടങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ അവിടെ സൂക്ഷിക്കാനും ഇഷ്ടമായിരിക്കും. കളിക്കു ശേഷം കളിപ്പാട്ടം എവിടെ വെക്കണമെന്ന് കാണിച്ചുകൊടുത്ത് നിത്യവും അവിടെത്തന്നെ വെക്കുന്നത് ശീലമാക്കി മാറ്റുക. ഇത്തരം ശീലങ്ങള്‍ കുറച്ച് വലിയ കുട്ടികളെ പഠിപ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ നന്നെ ചെറിയ കുട്ടികളെ ഇങ്ങനെ ശീലിപ്പിക്കാനാവില്ല. മുതിര്‍ന്നവരെ അനുകരിക്കാനുള്ള നൈസര്‍ഗികമായ ഉത്സാഹം തന്നെയാണ് അവരുടെ കാര്യത്തില്‍ നമുക്കുള്ള നേട്ടം.
സ്‌നേഹിക്കാനൊരു വീട്
പ്രഭാതപ്രാര്‍ഥനക്കൊരുങ്ങുമ്പോള്‍ കുട്ടികളെ കൂടി ഉള്‍പ്പെടുത്തുന്നത് ഒരു ശീലമാക്കുക. ചൊരിഞ്ഞുകിട്ടിയ അനുഗ്രഹങ്ങളെക്കുറിച്ച് അവരുമായി ചര്‍ച്ച ചെയ്യാം. അവരുടെ ബെഡ്, പ്രഭാത ഭക്ഷണം, ബന്ധുക്കള്‍ തുടങ്ങി നിത്യജീവിതത്തില്‍ ഇടപഴകുന്നതെല്ലാം അള്ളാഹുവില്‍ നിന്നുള്ള അനുഗ്രമാണെന്ന് അവര്‍ക്ക് പറഞ്ഞകൊടുക്കാം.
മക്കള്‍ താമസിക്കുന്ന വീട് അള്ളാഹുവില്‍ നിന്നുള്ള മഹത്തായ അനുഗ്രഹമാണെന്നും അതിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തുന്നതോടൊപ്പം ചെറുപ്രായത്തില്‍ തന്നെ ദാതാവിനോടുള്ള ആഴത്തിലുള്ള സ്‌നേഹം വികസിപ്പിക്കാന്‍ സാധിക്കണം. കുട്ടികള്‍ക്ക് പ്രകൃതിദത്തമായി തങ്ങള്‍ വലിയവരാണെന്ന് ചുറ്റുപാടില്‍ നിന്ന് തോന്നിത്തുടങ്ങിയാല്‍ അതിനെല്ലാം നിമിത്തമായ അനുഗ്രഹങ്ങള്‍ക്ക് 'അല്‍ഹംദുലില്ലാ' എന്നു പറഞ്ഞുകൊണ്ടു തന്നെ നന്ദി പ്രകാശിപ്പിക്കണമെന്ന് ബോധ്യപ്പെടണം.
ഒരു കുടുംബം എന്ന നിലക്ക് കുടുംബാംഗങ്ങളെല്ലാം ഒന്നിച്ച് ഐക്യത്തോടെ പണിയെടുക്കുകയാണെങ്കില്‍ അതൊരു ഭാരമാവില്ല. ഒന്നിച്ചു മുന്നോട്ട്‌പോവുക എന്നത് ഒരനുഗ്രഹമാണ്. എങ്കില്‍ അവിടം അനുഗ്രഹിക്കപ്പെടുന്നതും ഒന്നിച്ചായിരിക്കും.
ലോകത്തെക്കുറിച്ച് കുട്ടികളോട് പറയുക, അവിടെ വ്യത്യസ്ത കഴിവുകളും ജീവിതരീതിയും പിന്തുടരുന്ന ആളുകളെ കാണാം. ലഭിച്ച അനുഗ്രഹങ്ങളുടെ പോരായ്മ പരാതിയായി ബോധിപ്പിക്കുന്നതിന് പകരം നമുക്ക് ലഭിച്ച അത്രപോലും നന്മകള്‍ ലഭിക്കാത്തവര്‍ അതിനുവേണ്ടി പ്രാര്‍ഥിക്കുന്നുണ്ടാവും എന്ന് വെളിപ്പെടുത്താം.
നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുമ്പോള്‍, ഒരു ചെറിയ വീടാണെങ്കിലും അത് വൃത്തിയാക്കി അടുക്കും ചിട്ടയോടെ സൂക്ഷിക്കുന്നതിലൂടെ അവരുടെ സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കപ്പെടും. വീടൊരു സ്‌നേഹാലയമാണെന്ന് അവരെ ധരിപ്പിക്കുക. അവരുടെ പുസ്തകവും കളിക്കോപ്പും യഥാസ്ഥാനത്ത് തന്നെ വെക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
ചെറിയ വീട്ടുജോലികള്‍ക്കൊരു ചാര്‍ട്ടുണ്ടാക്കാം
ഒരു വീട്ടിലെ ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം വീട്ടുജോലിയുണ്ട്. ചെറിയ കുട്ടികള്‍ക്ക് അവരുടെ പെന്‍സിലും കളിപ്പാട്ടവും സൂക്ഷിക്കാന്‍ ചിലപ്പോള്‍ സഹായം ആവശ്യമായി വരും. കളിസ്ഥലം വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ഒന്നിച്ച് പണിയെടുക്കുക. കുറച്ച് മുതിര്‍ന്ന കുട്ടികള്‍ക്ക് അടുക്കളയിലും ഭക്ഷണ സമയത്ത് ഹാളിലും സഹായിക്കാന്‍ കഴിയും. കുടുംബത്തിന്റെ നല്ല നീക്കുപോക്കിന് കുട്ടികളുടെ സഹകരണം അത്യാവശ്യമാണ്. യഥാര്‍ഥത്തില്‍ എല്ലാം വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ശീലമാണ്.
സമയാധിഷ്ഠിതമായി വൃത്തിയാക്കാം
ഇങ്ങനെ ചെയ്യാന്‍ ആദ്യമായി ഒരു ഷെഡ്യൂള്‍ ഉണ്ടാക്കുന്നത് നല്ലതാണ്. ഉച്ചഭക്ഷണത്തിന് മുമ്പ്, വൈകുന്നേരത്തിന് മുമ്പ് തുടങ്ങി പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യാന്‍ ഇങ്ങനെ സമയം ക്രമീകരിക്കുക. ഉദാഹരണമായി എല്ലാവരും ഇരുപത് മിനുട്ടിനുള്ളില്‍ ജോലി പൂര്‍ത്തീകരിക്കുക എന്ന രീതി തമാശയായി ഉള്‍ക്കൊണ്ടാല്‍ അത് ഭംഗിയായി പൂര്‍ത്തീകരിക്കാനാകും. ഓടി, ചിരിച്ച് പോയിന്റുകള്‍ കരസ്ഥമാക്കി അവരവര്‍ക്കവരുടെ ജോലി പൂര്‍ത്തീകരിക്കാം. ഇതൊരു പതിവ് പ്രക്രിയയായി നിലനിര്‍ത്താനാവും. എപ്പോഴും ഇങ്ങനെ ചെറിയ ജോലികളില്‍ സഹായിക്കുകയാണെങ്കില്‍ അത് കുട്ടികളെ സംബന്ധിച്ച് ഒരു ശീലമായിത്തീരും. ശീലങ്ങളാണ് നല്ല സ്വഭാവത്തിന് ഉടമയായി അവരെ മാറ്റുന്നത്.
വ്യത്യസ്ത ആളുകള്‍ക്ക് വ്യത്യസ്തമായ അഭിരുചികളും കഴിവുകളുമാണ് ഉള്ളത്. എങ്കിലും സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതെല്ലാം അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹമാണെന്നും അത്തരം അനുഗ്രഹങ്ങള്‍ തുടര്‍ന്നും ലഭ്യമാകാന്‍ പ്രാര്‍ഥിക്കണമെന്നും ബോധ്യമാണ്.
ഒരു സ്‌കോര്‍ ചാര്‍ട്ട് ഉണ്ടാക്കാം
കുട്ടികളെ പ്രീതിപ്പെടുത്താന്‍ ഏറെ പര്യാപ്തമായതാണിത്. ഇത് കൗമാരക്കാര്‍ക്കുപോലും യോജിച്ചതാണ്. എല്ലാത്തിനുമായി ഒരു ചെറിയ സ്റ്റിക്കര്‍ ചാര്‍ട്ട് ഉണ്ടാക്കുക എന്നത് വീട് വൃത്തിയാക്കി സൂക്ഷിക്കുകയെന്നത് പ്രോത്സാഹിപ്പിക്കാനുള്ള ഉത്തമ മാര്‍ഗമാണ്. പിന്നീടവര്‍ പതിവായി ചാര്‍ട്ടില്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ വേണ്ടി വീടും ചുറ്റുപാടും നന്നായി നോക്കിനടത്തുന്നതില്‍ സഹായിക്കാന്‍ സന്നദ്ധരാവുന്നത് കാണാം.
കുട്ടികളെ പാര്‍ക്കിലേക്കും മറ്റും കൊണ്ടുപോവുകയും ഐസ്‌ക്രീം പോലുളളവ വാങ്ങിക്കൊടുക്കുകയും ചെയ്യുന്നത് വ്യത്യസ്തമായ ഒരു സമ്മാനമായിത്തന്നെ അവര്‍ പരിഗണിക്കും. അവസാനമായി ഇത്തരം കാര്യങ്ങളെല്ലാം നടപ്പിലാക്കി വരുമ്പോള്‍ നമുക്ക് ചിലതെല്ലാം നേടിയതായും മറ്റു ചിലത് നഷ്ടപ്പെട്ടതായും കാണാന്‍ കഴിയും. വീട്ടിലെ വസ്തുവകകള്‍ സംഹരിച്ച് ഓടിനടക്കുന്ന മക്കളെ നോക്കി, മേല്‍പറഞ്ഞ കാര്യങ്ങളില്‍ ഏറെയും നമുക്ക് നഷ്ടമാണ് സംഭവിച്ചതെങ്കില്‍ പോലും മക്കള്‍ ദൈവത്തിന്റെ വരദാനം തന്നെയാണ്. യഥാര്‍ഥത്തില്‍ അവരുടെ ഉയര്‍ച്ച താഴ്ചകളും പ്രയത്‌നങ്ങളുമെല്ലാം നന്നായറിയുന്നവന്‍ അള്ളാഹു മാത്രമാണ്.
ചില ദിവസങ്ങളില്‍ വീട് മറ്റെന്തിനേക്കാളും വൃത്തിയുള്ളതായിരിക്കും. ചിലപ്പോള്‍ നേരെ മറിച്ചായിരിക്കും. എന്നാല്‍ അവരുടെ കുട്ടിത്തത്തിന്റെ അവസാനത്തില്‍ എല്ലാം ആനുപാതികമായി മാറും. അവര്‍ നല്ല രീതിയില്‍ ആസ്വദിച്ച് നിങ്ങള്‍ക്കൊപ്പം നിന്ന് വീടും വീടകവും സംരക്ഷിക്കും. കൂടാതെ അന്നവര്‍ക്കൊപ്പം ആ വീടിന്റെ എല്ലാ മുക്കുമൂലകളിലും അവരുടെ കുഞ്ഞുകൈകള്‍ തീര്‍ത്ത മധുരിക്കുന്ന ഓര്‍മകളുമുണ്ടായിരിക്കും.
വിവ: ഫാത്തിമ ബിശാറ
Sunday, 10 December 2017
കുട്ടികളോട് സംസാരിക്കേണ്ടത് എങ്ങനെ?
ഡോ. ജാസിം മുതവ്വ

മക്കളുടെ സാന്നിധ്യത്തില്‍ നിരുപദ്രവകരമെന്ന് കരുതി മാതാപിതാക്കള്‍ നടത്തുന്ന പല പരാമര്‍ശങ്ങളും മക്കളുടെ സ്വഭാവ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്, മാതാപിതാക്കള്‍ അത് വേണ്ടത്ര ഗൗനിക്കാറില്ലെങ്കിലും. കുട്ടികളുടെ സംസ്‌കരണ പ്രക്രിയയില്‍ മാതാപിതാക്കളുടെ വാക്കുകള്‍ക്ക് കാര്യമായ പങ്കുണ്ട്. മക്കളെ പ്രോത്സാഹിപ്പിച്ചും അനുമോദിച്ചും അവരെ വിലയിരുത്തിയും ദേഷ്യം പ്രകടിപ്പിച്ചും നാം പറയുന്ന വാക്കുകള്‍ തീര്‍ച്ചയായും അവരില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. കുട്ടികളുടെ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഞാന്‍ ഇടപെടേണ്ടി വന്ന പല വിഷയങ്ങളിലും മാതാപിതാക്കളുടെ മോശം വാക്കുകളാണ് കുട്ടികളെ തെറ്റായ മാര്‍ഗത്തിലേക്ക് വഴിതിരിച്ചു വിടുന്നതിന് കാരണമായിട്ടുള്ളതെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. വീട്ടില്‍ നിന്നും ഒളിച്ചോടിപ്പോയ യുവാവുമായി സംസാരിച്ചപ്പോള്‍ എനിക്ക് മനസ്സിലായത്, ആ യുവാവിനെ അലട്ടുന്ന പ്രധാന പ്രശ്‌നം മാതാപിതാക്കളുടെ ഭാഗത്തു നിന്നും മോശം വാക്കുകളും വര്‍ത്തമാനങ്ങളും നിരന്തരം കേള്‍ക്കേണ്ടി വരുന്നു എന്നതായിരുന്നു. മോശം സ്വഭാവത്തിനുടമയായ ഒരു യുവതിയുമായി സംസാരിച്ചപ്പോള്‍, മാതാപിതാക്കള്‍ അവളോട് നിരന്തരം മോശമായി പെരുമാറുന്നതിന് പ്രതികാരം ചെയ്യാന്‍ വേണ്ടിയാണ് അവള്‍ ഈ വൃത്തികെട്ട സ്വഭാവം തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കുകയുണ്ടായി. മക്കളില്‍ നല്ലതല്ലാത്ത സ്വഭാവങ്ങള്‍ വളര്‍ത്തുന്നതിനും അവരുടെ സാംസ്‌കാരിക മൂല്യച്യുതിക്കും കാരണമായേക്കാവുന്ന വാക്കുകളെ കുറിച്ചും സംസാരങ്ങളെ കുറിച്ചും മാതാപിതാക്കളെ ഉണര്‍ത്താനാണ് ഇവിടെ ആഗ്രഹിക്കുന്നത്.
1. നായ, കഴുത, പോത്ത് തുടങ്ങി മൃഗങ്ങളുടെ പേരുകളില്‍ കുട്ടികളെ വിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യാതിരിക്കുക.
2. അനുസരണ ശീലമില്ലാത്തവന്‍, നുണയന്‍, വൃത്തികെട്ടവന്‍, വിഡ്ഢി, കള്ളന്‍ തുടങ്ങിയ പ്രതിലോമകരമായ വാക്കുകള്‍ വിളിച്ചു കുട്ടികളെ നിന്ദിക്കുകയും ആക്ഷേപിക്കുകയും ചെയ്യരുത്. ആക്ഷേപ വാക്കുകള്‍ മക്കളുടെ ഹൃദയങ്ങളിലാണ് പതിക്കുന്നതെന്ന് ഓര്‍ക്കുക.
3. മക്കളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് അവരുടെ വ്യക്തിത്വത്തെ ബാധിക്കുകയും തകര്‍ക്കുകകയും ചെയ്യും. കാരണം, എല്ലാ കുട്ടികള്‍ക്കും അവരുടേതായ കഴിവുകളും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ ശേഷികളുമുണ്ടാകും. മറ്റുള്ളവരുമായി അവരെ താരതമ്യം ചെയ്യുന്നത് അവരെ മാനസികമായി തകര്‍ക്കുകയും ആരുമായാണോ താരതമ്യം ചെയ്യപ്പെടുന്നത് അവരെ വെറുക്കാനും ഇടയാക്കുന്നു.
4. മക്കളെ ഉപാധികള്‍ വെച്ച് സ്‌നേഹിക്കരുത്. അഥവാ, ചില നിശ്ചിത പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചാല്‍ നിന്നെ എനിക്കിഷ്ടമാകുമെന്ന് പറയുക. (നീ ഇത് തിന്നാല്‍ അല്ലെങ്കില്‍ നീ വിജയിച്ചാല്‍, അത് ഓര്‍ത്തെടുത്താല്‍ ഞാന്‍ നിന്നെ ഇഷ്ടപ്പെടും എന്ന് പറയുക). സ്‌നേഹത്തിന് ഉപാധികള്‍ വെക്കുന്നത് കുട്ടികളില്‍ അവര്‍ സ്‌നേഹിക്കപ്പെടുന്നില്ലെന്ന ബോധമുളവാക്കും. ചെറുപ്പത്തില്‍ ഇപ്രകാരം സ്‌നേഹം ലഭിക്കാത്തവര്‍ മുതിര്‍ന്നാല്‍ കുടുംബവുമായുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ താല്‍പര്യം കാണിക്കുകയില്ല. കാരണം, ചെറുപ്പത്തില്‍ അവര്‍ കുടുബത്തില്‍ വെറുക്കപ്പെട്ടവരായിരുന്നു എന്ന ബോധം അവരിലുണ്ടാകും. പിതാമഹനും പിതാമഹിയും ഇപ്രകാരം ഉപാധികള്‍ വെച്ച് സ്‌നേഹിക്കുകയില്ലെന്ന കാരണത്താലാണ് കുട്ടികള്‍ അവരോട് കൂടുതല്‍ സ്‌നേഹം കാണിക്കുന്നത്.
5. കുട്ടികള്‍ക്ക് തെറ്റായ വിവരങ്ങള്‍ പറഞ്ഞു കൊടുക്കുന്നത് അവരുടെ സ്വഭാവത്തില്‍ പ്രതിഫലിക്കും.
6. കുട്ടികളുടെ ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനാവശ്യമായി തടസ്സം നില്‍ക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് തടസ്സം പറയുകയും ചെയ്യാതിരിക്കുക. (നിനക്കൊന്നും മനസിലാവില്ല, മിണ്ടാതിരിക്ക് പിശാചേ, നിന്നെകൊണ്ട് ഒരു ഉപകാരവുമില്ല) തുടങ്ങിയ വാക്കുകളും വര്‍ത്തമാനങ്ങളും ഒഴിവാക്കുക.
7. മക്കളെ ഭീഷണിപ്പെടുത്തുന്നതും പേടിപ്പിക്കുന്നതും നല്ലതല്ല. (നിന്നെ ഞാന്‍ കൊല്ലും, നിന്റെ തല ഞാന്‍ അടിച്ചു പൊളിക്കും തുടങ്ങിയവ).
8. അവരുടെ ആവശ്യങ്ങള്‍ യാതൊരു കാരണവും കൂടാതെ നിരന്തരം നിഷേധിക്കുന്നതും ആവശ്യങ്ങള്‍ നിഷേധിക്കുന്നതിനുള്ള കാരണം അവരെ ബോധ്യപ്പെടുത്താതിരിക്കുന്നതും നിഷേധാത്മകമായ സ്വാധീനമായിരിക്കും അവരില്‍ ചെലുത്തുക.
9. നാശം പിടിച്ചവന്‍, അല്ലാഹു നിന്നെ ശിക്ഷിക്കും, മരിച്ചു പോകട്ടെ തുടങ്ങിയ ശാപവാക്കുകള്‍ കുട്ടികളോട് ഒരിക്കലും പറയരുത്.
10. കുട്ടികളുടെ രഹസ്യങ്ങള്‍ പരസ്യമാക്കിയും മറ്റും അവരോട് വിശ്വാസ വഞ്ചന കാണിക്കുകയും അരുത്.
ഈ പറഞ്ഞ പത്തു കാര്യങ്ങളും മാതാപിതാക്കള്‍ വളരെ ഗൗരവത്തോടെ മനസിലാക്കേണ്ടതും അനുവര്‍ത്തിക്കേണ്ടതുമാണ്. കുട്ടിയായിരിക്കുന്നതു മുതല്‍ കൗമാരം വരെയുള്ള കാലത്തിനിടയില്‍ ശരാശരി 16,000 ആക്ഷേപ വാക്കുകള്‍ മാതാപിതാക്കളില്‍ നിന്നും മക്കള്‍ കേള്‍ക്കുന്നതായി ഇതു സംബന്ധിമായി നടത്തിയ ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എട്ടു വയസാകുന്നതിന് മുമ്പ് 5000 ത്തിലധികം ആക്ഷേപ വാക്കുകള്‍ കേള്‍ക്കേണ്ടി വരുന്ന ഒരു കുട്ടിയെ കുറിച്ച് നിങ്ങള്‍ ആലോചിച്ചു നോക്കുക. അവന്റെ വ്യക്തിത്വത്തെയും ജീവിതത്തെയും തകര്‍ക്കാന്‍ അതിനേക്കാള്‍ വലിയ ആയുധങ്ങള്‍ പിന്നെ ആവശ്യമുണ്ടോ? ഇവിടെ ഞാന്‍ പറഞ്ഞ എല്ലാ കാര്യങ്ങളെയും പ്രവാചകന്‍ നാലു വാക്കുകളില്‍ ഒതുക്കി വളരെ ചുരുക്കി പ്രസ്താവിച്ചിട്ടുണ്ട്. പ്രവാചകന്‍ (സ) പറഞ്ഞു : 'വിശ്വാസി കുത്തുവാക്കുകളോ ശാപവാക്കുകളോ പറയുന്നവനല്ല, അവന്‍ മോശക്കാരനും മര്യാദ കെട്ടവനുമായിരിക്കില്ല'. പ്രവാചകന്‍ പറഞ്ഞ ഈ പറഞ്ഞ നാലു ദുസ്വഭാവങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനും അതോടൊപ്പം മക്കളെ സ്‌നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും അവരെ അഭിനന്ദിക്കാനും ആദരിക്കാനും നമുക്ക് സാധിക്കണം.
മക്കള്‍ക്ക് നമുക്ക് നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനം നല്ല വാക്കുകളാണ്. അല്ലാഹു പറയുന്നു : 'ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉത്തമം നല്ലവാക്കു പറയലും വിട്ടുവീഴ്ച കാണിക്കലുമാകുന്നു' (അല്‍ ബഖറ : 263). നമ്മള്‍ മക്കള്‍ക്ക് ഭക്ഷണവും വസ്ത്രവും കളിപ്പാട്ടങ്ങളും വിദ്യാഭ്യാസവും മറ്റു പലതും നല്‍കുന്നു. എന്നാല്‍ അതേസമയം തന്നെ നമ്മുടെ വാക്കുകളിലൂടെ അവരെ നാം നശിപ്പിക്കുകയും ചെയ്യുന്നു. ഇത് വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ്. ദാനവും നല്ല വാക്കുകളും മനുഷ്യ മസ്തിഷ്‌ക്കത്തില്‍ ഒരേ സ്വാധീനമാണ് ചെലുത്തുന്നതെന്ന് ആധുനിക പണ്ഡിതന്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. വാക്കുകള്‍ക്ക് മക്കളുടെ സംസ്‌കരണ പ്രക്രിയയില്‍ വളരെ വലിയ സ്വാധീനമുണ്ടെന്ന് മനസ്സിലാക്കി നാം പ്രയോഗിക്കുന്ന വാക്കുകള്‍ എപ്രകാമുള്ളതായിരിക്കണമെന്ന് നാം തന്നെ തീരുമാനിക്കണം. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വാക്കുകളാണ്, ഒരു വാക്കു കൊണ്ട് ഇസ്‌ലാമില്‍ പ്രവേശിക്കുകയും പുറത്തു പോവുകയും ചെയ്യാം, അതുപോലെ തന്നെ വാക്കു കൊണ്ട് സ്ത്രീ പുരുഷന്‍മാര്‍ തമ്മില്‍ ഇണകളാകുകയും വേര്‍പിരിയുകയും ചെയ്യും. അതുകൊണ്ട് വാക്കുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നാം അതീവ ശ്രദ്ധാലുക്കളായിരിക്കണം. നമ്മുടെ മക്കളുടെ വളര്‍ച്ചയിലും പുരോഗതിയിലും സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന വാക്കുകളും വര്‍ത്തമാനങ്ങളുമായിരിക്കണം നമ്മുടേത്. അങ്ങനെ നമ്മുടെ മക്കള്‍ ഏറ്റവും മികച്ച സ്വഭാവത്തിനുടമകളായി മാറട്ടെ.
വിവ : ജലീസ് കോഡൂര്‍
Saturday, 9 December 2017
എന്റെ ഉമ്മയും ഉപ്പയുമാണ് എന്നെ ദീനില്‍ നിന്നും അകറ്റിയത്!

'ഞാന്‍ മതത്തെയും മതനിഷ്ഠ പുലര്‍ത്തുന്നവരെയും വെറുക്കുന്നു' - നമസ്‌കാരം, ദീനിനെ കുറിച്ച സംസാരം ഇതൊന്നും എനിക്കിഷ്ടമല്ലാതായി തീര്‍ന്നിരിക്കുന്നു- അവന്‍ സംസാരിച്ചു തുടങ്ങിയത് ഇപ്രകാരമാണ്.
മതത്തെയും മതനിഷ്ഠയുള്ളവരെയും നീ വെറുക്കാന്‍ കാരണമെന്താണ്? -ഞാന്‍ അവനോട് ആശ്ചര്യത്തോടെ ചോദിച്ചു.
അവന്‍ തൊട്ടടുത്തിരിക്കുന്ന സഹോദരിയിലേക്ക് നോക്കി..അവളോട് പറഞ്ഞു. നാം എന്തുകൊണ്ടാണ് ഇത് വെറുത്തതെന്ന് വിശദീകരിച്ചുകൊടുക്കൂ! അവള്‍ പറഞ്ഞു. ഒരു കഥ പറഞ്ഞുകൊണ്ടു തുടങ്ങാം. എനിക്ക് ഇപ്പോള്‍ പതിനഞ്ച് വയസ്സായിട്ടുണ്ട്. എന്റെ സഹോദരന് പതിനേഴും. ഞങ്ങളുടെ മാതാപിതാക്കളെ കുറിച്ച് ചില പരാതികള്‍ നിങ്ങളെ അറിയിക്കാനാണ് താങ്കളുടെ അടുത്തേക്ക് വന്നിട്ടുള്ളത്. ഇവര്‍ തന്നെയാണ് ഞങ്ങളില്‍ മതത്തോടും മതനിഷ്ഠ പുലര്‍ത്തുന്നവരോടും അകല്‍ച്ച സൃഷ്ടിക്കാന്‍ പ്രധാന കാരണം.
എന്റെ ഉമ്മ പര്‍ദ്ധ ധരിക്കുകയും ദീനിന്റെ പ്രകടമായ നിഷ്ഠകള്‍ പാലിക്കുകയും ചെയ്യുന്നവളാണ്. പക്ഷെ, അവളുടെ സ്വഭാവ പെരുമാറ്റങ്ങള്‍ക്ക് ദീനുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ചെറുപ്പകാലം മുതല്‍ തന്നെ ദീനിനോട് മടുപ്പുളവാക്കുന്ന രീതിയിലാണ് ഉമ്മ ഞങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നത്. 'കളവ് പറയുന്നവരെ അല്ലാഹു നരകത്തിലിട്ട് കരിക്കും' എന്ന് ഞങ്ങളോട് പറയുമായിരുന്നു. അതേ സമയം ഞങ്ങളുടെ മുമ്പില്‍ വെച്ച് തന്നെ അവള്‍ നിരന്തരം കളവ് പറയുകയും ചെയ്യുമായിരുന്നു. അപ്പോള്‍ അല്ലാഹു എന്തിനാണ് ചെറിയ കുരുന്നുകളെ ഇപ്രകാരം തീയിലിട്ട് കരിക്കുകയും വലിയവരെ ശിക്ഷിക്കാതെ വെറുതെ വിടുകയും ചെയ്യുന്നത്!! എന്ന് ഞങ്ങള്‍ പരസ്പരം ചോദിക്കുമായിരുന്നു. ഞാനും എന്റെ പെങ്ങളും വല്ല പ്രവര്‍ത്തിയിലുമേര്‍പ്പെടുമ്പോള്‍ ഇപ്രകാരം ചെയ്യുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല എന്ന് ഉമ്മ പറയും. അപ്രകാരം അല്ലാഹു ഞങ്ങളെ ഇഷ്ട്‌പ്പെടുന്നവനല്ല എന്ന ഒരു ബോധ്യം ഞങ്ങളില്‍ കടന്നുകൂടി. മാത്രമല്ല കുട്ടികളെ അവന്‍ നരകത്തീയിലിട്ടു കരിക്കുമെന്നും! പിന്നെ എന്തിനാണ് നാം അവനെ ആരാധിക്കുകയും അവന് വേണ്ടി ഇബാദത്ത് ചെയ്യുകയും ചെയ്യുന്നത്?
ഉടന്‍ സഹോദരനിടപെട്ടു പറഞ്ഞു : ഞങ്ങളെ ചീത്തപറയുകയും അടിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ ജനങ്ങളോട് ദീനിനെ പറ്റി അവള്‍ ഉപദേശിക്കുകയും ചെയ്യും. പിന്നെ എന്ത് ദീനിനെ കുറിച്ചാണ് ഉമ്മ സംസാരിക്കുന്നത്?
ഞങ്ങളുടെ പിതാവ് നമസ്‌കരിക്കുകയും മതനിഷ്ഠ പുലര്‍ത്തുകയും ചെയ്യുന്നവനാണ്. പക്ഷെ, അശ്ലീല സിനിമകള്‍ അദ്ദേഹം കാണുന്നതായി നിരവധി തവണ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മൊബൈലിലൂടെ അന്യസ്ത്രീകളുമായി സല്ലപിക്കുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്. കമ്പനിയുടെ സ്വത്തുക്കള്‍ സ്വന്തം എക്കൗണ്ടിലേക്ക് വരവ് വെക്കുന്നതും ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ ഞാനും സഹോദരിയും നമസ്‌കരിച്ചില്ലെങ്കില്‍ അദ്ദേഹം ഞങ്ങളെ അടിക്കുകയും ചെയ്യുമായിരുന്നു. അപ്രകാരം ഞങ്ങള്‍ നമസ്‌കാരം മാത്രമല്ല, ദീനിനെ തന്നെ വെറുക്കാന്‍ തുടങ്ങി. ഞങ്ങളുടെ വീട്ടില്‍ ദിനേന കണ്ടുകൊണ്ടിരിക്കുന്ന ഈ മതത്തിന്റെ പേരിലുള്ള കാപട്യവും ഞങ്ങള്‍ വെറുത്തു.
മതത്തിന്റെ അന്തസത്തയെയും മതനിഷ്ഠ പുലര്‍ത്തുന്നവരെയും കുറിച്ച് ഞാന്‍ അവരോട് സംസാരിച്ചുതുടങ്ങി. ദീന്‍ എന്നത് ഒരു ജീവിത പദ്ധതിയാണ്. മനുഷ്യന്റെ ഐഹികവും പാരത്രികവുമായ ജീവിതത്തിലെ സന്തോഷത്തിനും വിജയത്തിനുമായി അല്ലാഹുവില്‍ നിന്നും അവതീര്‍ണമായ കല്‍പനകളും സാരാംശങ്ങളുമാണത്. മതനിഷ്ഠ പുലര്‍ത്തുന്നവന്‍ ദീനിനോട് താല്‍പര്യമുള്ളവനാണ്. മറിച്ച് അവനൊരിക്കലും മതമല്ല. ഒരാള്‍ ദീന്‍ ഉള്‍ക്കൊള്ളുകയും ഉത്തമ മാതൃക ജീവിതത്തിലൂടെ സമര്‍പിക്കുകയാണെങ്കില്‍ അവന്‍ ദീനിനെ കുറിച്ച് നല്ല ചിത്രം സമര്‍പിക്കുന്നു. നിന്റെ മാതാപിതാക്കളെ പോലെ തെറ്റായ മാതൃകകളാണ് സമര്‍പിക്കുന്നതെങ്കില്‍ തെറ്റായ കാഴ്ചപ്പാട് സമൂഹത്തിലേക്ക് പകര്‍ന്നു നല്‍കും. ഇവിടെ പ്രശ്‌നം ദീനിനല്ല. മറിച്ച് മതനിഷ്ഠ പുലര്‍ത്തുന്നവനാണ്. ഇത് രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്.
പിന്നീട് മാതാപിതാക്കളെ സത്യസന്ധമായി മതനിഷ്ഠ പുലര്‍ത്തുന്നവരാക്കിത്തീര്‍ക്കാന്‍ നിങ്ങള്‍ക്കെങ്ങനെ സാധിക്കും എന്നതിനെ കുറിച്ചും അവരോട് വിവരിച്ചു. ഈ കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളുടെ കപടതയെ കുറിച്ച് വിവരിച്ചിടത്ത് എന്നെ ഏറ്റവും സ്വാധീനിച്ചത് 'അവര്‍ ജനങ്ങളുടെ മുമ്പില്‍ ദീനിന്റെ മാതൃകകളാണ്, എന്നാല്‍ യഥാര്‍ഥത്തില്‍ അവര്‍ അങ്ങനെയല്ല. വ്യക്തിപരമായി ജീവിതത്തിലെ ചില സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ദീനിനെ അവര്‍ ചൂഷണം ചെയ്യുകയാണ് ..ഇതാണ് ഞങ്ങളെ മതത്തോട് അസഹിഷ്ണുതയുള്ളവരും നിരീശ്വര ചിന്തയിലേക്കെത്തിച്ചതെന്നും എന്ന പരാമര്‍ശമാണ'്.
നാം നമ്മുടെ മക്കളെ ദീനിനോട് സ്‌നേഹമുള്ളവരായിട്ടോ അതല്ല, വെറുപ്പുള്ളവരായിട്ടോ വളര്‍ത്തുന്നത്?
നീ നമസ്‌കരിച്ചോ എന്ന് മകളോട് ചോദിക്കുമ്പോള്‍ അവള്‍ സത്യസന്ധമായി ഉത്തരം പറയുന്നു. എന്നോട് കളവ് പറയരുതേ എന്ന് വീണ്ടും കുട്ടിയോട് ആവര്‍ത്തിച്ചു ചോദിക്കുന്ന നിരവധി മാതാപിതാക്കളെ എനിക്കറിയാം. മകളെ അപ്രകാരം നിരന്തരം അവിശ്വാസത്തിലെടുത്ത് സംസാരിച്ചത് കാരണം അവള്‍ പിന്നീട് നമസ്‌കാരം തന്നെ ഉപേക്ഷിക്കുകയുണ്ടായി. അവളെ കുറിച്ച ഉമ്മയുടെ തെറ്റായ വീക്ഷണം കാരണം അവള്‍ നിരന്തരമായി ഉമ്മയോട് കള്ളം പറയുന്നവളായിത്തീരുകയും ചെയ്യുന്നു.
മക്കളോട് വളരെ നല്ല നിലയില്‍ പെരുമാറുന്നവരെയും എനിക്കറിയാം. അവരുടെ സത്യസന്ധമായ പെരുമാററവും ശൈലികളും കാരണം നമസ്‌കാരത്തോട് അവര്‍ക്ക് ഇഷ്ടമുണ്ടാകുന്നു. മകളോട് നമസ്‌കരിച്ചിട്ടില്ലേ എന്നു ചോദിച്ചപ്പോള്‍ അവള്‍ മറുപടി പറഞ്ഞു. ഇന്ന നമസ്‌കാരത്തിന് ശേഷം ഞാന്‍ നമസ്‌കരിച്ചിട്ടില്ല. അപ്പോള്‍ ഉമ്മ പ്രതികരിച്ചു. ശരി, നീ സത്യം പറഞ്ഞല്ലോ! നിനക്ക് നമസ്‌കാരത്തോട് നല്ല താല്‍പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇവിടെ ആക്ഷേപത്തേക്കാള്‍ പ്രശംസക്ക് മുന്‍ഗണന നല്‍കുന്നു. വിമര്‍ശനത്തേക്കാള്‍ പ്രോല്‍സാഹനത്തിന് പ്രാധാന്യം നല്‍കുന്നു. ഈ ശൈലി കുട്ടികളില്‍ മതത്തോടും നമസ്‌കാരത്തോടും ഇഷ്ടമുണ്ടാകാന്‍ കാരണമാകുന്നു.
ഉത്തമ മാതൃകയും ഉദാത്തമായ പെരുമാറ്റവുമാണ് മക്കളെ ദീനിനോട് സ്‌നേഹമുള്ളവരാക്കി വളര്‍ത്താന്‍ ഏറ്റവും ഉപകരിക്കുന്ന രണ്ട് ശൈലികള്‍. പ്രവാചകന്‍ പഠിപ്പിച്ചു : 'സത്യവിശ്വാസികളില്‍ വിശ്വാസ പൂര്‍ണത കൈവരിച്ചവര്‍ ഉദാത്തമായ സ്വഭാവ പെരുമാറ്റങ്ങള്‍ പ്രകടിപ്പിക്കുന്നവരാണ്. ജനങ്ങളോട് വിനയത്തോടെയും പരസ്പരം ഇണക്കത്തോടെയും പെരുമാറുന്നവരാണ്. ഇണക്കത്തോടെയും നൈര്‍മല്യത്തോടെയും പെരുമാറാത്തവരില്‍ ഒരു നന്മയില്ല'. (ത്വബ്‌റാനി)
ദീന്‍ എന്നത് സമ്പാദ്യം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു കച്ചവടമല്ല. അല്ലെങ്കില്‍ ജനങ്ങളെ പറ്റിക്കാനുള്ള ഒരേര്‍പ്പാടല്ല. നമ്മുടെ പ്രതിബദ്ധത വെളിപ്പെടുത്താനുള്ള ഒരു മറയുമല്ല. പരലോക വിശ്വസം, ഉത്തമ പെരുമാറ്റം എന്നിവയിലൂടെ ഉ്ദഭൂതമാകുന്ന ജീവിത ചര്യയാണ് ദീന്‍ എന്നു പറയുന്നത്. നമ്മുടെ സ്വഭാവം ഉത്തമവും മാതൃക ഉദാത്തവുമാകുമ്പോള്‍ മറ്റുള്ളവരെ സ്വാധീനിക്കാന്‍ നമുക്ക് കഴിയുന്നു. ദീനിനെ കുറിച്ച മനോഹരമായ ചിത്രം മററുള്ളവരുടെ മുമ്പില്‍ സമര്‍പ്പിക്കാന്‍ നമുക്ക് കഴിയുന്നു. ഇതാണ് നമ്മുടെ വീടകങ്ങളിലും സമൂഹത്തിലും നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നതും!!...
വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്
Thursday, 7 December 2017
കുട്ടികളുടെ സ്വഭാവദൂഷ്യങ്ങള്‍ എങ്ങനെ പരിഹരിക്കാം!
നജ്‌ല ഗാനിം

1. കുട്ടികളുടെ പ്രായത്തിനനുയോജ്യവും സദ്ഗുണസമ്പന്നവുമായ കഥകള്‍ പറഞ്ഞുകൊടുക്കുക. ഒരു ഘട്ടമെത്തുമ്പോള്‍ കുട്ടി അത്തരം സ്വഭാവങ്ങള്‍ ആര്‍ജിക്കാന്‍ വേണ്ടി ശ്രമം നടത്തും.
2. മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് ആക്ഷേപിക്കുകയും ശകാരിക്കുകയും ചെയ്തുകൊണ്ട് കുട്ടികളെ പ്രയാസപ്പെടുത്തുകയും അവരില്‍ മുറിവേല്‍പിക്കാതിരിക്കുകയും ചെയ്യുക.
3.കുട്ടികളെ പരിഗണിക്കുന്നു എന്ന ബോധ്യത്തോടെ അവരെ അഭിമുഖീകരിക്കുക : പ്രവാചകന്‍ ഇപ്രകാരം അഭിസംബോധനം ചെയ്തത് കാണാം. അല്ലയോ മകനേ! നീ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക, നീ വലതു കൈ ഉപയോഗിച്ചുകൊണ്ട് തൊട്ടുമുന്നിലുള്ളതില്‍ നിന്ന് ഭക്ഷിക്കുക'.(ബുഖാരി). മക്കളുമായി മാതാപിതാക്കള്‍ സഹവസിക്കുകയും കൂട്ടുകൂടുയും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തുന്നതോടെയാണ് ഇപ്രകാരം പെരുമാറാന്‍ കഴിയുക.
4.സ്‌നേഹവും പരിഗണനയും ശ്രദ്ധയും കുട്ടികള്‍ രക്ഷിതാക്കളില്‍ നിന്നും ആഗ്രഹിക്കുന്നതനുസരിച്ച് നല്‍കുക. അല്ലെങ്കില്‍ അവര്‍ തെറ്റായ മാര്‍ഗത്തിലൂടെ അത് നേടിയെടുക്കാന്‍ ശ്രമിക്കും.
5. ചില സ്വഭാവപ്രകൃതങ്ങള്‍ അവഗണിക്കുക, സ്വാഭാവികമായും അവകെട്ടടങ്ങും. ചിലകുട്ടികള്‍ കരഞ്ഞുകൊണ്ടിരിക്കും. അത് ശ്രദ്ദ നേടുന്നുവെന്ന് കാണുമ്പോള്‍ ചിലകുട്ടികള്‍ ഉച്ചത്തില്‍ കരഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ അത് ബോധപൂര്‍വം അവഗണിക്കുമ്പോള്‍ സ്വാഭാവികമായും കെട്ടടങ്ങിക്കൊള്ളും.
6. തെറ്റായ സ്വഭാവചര്യകള്‍ കാണുമ്പോള്‍ കുട്ടികളുമായി അതിനെ കുറിച്ച് നേരിട്ട് സംസാരിക്കുക. ചിലവിഷയത്തില്‍ നിശ്ശബ്ധത പാലിക്കുക. ഇത്തരം വിഷയങ്ങളെ കുറിച്ച് നമ്മുടെ കാഴ്ചപ്പാട് അവരുടെ മുമ്പില്‍ അവതരിപ്പിക്കുക. ഇത്തരം കാര്യങ്ങള്‍ എന്റെ അഭിപ്രായത്തില്‍ നമുക്ക് യോജിക്കാത്തതും മാന്യതക്ക് നിരക്കാത്തതുമാണ് എന്ന രീതിയില്‍ സംസാരിക്കുക. സംസാരത്തില്‍ യുക്തിദീക്ഷ കൈക്കൊള്ളുക വളരെ പ്രധാനമാണ്.
7. തെറ്റിലേക്കു നീങ്ങാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുക : അയല്‍പക്കത്തെ കുട്ടികളുമായി നിരന്തരം വഴക്കിടുന്ന കുട്ടിയാണെങ്കില്‍ വളരെ തന്മയത്തോടെ തന്നെ അവരുമായി കളിക്കുന്നതില്‍ നിന്നും അവനെ തടയുക. അത് അവനുള്ള ശിക്ഷയല്ല, മറിച്ച് അവന്‍ നേരിടുന്ന പ്രശ്‌നത്തിന്റെ വേരറുക്കുകയാണ്.
8. തെറ്റായ മാതൃകകളെ ഉത്തമ മാതൃകകള്‍ കൊണ്ട് മറികടക്കുക. കുട്ടി സംസ്‌കാര ശൂന്യമായ രീതിയില്‍ വല്ലതും ആവശ്യപ്പെടുമ്പോള്‍ ഉമ്മ അവനെ സംസ്‌കാരസമ്പന്നമായ രീതിയില്‍ ആവശ്യമുന്നയിക്കേണ്ട രീതി പഠിപ്പിക്കുക.
9.പ്രോത്സാഹനവും സമ്മാനവും നല്‍കുക. കുട്ടിയില്‍ നല്ല പ്രവര്‍ത്തനം കാണുമ്പോള്‍ അവനെ പ്രോത്സാഹിപ്പിക്കുകയും തൂക്കിയിട്ട ബോര്‍ഡില്‍ സ്റ്റാറോ പോയിന്റോ നല്‍കുക. നിശ്ചിത കോളമെത്തുമ്പോള്‍ സമ്മാനം നല്‍കുക.
10.സ്‌നേഹം കൊണ്ടാണ് ഇപ്രകാരം ചെയ്യുന്നതെന്ന് ബോധ്യപ്പെടുത്തുക. ഏതെങ്കിലും ഒരു സ്വഭാവദൂഷ്യത്തിന്റെ പേരില്‍ കുട്ടിയെ ശകാരിച്ചു പിന്മാറുക എന്നത് ഒരിക്കലും അതിന് പരിഹാരമല്ല. തെറ്റുബോധ്യപ്പെടുത്തിയതിന് ശേഷം കുട്ടിയോട് അതിന്റെ പേരില്‍ പാപമോചനം നടത്താന്‍ വേണ്ടി ആവശ്യപ്പെടുകയും അതോടൊപ്പം അവനെ സ്‌നേഹിക്കുന്നു എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുക.
ഇത്തരത്തില്‍ സവിശേഷ പരിഗണനയര്‍ഹിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. അവ മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തുകൊണ്ട് മികച്ച ശിക്ഷണത്തില്‍ തലമുറയെ വളര്‍ത്തിയെടുക്കുക.
വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്
Tuesday, 5 December 2017
കുഞ്ഞുമനസ്സുകളെ തകര്‍ക്കുന്ന ആക്ഷേപസ്വരങ്ങള്‍
ഡോ. ജാസിം മുതവ്വ
മിക്ക മാതാപിതാക്കളും തങ്ങളുടെ പൊന്നോമന മക്കളോട് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നവരാണ്. എന്നാല്‍ തങ്ങളുടെ വാക്കുകളും സംസാരശൈലികളും മക്കളുടെ വളര്‍ച്ചക്കോ അതല്ല തകര്‍ച്ചക്കോ വഴിയൊരുക്കുക എന്ന് എത്ര പേര്‍ ആലോചിക്കാറുണ്ട്! ശിക്ഷണം നല്‍കലിന്റെ അടിസ്ഥാന മാധ്യമമാണ് വാക്കുകള്‍. നാം നമ്മുടെ മക്കളെ അഭിസംബോധന ചെയ്യലും ചേദ്യം ചെയ്യലും പ്രോത്സാഹിപ്പിക്കലും പ്രശംസിക്കലും ദേശ്യപ്പെടാറുള്ളതുമെല്ലാം വാക്കുകളുപയോഗിച്ചാണ്.
തെറ്റായ പദപ്രയോഗങ്ങളും മോശമായ സംസാരശൈലികളുമാണ് മിക്ക കുട്ടികളും അനുസരണക്കേടു കാണിക്കാനും വ്യതിചലിക്കാനുമുള്ള പ്രധാന കാരണമെന്ന് ഇത്തരം പ്രശ്‌നങ്ങളില്‍ നിരന്തരമിടപെടുന്ന വ്യക്തി എന്ന നിലയില്‍ എനിക്ക് പറയാന്‍ കഴിയും. രണ്ട് ദിവസം മുമ്പ് വീട്ടില്‍ നിന്നും ഒളിച്ചോടിയ ഒരു യുവാവുമായി എനിക്ക് സംസാരിക്കേണ്ടി വന്നു. അവന്റെ പ്രധാന പരാതി മാതാപിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മോശമായ സംസാരങ്ങളെ കുറിച്ചാണ്. മറ്റൊരു യുവതി എന്നോട് പരാതി പറഞ്ഞത്, ഞാന്‍ ഇത്തരത്തില്‍ അധപതിച്ചത് ബോധപൂര്‍വം ആഗ്രഹിച്ചതുകൊണ്ടല്ല, മറിച്ച് മാതാപിതാക്കളുടെ മോശമായ സംസാരത്തോട് പ്രതികാരമെന്ന നിലയിലാണ് ഞാന്‍ ഈ അവസ്ഥയിലെത്തിയത്. മക്കളുടെ മനസിനെ തകര്‍ക്കുകയും അവരെ വ്യതിചലനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന പത്ത് രീതികളെ കുറിച്ച് അന്വേഷിക്കാം.
1. കഴുത, നായ തുടങ്ങിയ മൃഗങ്ങളുടെ വിശേഷണങ്ങളുപയോഗിച്ച മക്കളെ ചീത്ത വിളിക്കുക(കഴുതേ, നായേ...)
2. എന്തെങ്കിലും ന്യൂനത അവരില്‍ കാണുമ്പോള്‍ കള്ളന്‍, ഹറാമി, തടിയന്‍ തുടങ്ങിയ നിഷേധാത്മകമായ പദങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അവരെ അഭിസംബോധന ചെയ്യുക.
3. മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുക : ഇത് കുട്ടികളുടെ വ്യക്തിത്വത്തെ തകര്‍ക്കാന്‍ കാരണമാകുന്ന പ്രധാന സംഗതിയാണ്. കാരണം ഓരോ കുട്ടിക്കും വ്യത്യസ്തമായ കഴിവുകളാണുണ്ടാകുക. രണ്ട് വീടുകളിലെ സാഹചര്യവും പഠനത്തിലെ ശ്രദ്ദയുമെല്ലാം വിഭിന്നമാകുും. മറ്റുള്ളവരുമായി അവരെ താരതമ്യം ചെയ്യുമ്പോള്‍ അവന്റെ ആത്മവിശ്വാസത്തെ അത് തകര്‍ക്കുകയും താരതമ്യപ്പെടുത്തുന്നവനോട് അവനില്‍ വിദ്വേഷവുമുണ്ടാക്കക്കുവാനും അത് ഇടവരുത്തും.
4. നീ ഇന്നത് ചെയ്താല്‍ നിന്നെ ഞാന്‍ ഇഷ്ടപ്പെടില്ല, നീ അത് തിന്നാല്‍ നിന്നെ ഞാന്‍ ഇഷ്ടപ്പെടും...തുടങ്ങിയ സ്‌നേഹബന്ധത്തെ ചില നിബന്ധനകളുമായി ചേര്‍ത്ത് പറയല്‍: കുട്ടികള്‍ക്ക് താല്‍പര്യമില്ലാത്തത് മൂലമായിരിക്കും ഒരു കാര്യം ചെയ്യാതിരിക്കുന്നത്. ചെറുപ്പത്തില്‍ ഇത്തരത്തില്‍ വളര്‍ത്തുന്നവര്‍ വലുതായാല്‍ അതിന്റെ പ്രതിപ്രവര്‍ത്തനമെന്നോണം കുടുംബത്തോട് ചേര്‍ന്നുനില്‍ക്കാന്‍ വിമുഖത കാട്ടുന്നത് കാണാം. മാത്രമല്ല, വലിയുപ്പയെയും വലിയുമ്മയെയും പോലെ നിസ്സ്വാര്‍ഥമായി സ്‌നേഹിക്കുന്നവരെ കുട്ടികള്‍ കൂടുതലായി ഇഷ്ടപ്പെടുന്നതിനും ഇതാണ് കാരണം.
5.നിന്നെ അല്ലാഹു ശിക്ഷിക്കും, നരകത്തിലിടും തുടങ്ങിയ മതത്തെ കുറിച്ച് ചെറുപ്പത്തിലേ ഭീകര രൂപം പകര്‍ന്നുനല്‍കുന്ന ശൈലികള്‍.
6. നിന്നോട് പറഞ്ഞിട്ട് കാര്യമല്ല, നിനക്കൊന്നിനും കഴിയില്ല, മിണ്ടാതിരിക്കൂ ശൈത്വാനെ തുടങ്ങിയ കുട്ടികളില്‍ പരാജിതബോധം പകര്‍ന്നു നല്‍കുന്ന രീതിയില്‍ അവരോട് പെരുമാറല്‍.
7.നിന്റെ തലഞാന്‍ പൊട്ടിക്കും, നിന്നെ ഞാന്‍ കൊല്ലും തുടങ്ങിയ തെറ്റായ ഭീഷണിസ്വരങ്ങള്‍ ഒഴിവാക്കുക.
8.അവരുടെ ആവശ്യങ്ങള്‍ കാരണമൊന്നും ബോധ്യപ്പെടുത്താതെ നിരന്തരം നിരസിച്ചുകൊണ്ടിരിക്കുക
9. പടച്ചോന്‍ ശപിക്കട്ടെ! നീ അധികം മുന്നോട്ട പോകില്ല എന്നീ രീതിയില്‍ അവര്‍ക്കെതിരായി പ്രാര്‍ഥിക്കുക.
10. അവരുടെ രഹസ്യങ്ങള്‍ മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് പറഞ്ഞുകൊണ്ട് അവരെ വഷളാക്കുക.
എട്ടു വയസ്സുള്ള ഒരു കുട്ടി ആ പ്രായത്തിനിടയില്‍ മനസ്സിനെ തകര്‍ക്കുന്ന 5000 വാക്കുകള്‍ കേള്‍ക്കുന്നുവെന്നു കരുതുക. അത് അവന്റെ ജീവിതത്തെയും മനസ്സിനെയും തകര്‍ക്കുന്നത് കൂട്ടനശീകരണായുധങ്ങളേക്കാള്‍ മാരകമായ രീതിയിലായിരിക്കും. മനസ്സിനെ തകര്‍ക്കുന്ന ഇത്തരം പ്രയോഗങ്ങള്‍ വിശ്വാസികള്‍ക്ക് യോജിച്ചതല്ലെന്ന് പ്രവാചകന്‍ (സ) ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് നമ്മെ ഉണര്‍ത്തുന്നുണ്ട്. പ്രവാചകന്‍(സ) പഠിപ്പിച്ചു: 'സത്യവിശ്വാസി ആക്ഷേപിക്കുന്നവനോ ശപിക്കുന്നവനോ അശ്ലീലം പറയുന്നവനോ മ്‌ളേഛമായരീതിയില്‍ സംസാരിക്കുന്നവനോ അല്ല'. നിഷേധാത്മകമായ ഇത്തരം ശൈലികളുപേക്ഷിച്ചുകൊണ്ട് മക്കളെ അഭിസംബോധന ചെയ്യുമ്പോള്‍ സ്‌നേഹം, പ്രോത്സാഹനം, പ്രശംസ, ആദരവ് എന്നീ ക്രിയാത്മകമായ നാല് ശൈലികള്‍ പകരം വെക്കുക എന്നതാണ് അവരുടെ അഭിവൃദ്ധിക്ക് ഏറ്റവും അനുഗുണമായത്.
നല്ല സംസാരം ദാനം നല്‍കുന്നതിനേക്കാള്‍ പ്രാധാന്യമുള്ളതാണ്. 'നന്മ ചെയ്തത് എടുത്തുപറഞ്ഞു ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉത്തമം നല്ലവാക്കു പറയലും വിട്ടുവീഴ്ച കാണിക്കലുമാകുന്നു'(അല്‍ ബഖറ 263). നാം നമ്മുടെ മക്കള്‍ക്ക് നല്ല ഭക്ഷണവും കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളുമെല്ലാം വാങ്ങിക്കൊടുക്കുന്നു. പക്ഷെ, പിന്നീട് ഉപദ്രകരമായ ഇത്തരം സംസാരം മൂലം അതെല്ലാം നാം കരിച്ചുകളയുകയും ചെയ്യുന്നു. ഇത് ഖുര്‍ആനിക രീതിശാസ്ത്രത്തിനെതിരാണ്. ആധുനിക പണ്ഡിതന്മാരുടെ നിഗമനമനുസരിച്ച് നല്ലവാക്കിനും ദാനം നല്‍കുന്നതിനും മസ്തിഷ്‌കത്തില്‍ ഒരേ സ്വാധീനമാണ്ടാക്കുക. അതിനാല്‍ വീട്ടില്‍ നിന്നു തന്നെ നമ്മുടെ സംസാരത്തെ നമുക്ക് നിയന്ത്രിച്ചു തുടങ്ങാം. വാക്കുകള്‍ക്ക് വലിയ സ്വാധീനമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത് വാക്കുകളുപയോഗിച്ചാണ്. ജനം ഇസ്‌ലാമാശ്‌ളേശഷിക്കുന്നതും അതില്‍ നിന്ന് പുറത്ത് പോകുന്നതും വാക്കുപയോഗിച്ചാണ്. ഒരു യുവാവ് വൈവാഹിക ജീവിതത്തെ പുല്‍കുന്നതും അതില്‍ നിന്ന് പിന്മാറുന്നതും വാക്കുപയോഗിച്ചാണ്. അതിനാല്‍ ഇരുതലമൂര്‍ച്ചയുള്ള ഈ ആയുധത്തെ നമ്മുടെ അരുമ മക്കളുടെ വളര്‍ച്ചക്കുവേണ്ടി ക്രിയാത്മകമായി നമുക്ക് ഉപയോഗിക്കാം.
വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്
Friday, 1 December 2017
നല്ല പിതാക്കന്‍മാരാകാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്, പക്ഷേ..
നമ്മുടെ മക്കള്‍ക്ക് ജീവിതത്തില്‍ അനുകരിക്കാന്‍ ഒരു മാതൃക ആവശ്യമാണ്. അത്തരത്തിലുള്ള നല്ല മാതൃകകളായി മാറാന്‍ നമുക്ക് സാധിക്കണം. അതിന് ഏറ്റവും നല്ല മാര്‍ഗം നാം പറയുന്ന കാര്യങ്ങള്‍ ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുക എന്നതാണ്. പ്രവര്‍ത്തനങ്ങള്‍ക്കാണ് വാക്കുകളേക്കാള്‍ കൂടുതല്‍ സ്വാധീന ശക്തിയുള്ളത്. ആയിരം ആളുകള്‍ക്കിടയില്‍ ഒരാളുടെ പ്രവര്‍ത്തനം ഒരാളോട് ആയിരം പേര്‍ പറയുന്ന വാക്കുകളേക്കാള്‍ ശക്തമാണ്. നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് ഏറ്റവും ഉത്തമായ രീതിയും അതു തന്നെയാണ്. സംസാരപ്രായമെത്തുന്നതിന് മുമ്പു തന്നെ കുട്ടികള്‍ നമസ്‌കാരത്തില്‍ നമ്മെ അനുകരിക്കുന്നുവെങ്കില്‍ അവര്‍ക്കു മുമ്പില്‍ വെച്ചുള്ള നമ്മുടെ നമസ്‌കാരത്തിന്റെ ഫലമാണത്.
മക്കള്‍ നമ്മുടെ പുറം മോഡിയിലേക്ക് മാത്രമല്ല നോക്കുന്നത്. മറിച്ച് നമ്മുടെ പ്രകൃതത്തെയും പെരുമാറ്റങ്ങളെയും അവര്‍ സൂക്ഷമമായി വിലയിരുത്തുന്നുണ്ട്. പിതാവ് കലര്‍പ്പില്ലാത്ത തന്റെ തനി പ്രകൃതമാണ് വീട്ടില്‍ പ്രകടിപ്പിക്കുന്നതെങ്കില്‍ സ്വാഭാവികമായും മക്കള്‍ അതായിരിക്കും അനുകരിക്കുക. അതുകൊണ്ട് തന്നെ മക്കളെ ശരിപ്പെടുത്താനിറങ്ങുന്നതിന് മുമ്പ് നമ്മുടെ തന്നെ പ്രകൃതവും സ്വഭാവവും സംസ്‌കരിക്കേണ്ടതുണ്ട്.
മക്കളോട് പിതാവ് വാത്സല്യം കാണിക്കുകയാണെങ്കില്‍ നല്ല ഒരു മാനസികാവസ്ഥ മക്കളിലുണ്ടാക്കുന്നതിന് അതിലൂടെ സാധിക്കും. ദുര്‍ബലരോടും അശരണരോടും അവരുടെ മനസില്‍ അനുകമ്പയും കാരുണ്യവും അതുണ്ടാക്കും. എന്നാല്‍ നേര്‍ വിപരീത സ്വഭാവത്തിലാണ് പിതാവ് പെരുമാറുന്നതെങ്കില്‍ മക്കളയത് പരുക്കന്‍ സ്വഭാവക്കാരാക്കിയത് മാറ്റുകയായിരിക്കും ഫലം. പ്രവാചകന്‍(സ) കുട്ടികളോടു വളരെയധികം വാത്സല്യത്തോടെയായിരുന്നു പെരുമാറിയിരുന്നതെന്ന് ഹദീസുകള്‍ വിവരിച്ചു തരുന്നുണ്ട്. എന്നാല്‍ ഇന്ന് പല പിതാക്കന്‍മാരും മക്കളോട് പരുക്കന്‍ സ്വഭാവത്തില്‍ പെരുമാറുന്നുവെന്നത് ദുഖകരമാണ്. കാരുണ്യത്തോടെയല്ലാത്ത പിതാക്കന്‍മാരുടെ പെരുമാറ്റം മക്കളില്‍ വലിയ ആഴത്തിലുള്ള മുറിവുകളാണ് ഏല്‍പ്പിക്കുക. പലപ്പോള്‍ അവ ഭേദപ്പെടുന്നതിന് വര്‍ഷങ്ങള്‍ വേണ്ടി വരും. വാത്സല്യം കാണിക്കണം എന്നു പറഞ്ഞതിന്റെ അര്‍ത്ഥം ഉറച്ച നിലപാടുകള്‍ മക്കളുടെ കാര്യത്തില്‍ സ്വീകരിക്കരുത് എന്നല്ല. മക്കള്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ യുക്തിയും കാരുണ്യവും വാത്സല്യവും മുന്‍നിര്‍ത്തി അവരെ അതിന് അനുവദിച്ചു കൊടുക്കുകയല്ല വേണ്ടത്. കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കേണ്ടിടത്ത് വാത്സല്യം അതിനൊരിക്കലും തടസ്സമായി മാറരുത്.
മക്കളോടുള്ള പെരുമാറ്റത്തില്‍ പിതാവിന് വ്യക്തമായ ഒരു മാര്‍ഗരേഖയുണ്ടായിരിക്കണം. മക്കള്‍ക്ക് ചില കാര്യങ്ങളില്‍ താല്‍പര്യമുണ്ടാക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അത് അവര്‍ക്കതിനോട് താല്‍പര്യവും ഇഷ്ടവും വളര്‍ത്തി കൊണ്ടായിരിക്കണം. കല്‍പനകളിലൂടെയും ഭയപ്പെടുത്തലിലൂടെയും അതിന് ശ്രമിക്കുമ്പോള്‍ അതവരെ അതില്‍ നിന്ന് അകറ്റുകയാണ് പലപ്പോഴും ചെയ്യുക.
മക്കളുടെ പ്രവര്‍ത്തനങ്ങളില്‍ ക്ഷമ കാണിക്കാന്‍ കഴിയുകയെന്നത് നല്ല പിതാവിനുണ്ടായിരിക്കേണ്ട ഗുണമാണ്. മക്കളോട് ദേഷ്യപ്പെട്ട് പെരുമാറുന്നതിനെ കുറിച്ച് പേരന്റിങ് രംഗത്തെ വിദ്ഗര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത് കാണാം. ദേഷ്യക്കാരായ ആളുകളുടെ ഭാഗത്ത് നിന്നും സാധാരണയായി സംഭവിക്കുന്ന ഒന്നാണിത്. ദേഷ്യപ്പെടുമ്പോള്‍ മക്കളെ അടിക്കുന്നത് അങ്ങേയറ്റം അപകടകരമായ കാര്യമാണ്. അതൊരിക്കലും അവരെ പഠിപ്പിക്കുന്നതിനോ നിര്‍ദേശം സ്വീകരിക്കുന്നതിനോ സഹായിക്കുകയില്ല. ദേഷ്യത്തിന്റെ പ്രകടനം മാത്രമായി അത് അവശേഷിക്കുന്നു.
മക്കളോടുള്ള സൗഹൃദം വളരെ പ്രധാനമാണ്. മക്കള്‍ കുറച്ചു വളര്‍ന്നു വരുമ്പോള്‍ തന്നെ അവരുമായി സംസാരിക്കുന്നതിനും തമാശകള്‍ പറയുന്നതിന് സമയം കണ്ടെത്താന്‍ പിതാക്കന്‍മാര്‍ ശ്രമിക്കണം. അവരോട് വളരെ അടുക്കാനും അവരെ അലട്ടി കൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ ചോദിച്ചറിയാനും പിതാവിന് കഴിയണം. അവന്റെ മോഹങ്ങളെയും സ്വപ്‌നങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് ചോദിച്ചറിയണം. മക്കളുടെ മാനസിക വികാസത്തില്‍ ഇത്തരം കൂടിക്കാഴ്ച്ചക്ക് വളരെയധികം പ്രധാന്യമുണ്ട്. മക്കളോട് അടുത്ത് പെരുമാറാന്‍ സാധിക്കുന്നില്ലെന്ന് പല രക്ഷിതാക്കളും ആവലാതിപ്പെടാറുണ്ട്. മക്കളുടെ ചെറുപ്പകാലത്ത് അവരുമായി തുറന്ന സംസാരിക്കുന്നതില്‍ വരുത്തിയിട്ടുള്ള വീഴ്ച്ചയാണ് അതിന്റെ മുഖ്യ കാരണം. മക്കള്‍ വലുതാകുന്നതോടൊപ്പം അവര്‍ക്കിടയില്‍ വളര്‍ന്നു വരുന്ന മതില്‍ പരസ്പരം അടുക്കുന്നതിന് വലിയ പ്രയാസം ഉണ്ടാക്കുന്നു.
ഒരു നല്ല പിതാവും നല്ല ഭര്‍ത്താവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. പ്രയാസങ്ങളും പ്രതിസന്ധികളും ഇല്ലാത്ത ഒരു അന്തരീക്ഷം മക്കള്‍ക്ക് ഒരുക്കി കൊടുക്കാന്‍ നല്ല ഒരു ഭര്‍ത്താവിന് മാത്രമേ സാധിക്കുകയുള്ളൂ. വിജയകരമായ രീതിയില്‍ സന്താനങ്ങളെ പരിപാലിക്കുന്നതിന് അദ്ദേഹം തന്റെ ഇണക്ക് സഹായിയായിരിക്കും. അതിലെല്ലാം ഉപരിയായി കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന ലോകരക്ഷിതാവിനോട് മക്കളുടെ സന്മാര്‍ഗത്തിനും ഗുണത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നതിനും രക്ഷിതാക്കള്‍ സമയം കണ്ടെത്തേണ്ടതുണ്ട്.
വിവ : അഹ്മദ് നസീഫ്
Wednesday, 29 November 2017
അമൂല്യ രത്‌നങ്ങളാണ് മക്കള്‍
ഈമാന്‍ മഗാസി ശര്‍ഖാവി

ഒരു സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുന്നതിന്റെ ആദ്യ പടിയാണ് അതിലെ ചീത്ത സ്വഭാവങ്ങള്‍ മാറ്റുകയെന്നത്. ഒരു സമൂഹത്തിന് അതിന്റെ പ്രതാപവും ഉണര്‍ച്ചയും വീണ്ടെടുക്കാനും മറ്റുള്ളവയില്‍ നിന്ന് അതിനെ വ്യതിരിക്തവുമാക്കുന്ന മാറ്റമാണത്. ബാഹ്യവും ആന്തരികവുമായ ആ മാറ്റമാണ് യഥാര്‍ത്ഥവും ക്രിയാത്മകവുമായ മാറ്റം. അത് ദീനിനെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ശരിയായ വിശ്വാസത്തിലൂന്നിയുള്ള സന്താന പരിപാലനം അതിന്റെ പ്രേരകങ്ങളിലൊന്നാണ്. ഒരു സമൂഹത്തിന്റെ പുരോഗതിയില്‍ സുപ്രധാനമായ പ്രസ്തുത പങ്കിനെ കുറിച്ച് രക്ഷിതാക്കള്‍ ബോധവാന്‍മാരായിരിക്കേണ്ടതുണ്ട്. മക്കളോടുള്ള തങ്ങളുടെ ബാധ്യത രക്ഷിതാക്കള്‍ തിരിച്ചറിയുമ്പോള്‍ മാത്രമാണ് കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് ഒരു മാറ്റം സാധ്യമാവുകയുള്ളൂ.
വളര്‍ന്നു വരുന്ന മനസ്സുകളുടെ സംസ്‌കരണം എല്ലാവരുടെയും ഒത്തൊരമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഫലപ്രാപ്തിയിലെത്തുകയുള്ളൂ. വീട്ടിലും സ്‌കൂളിലും അങ്ങാടിയിലും സമൂഹത്തിലും ഉള്ള എല്ലാവരും അതിനായി കൈകോര്‍ക്കണം. അറിവ് നേടുന്നതോടൊപ്പം തന്നെ സംസ്‌കാരവും സിദ്ധിക്കണം. വിദ്യാഭ്യാസത്തോടൊപ്പം സംസ്‌കരണവും അറിവിനനുസരിച്ചുള്ള പ്രവര്‍ത്തനവും ഒത്തൊരുമിക്കണം. സമൂഹത്തിലെ ഓരോ വ്യക്തിക്കും കൃത്യമായ പങ്ക് അതില്‍ നിര്‍വഹിക്കാനുണ്ട്. എന്നാല്‍ മക്കളുടെ സംസ്‌കരണത്തില്‍ രക്ഷിതാക്കളുടെ പങ്കാണ് ഏറ്റവും സുപ്രധാനം.
മക്കളുടെ സംസ്‌കരണത്തിന്റെ പ്രധാന ഉത്തരവാദിത്വം രക്ഷിതാക്കളുടെ ചുമലിലാണുള്ളത്. കുട്ടിയുടെ ആദ്യ അഭയ കേന്ദ്രം അവരാണ് എന്നത് തന്നെയാണതിന് കാരണം. അവര്‍ വളരുന്ന ജീവിത സര്‍വകലാശാലയിലെ ആദ്യ സ്‌കൂളും അധ്യാപകരും രക്ഷിതാക്കളാണ്. മുഹമ്മദ് ഖുതുബ് പറയുന്നു : 'വീട്, അങ്ങാടി, സ്‌കൂള്‍, ചുറ്റുപാട് ഇവയെല്ലാം സംസ്‌കരണത്തിന്റെ അടിസ്ഥാനങ്ങളാണെങ്കില്‍, ഇവയില്‍ വീടാണ് ഏറ്റവും ആദ്യമായും ഏറ്റവും ശക്തമായും സ്വാധീനിക്കുന്ന ഘടകം. കാരണം കുട്ടിയെ അവന്റെ ആദ്യഘട്ടത്തില്‍ ഏറ്റുവാങ്ങുന്നത് അതാണ്. ഒരു കുട്ടി മറ്റെവിടെയും കഴിയുന്നതിനേക്കാള്‍ കാലം കഴിയുന്നതും വീട്ടിലാണ്. അതുകൊണ്ട് തന്നെ അവനെ ഏറ്റവും അധികം സ്വാധീനിക്കുക മാതാപിതാക്കളായിരിക്കും.'
അറിവുകളും സമ്പ്രദായങ്ങളും നല്ലതും ചീത്തയുമായ സ്വഭാവങ്ങളുമെല്ലാം കുടിക്കപ്പെടുന്ന ആദ്യ ഉറവയാണ് മാതാപിതാക്കള്‍. ഒരാളുടെ മതവും ആദര്‍ശവും രൂപപ്പെടുന്നതും അവിടെ വെച്ചാണ്. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: 'ഓരോ മനുഷ്യനെയും അവന്റെ മാതാവ് ശുദ്ധ പ്രകൃതിയിലാണ് പ്രസവിക്കുന്നത്. പിന്നീട് അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനും ക്രിസ്ത്യാനിയും മജൂസിയുമെല്ലാം ആക്കുന്നത്. അവരിരുവരും മുസ്‌ലിംകളാണെങ്കില്‍ അവന്‍ മുസ്‌ലിമാകുന്നു.' (മുസ്‌ലിം)
സന്താനങ്ങളെ ഏറ്റവും നന്നായി വളര്‍ത്തുന്നതിന് ഖുര്‍ആന്‍ പ്രത്യേക പ്രാധാന്യം കല്‍പിച്ചിട്ടുണ്ട്. മക്കള്‍ക്കും കുടുംബത്തിനും നല്ല പരിചരണം നല്‍കുന്നതിന് അത് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു: 'വിശ്വസിച്ചവരേ, നിങ്ങളെയും കുടുംബാദികളെയും നരകാഗ്‌നിയില്‍നിന്നു രക്ഷിക്കുവിന്‍. അതിന്റെ വിറക് മനുഷ്യരും കല്ലുകളുമാകുന്നു. അതിന്മെല്‍ ക്രൂരരും ബലിഷ്ഠരുമായ മലക്കുകള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ കല്‍പനയെ അവര്‍ അശേഷം ധിക്കരിക്കുന്നതല്ല' (അത്തഹ്‌രീം : 6)
പ്രസ്തുത സൂക്തത്തില്‍ ഉപയോഗിച്ച 'അന്‍ഫുസകും' (നിങ്ങളെ) എന്ന പദം സന്താനങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മക്കള്‍ നിങ്ങളുടെ തന്നെ ഭാഗമാണെന്നതാണ് അതിന് ന്യായം. അവനെ ഹലാല്‍-ഹറാമുകള്‍ പഠിപ്പിക്കേണ്ടതും തെറ്റുകളില്‍ നിന്ന് തടഞ്ഞു നിര്‍ത്തേണ്ടതും രക്ഷിതാക്കളാണ്. ഈ ആയത്ത് അവതരിച്ച സമയത്ത് ഉമര്‍(റ) നബി(സ)യോട് ചോദിച്ചതായി ഇമാം ഖുശൈരി റിപോര്‍ട്ട് ചെയ്യുന്നു ; 'അല്ലാഹുവിന്റെ ദൂതരെ, ഞങ്ങളെ സംരക്ഷിച്ചിരിക്കുന്ന, ഞങ്ങളുടെ കുടുംബത്തിന്റെ കാര്യം എങ്ങനെയാണ്? അപ്പോള്‍ പ്രവാചകന്‍(സ) മറുപടി നല്‍കി : 'അല്ലാഹു വിലക്കിയ കാര്യങ്ങളില്‍ നിന്ന് അവരെ നിങ്ങള്‍ തടയുക. അല്ലാഹു കല്‍പ്പിച്ച കാര്യങ്ങള്‍ അവരോട് കല്‍പിക്കുകയും ചെയ്യുക.'
നരകത്തില്‍ നിന്നും സ്വന്തത്തെ കാത്തു സൂക്ഷിക്കുന്ന ഒരു പിതാവ് അതിലൂടെ മക്കള്‍ക്ക് പിന്തുടരാനുള്ള നല്ല മാതൃക കാണിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കുന്ന ആദ്യ ഉപദേശം അവരുടെ പ്രവര്‍ത്തനങ്ങളാണ്. അല്ലാഹുവിന് വഴിപ്പെട്ടു കൊണ്ട് അവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഓരോ വാക്കും പ്രവര്‍ത്തിയും ഉപദേശമാണ്. 'നിങ്ങളെയും കുടുംബാദികളെയും നരകാഗ്‌നിയില്‍നിന്നു രക്ഷിക്കുവിന്‍.' ഖുര്‍ആന്‍ സൂക്തത്തെ വിശദീകരിച്ചു കൊണ്ട് മുജാഹിദ് പറയുന്നു: 'നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവിനെ സൂക്ഷിക്കാന്‍ നിങ്ങളുടെ കുടുംബത്തെ ഉപദേശിക്കുകയും ചെയ്യുക. മക്കളെ അവര്‍ക്കും മറ്റുള്ളവര്‍ക്കും ഗുണകരമാവുന്ന തരത്തില്‍ പരിശീലിപ്പിക്കുന്ന പൂര്‍ണമായ പരിപാലനം അല്ലാഹുവെ അനുസരിക്കുന്നതിന്റെ ഭാഗമാണ്. അവനെ നേടുന്ന എല്ലാ പ്രയോജനകരമായ അറിവും, അവനെ അണിയുന്ന എല്ലാ സല്‍സ്വഭാവങ്ങളും, അവന്‍ സമൂഹത്തിലുണ്ടാക്കുന്ന എല്ലാ സംസ്‌കരണങ്ങളും, അനുവദനീയമായ സമ്പാദനത്തിന് അവന്‍ സ്വീകരിക്കുന്ന എല്ലാ പരിശ്രമങ്ങളും, ശരീരത്തിന്റെയും മനസിന്റെയും ബുദ്ധിയുടെയും സംരക്ഷണത്തിനായി അവന്‍ സ്വീകരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അല്ലാഹുവിനുള്ള അനുസരണമാണ്.
മുമ്പ പറഞ്ഞ ഗുണങ്ങളുടെ ഉടമകളായി മക്കളെ വളര്‍ത്തിയെടുക്കല്‍ രക്ഷിതാക്കളുടെ ബാധ്യതയാണ്. ദീന്‍ തന്റെ പ്രായോഗിക ജീവിതത്തില്‍ നിന്ന് വേറിട്ട ഒന്നല്ലെന്ന് അവന് തിരിച്ചറിയുന്നവനാക്കി മാറ്റണം. നമസ്‌കാരത്തിലും മറ്റ് ആരാധനാ കാര്യങ്ങളിലും പരിമിതമായ ഒന്നല്ല ദീന്‍ എന്ന് അവന്‍ മനസിലാക്കണം. ജനങ്ങളില്‍ നിന്ന് അകന്ന് സന്യസിക്കലുമല്ല മതമെന്ന് അവന് അറിയാന്‍ കഴിയണം. ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന ഒന്നാണ് ദീന്‍. ജീവിതത്തിന്റെ സകല മേഖലകളെയും ശക്തിയോടെ മുറുകെ പിടിക്കുന്നു എന്നത് തന്നെയാണ് ഈ ദീനിന്റെ പ്രധാന സവിശേഷത. എല്ലാ ഗുണങ്ങളെയും സംയോജിപ്പിച്ച് നമുക്കതിന് മാതൃക കാണിച്ചു തന്നിരിക്കുന്നത് പ്രവാചകന്‍(സ)യാണ്. ഭൂമിയിലൂടെ നടക്കുന്ന ഖുര്‍ആനായിരുന്നു നബി തിരുമേനി(സ). ആരാധനകള്‍ നിര്‍വഹിക്കുന്നതോടൊപ്പം തന്നെ മറ്റു ജോലികളിലും അദ്ദേഹം ഏര്‍പ്പെട്ടു. സഹനശീലനായ പ്രബോധകന്‍, രാഷ്ട്രീയക്കാരന്‍, നേതാവ്, പോരാളി തുടങ്ങിയ റോളുകളെല്ലാം അദ്ദേഹം കാണിച്ചു തന്നിട്ടുണ്ട്. ചുറ്റുമുള്ളവരോട് ഇടപഴകുകയും അവരില്‍ നിന്നുള്ള പ്രയാസങ്ങള്‍ സഹിക്കുകയും ചെയ്യുന്നവനായിരുന്നു പ്രവാചകന്‍(സ). അദ്ദേഹം നല്ല ഭര്‍ത്താവും പിതാവും മനുഷ്യനുമായിരുന്നു. അല്ലാഹു അദ്ദേഹത്തോട് കല്‍പ്പിച്ചു : 'എന്റെ നമസ്‌കാരവും ആരാധനാകര്‍മങ്ങളഖിലവും എന്റെ ജീവിതവും മരണവും എല്ലാം സര്‍വലോകനാഥനായ അല്ലാഹുവിനു വേണ്ടിയാകുന്നു.' (അല്‍-അന്‍ആം : 162) അവയെല്ലാം അല്ലാഹുവിന് മാത്രമാക്കണമെന്ന് ചുരുക്കം.
നമ്മോടൊപ്പവും നമുക്ക് ശേഷവും ഈ ദീനിന്റെ ഉത്തരവാദിത്വം വഹിക്കുന്നതിന് മക്കളെ നാം തയ്യാറാക്കേണ്ടതുണ്ട്. അത് നമ്മുടെ ബാധ്യതയായിട്ടാണ് നബി(സ) പരിചയപ്പെടുത്തിയിട്ടുള്ളത്. ഓരോരുത്തരും അവരുടെ സംരക്ഷണത്തിലുള്ളവരുടെ കാര്യത്തില്‍ ചോദ്യം ചെയ്യപ്പെടുമെന്നാണ് ഹദീസ് നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ മക്കളെ സംസ്‌കാരം പഠിപ്പിക്കുക എന്നത് രക്ഷിതാക്കളുടെ നിര്‍ബന്ധ ബാധ്യതയാണ്. അന്ത്യദിനത്തില്‍ മാതാപിതാക്കളുടെ കാര്യത്തില്‍ വീഴ്ച്ച വരുത്തിയ മക്കള്‍ ചോദ്യം ചെയ്യപ്പെടുന്നതിന് മുമ്പ് മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ചോദ്യം ചെയ്യപ്പെടുമെന്ന് പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് മക്കളില്‍ നിന്ന് അവകാശങ്ങളുള്ളത് പോലെ തിരിച്ച് മക്കള്‍ക്കും മാതാപിതാക്കളില്‍ നിന്ന് അവകാശമുണ്ട്. അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കലും അവരെ സംസ്‌കാരമുള്ളവരാക്കലും രക്ഷിതാക്കളുടെ ബാധ്യതകളില്‍ പ്രധാനപ്പെട്ടതാണ്.
ഉപകാരപ്രദമായ അറിവുകളൊന്നും മക്കള്‍ക്ക് പകര്‍ന്നു നല്‍കാതെ അവരുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കുന്നത് മക്കളോട് പുലര്‍ത്തുന്ന ഏറ്റവും നീചമായ നിലപാടാണ്. മിക്ക കുട്ടികളും തെമ്മാടികളായി മാറുന്നത് അവരുടെ രക്ഷിതാക്കള്‍ ശരിയായ ദീനീ വിദ്യാഭ്യാസം നല്‍കാതെ അവഗണിക്കുന്നത് കൊണ്ടാണ്. ദീനിന്റെ അടിസ്ഥാനങ്ങളോ മര്യാദകളോ അവര്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കാതെ പോകുന്നു. അവര്‍ വലുതാകുമ്പോള്‍ അവര്‍ക്കോ മാതാപിതാക്കള്‍ക്കോ ഉപകാരമില്ലാത്തവരായിട്ടായിരിക്കും വളരുക. ചെറുപ്പത്തില്‍ അവരോട് മാതാപിതാക്കള്‍ സ്വീകരിച്ച നിലപാട് അവര്‍ വലുതാകുമ്പോള്‍ അവരില്‍ നിന്ന് പല രക്ഷിതാക്കളും അനുഭവിക്കേണ്ടി വരും.
മക്കളെ അമൂല്യമായ രത്‌നമായിട്ടാണ് ഇമാം ഗസ്സാലി പരിചയപ്പെടുത്തുന്നത്. അദ്ദേഹം പറയുന്നത് കാണുക : 'ഒരു കുട്ടി അവന്റെ മാതാപിതാക്കളെ സൂക്ഷിക്കാനേല്‍പ്പിച്ചിരിക്കുന്ന സ്വത്താണ്. അവന്റെ ശുദ്ധമായ ഹൃദയം വരയും കുറിയുമേല്‍ക്കാത്ത അമൂല്യമായ രത്‌നമാണ്. അവന്‍ അതില്‍ കൊത്തിവെക്കുന്ന ഓരോന്നും അവന്‍ സ്വീകരിക്കുന്നവനാണ്. അതിനെ ചായ്ക്കുന്നിടത്തേക്കെല്ലാം ചായുന്നവനുമാണ്. നന്മ ശീലമാക്കുകയും പഠിപ്പിക്കുകയും ചെയ്താല്‍ അവന്‍ അതില്‍ വളരും. ഇഹത്തിലും പരത്തിലും അവന്‍ സൗഭാഗ്യവാനുമായി. അവന് ലഭിക്കുന്ന പ്രതിഫലത്തില്‍ പിതാവിനും ഒരോഹരി ഉണ്ടാവും. അവനെ പഠിപ്പിച്ചവര്‍ക്കും സംസ്‌കരിച്ചവര്‍ക്കും അതില്‍ ഓഹരിയുണ്ടാവും. എന്നാല്‍ തിന്മയാണ് ശീലിപ്പിക്കുന്നതെങ്കില്‍, എന്നിട്ട് മൃഗങ്ങളെ പോലെ അവഗണിക്കുകയും ചെയ്തു. അവന്റെ ഭാരം അവനെ പരിശീലിപ്പിച്ചവരുടെ പിരടിയിലുമുണ്ടാകും.
വിവ : അഹ്മദ് നസീഫ്
Tuesday, 28 November 2017
ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശങ്ങള്‍
ഈമാന്‍ മഗാസി ശര്‍ഖാവി
അതാ അവളുടെ വയറിന് ആര്‍ദ്രതയും ലോലതയും അനുഭവപ്പെടുന്നു. അതിനകത്ത് നിശബ്ദമായി വിശ്രമിക്കുന്ന കുഞ്ഞിലേക്കാണ് അവളുടെ എല്ലാ നോട്ടവും. ആരോഗ്യത്തോടെയും സുരക്ഷിതത്വത്തോടെയും ഈ ലോകത്തേക്ക് വരാനിരിക്കുന്ന ആ കുഞ്ഞിലാണ് അവളുടെ പ്രതീക്ഷ തളച്ചിടപ്പെട്ടിരിക്കുന്നത്. തന്റെ കണ്ണുകള്‍ ഇതുവരെയും ദര്‍ശിച്ചിട്ടില്ലാത്ത ആ കുഞ്ഞാണ് അവളുടെ ലക്ഷ്യസ്ഥാനം. സ്വന്തത്തെ അതിനായി സമര്‍പ്പിക്കാനും അവള്‍ തയാറാണ്. അവള്‍ മാസങ്ങളോളം ക്ഷമയോടെ തന്റെ ഗര്‍ഭം ധരിക്കാന്‍ തയാറാവുകയാണോ? തനിക്കിഷ്ടപ്പെട്ട ആഹാരവും വസ്ത്രവും അവള്‍ക്ക് അപ്രിയമാവുകയാവുകയാണോ? തന്റെ നിത്യശീലങ്ങള്‍ നിര്‍വ്വഹിക്കുന്നതിലൂടെ അവള്‍ക്ക് ഞെരുക്കം അനുഭപ്പെടുകയാണോ? തനിക്ക് അനുഭവപ്പെടുന്ന ചെറിയ വേദനകള്‍ പോലും ആ ശിശുവിന് ഏല്‍ക്കാതിരിക്കാന്‍ അവള്‍ ബദ്ധശ്രദ്ധയാണോ ?
ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനെ മാതാക്കള്‍ പരിചരിക്കുന്നത് ഇവ്വിധമാണ്. ഉമ്മയുടെ തൊലിയോട് തന്റെ തൊലി ചേര്‍ത്ത് അവളുടെ നെഞ്ചിലുറങ്ങുന്ന, അവളുടെ ആഹാരത്തിലും സമയത്തിലും മുഴു ജീവിതത്തിലും പങ്കുചേരുന്ന ആ കുഞ്ഞിനെ കാണാനുള്ള അവളുടെ ആഗ്രഹം അദമ്യമായിരിക്കുമല്ലൊ. പെണ്ണായിപ്പിറന്ന ഏതൊരുവളും രുചിക്കാന്‍ കൊതിക്കുകയും അത്യധികം അഭിലഷിക്കുകയും ചെയ്യുന്ന അതുല്യമായ ഒന്നാണത് എന്നതില്‍ രണ്ടുപക്ഷമില്ല. ആ അനുഭുതി അനുഭവിക്കുന്നേടത്ത് ആവര്‍ത്തനവിരസത അവളെ മടുപ്പിക്കില്ല. പരിപാവനമായ മാതൃത്വം ഇങ്ങനെയാണ്. തനിക്കേല്‍പ്പിക്കപ്പെടാനിരിക്കുന്ന മഹത്തായ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ഉറച്ചബോധ്യമുള്ളതിനാല്‍ അവള്‍ ഗര്‍ഭംധരിക്കാനായി നേരത്ത ഒരുങ്ങും. കാര്യങ്ങള്‍ മനസിലാക്കിയും പഠിച്ചും. ഗര്‍ഭധാരണത്തിന്റെ ആദ്യ ഘട്ടം മുതല്‍തന്നെ സക്രിയതയിലായിരിക്കും അവള്‍. അവളുടെ ഗര്‍ഭപാത്രം കുഞ്ഞിന്റെ കിടക്കയായും, അവളുടെ മടിത്തട്ട് കുഞ്ഞിന്റെ തൊട്ടിലായും, അവളുടെ ശരീരം കുഞ്ഞിന്റെ രക്ഷാകവചമായും, അവളുടെ ആഹാരം കുഞ്ഞിന്റെ അന്നമായും പരിണമിക്കുന്നു.
ജീവിതയാത്രയില്‍ അവര്‍ രണ്ടുപേരും ഒരുമിച്ചായിരിക്കും. രണ്ടു ശരീരവും സുഖത്തിലും ദുഖത്തിലും പങ്കുചേരുന്നു. അവര്‍ക്കിടയിലുള്ള ബന്ധം ഗാഢമാണത്രെ. ഉമ്മയുടെ വേദന കുട്ടിയെ വേദനിപ്പിക്കുന്നു. ഗര്‍ഭപാത്രത്തിലെ കുഞ്ഞിന്റെ വേദന അവളെയും വേദനിപ്പിക്കുന്നു. അവളുടെ ആശ്വാസവും ക്ഷീണവും ശിശുവിനെ ബാധിക്കുന്നു. യഥാര്‍ത്ഥ മാതാവായിക്കൊണ്ടുള്ള ജീവിതം അവളെ അത്ഭുത സൃഷ്ടിയായി പരിവര്‍ത്തിപ്പിക്കുന്നു. കുഞ്ഞിനുണ്ടാവുന്ന അനുകൂലവും പ്രതികൂലവുമായ കാര്യങ്ങളെ സ്വാധീനിക്കാന്‍ അവള്‍ക്ക് സാധിക്കുന്നു. രണ്ടുശരീരവും രണ്ടാത്മാവും ഒരു ചട്ടക്കുടില്‍ ഒന്നിക്കുന്നു. ദൈവത്തിന്റെ ഇംഗിതമനുസരിച്ച് ആ കുഞ്ഞ് അവളില്‍ ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നു. അവള്‍ സഞ്ചരിക്കുന്നിടത്തേക്ക് കുഞ്ഞും സഞ്ചരിക്കുന്നു. ഒമ്പത് മാസത്തിലധികം അവള്‍ കുഞ്ഞിനോടും കുഞ്ഞ് അവളോടുമൊത്തിരിക്കുന്നു. അവര്‍ണ്ണനീയമായ, വാക്കുകള്‍ക്കതീതമായ ബന്ധമാണ് മാതാവും ശിശുവും തമ്മിലുള്ളത്. സഹിക്കാനാവാത്ത ഏറ്റവും വലിയ വേദനയിലൂടെ ഇരു ശരീരവും വേര്‍പ്പെടുന്നു. ശരീരത്തിന് സഹിക്കാന്‍ പറ്റില്ലെന്നറിയാമെങ്കിലും മയക്കുഗുളിക പോലും ഉപേക്ഷിക്കുന്നു. അവള്‍ അതിനക്കുറിച്ച് പറയുന്നത് ഇപ്രകാരമായിരിക്കും : കുറച്ച് നേരം അതെന്നെ വേദനിപ്പിച്ചേക്കാം. കുഞ്ഞിന് പോറലോ വിഷമമോ ഇല്ലാതിരുന്നാല്‍ മതി.
ലോകത്തുള്ള മറ്റേത് നിയമസംഹിതയും നല്‍കുന്നതിനേക്കാള്‍ ശ്രേഷ്ടവും അനുയോജ്യവുമായ പരിചരണത്തിലൂടെ കുഞ്ഞിന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ മാതാപിതാക്കളെ ജാഗരൂഗരാക്കാന്‍ ഇസ്‌ലാമിക നിയമം ശ്രദ്ധയൂന്നുന്നു. ഉമ്മയുടെ വയറെന്ന അദൃശ്യലോകത്തായിരിക്കുമ്പോള്‍ മുതല്‍ തന്നെ ശിശുവിനുള്ള അവകാശം ഇസ്‌ലാം വകവെച്ചു കൊടുക്കുന്നു. കാരണം, നീതിയും കാരുണ്യവും മുഴുവന്‍ ജനങ്ങളിലും ചൂഴ്ന്നുനില്‍ക്കുന്ന വിധം സന്തുലിതമായ ഇസ്‌ലാം, എല്ലാ കാലത്തിനും സന്ദര്‍ഭത്തിനും യോജിച്ചതാണ് എന്നതു തന്നെ.
ജനനത്തിനു മുമ്പുള്ള ശിശുവിന്റെ അവകാശങ്ങള്‍
നല്ലവളായ ഉമ്മയെയും നല്ലവനായ ഉപ്പയെയും നല്ല കുടുംബത്തെയും തെരഞ്ഞെടുക്കുക എന്നതാണ് ശിശുവിന് ലഭിക്കേണ്ടുന്ന ഒന്നാമത്തെ അവകാശം. നിങ്ങള്‍ക്ക് യോജിച്ച ഇണകളെ കണ്ടെത്തുകയെന്ന പ്രവാചക വചനം ശ്രദ്ധേയം. ഇങ്ങനെയുള്ള ശ്രദ്ധേയമായ തെരഞ്ഞെടുപ്പിന്റെ ഫലമായിക്കിട്ടുന്ന ഉമ്മയും ഉപ്പയും അമ്മാവന്‍മാരും അമ്മായിമാരും വല്യുപ്പ വല്യുമ്മമാരുമടക്കം മുഴുവന്‍ കുടുംബാംഗങ്ങളും ആ കുഞ്ഞിന്റെ വളര്‍ച്ചയിലും ജീവിതത്തിലും അത്യധികം സ്വാധീനം ചെലുത്തുന്നുണ്ട്. പ്രത്യേകിച്ച് മാതാപിതാക്കള്‍. കുട്ടിയുടെ വളര്‍ച്ചയിലും സംസ്‌കാരത്തിലും സ്വഭാവശീലങ്ങളിലും പെരുമാറ്റത്തിലും ധാര്‍മ്മികതയിലും അവരിരുവരും വഹിക്കുന്ന പങ്ക് നിസ്തുലമത്രെ. എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണെന്നും അവരുടെ മാതാപിതാക്കളാണ് അവരെ യഹൂദരും കൃസ്ത്യാനികളും മജൂസികളുമാക്കിത്തീര്‍ക്കുന്നത് എന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ടല്ലോ. അതിനാല്‍ തന്നെയാണ്, കുഞ്ഞിനെ നല്ല രൂപത്തില്‍ പരിചരിക്കുന്ന സദ്‌വൃത്തയായ സ്ത്രീയെ വിവാഹം കഴിക്കാന്‍ പ്രവാചകന്‍ കല്‍പിച്ചത്. സമ്പത്ത്, സൗന്ദര്യം, തറവാട്, ദീനിനിഷ്ഠ തുടങ്ങിയ നാല് കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിവാഹം കഴിക്കാമെന്നും ദീനിനിഷ്ഠക്ക് മുന്‍ഗണനകൊടുക്കണമെന്നും, ഭൗതിക വിഭവത്തില്‍ ഏറ്റവും നല്ലത് സദ്‌വൃത്തയായ സ്ത്രീയാണെന്നുമൊക്കെ പ്രവാചകവചനങ്ങളില്‍ ദര്‍ശിക്കാനാവും. ദീനിനിഷ്ടയും സല്‍സ്വഭാവവുമൊത്ത ഒരാള്‍ വിവാഹാലോചനയുമായി വന്നാല്‍ അവന് നിങ്ങള്‍ വിവാഹം ചെയ്തു കൊടുക്കണമെന്നും പ്രവാചകന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ദൈവബോധവും സല്‍സ്വഭാവവും ഒത്തിണങ്ങിയവര്‍ക്കേ മക്കള്‍ക്ക് ധാര്‍മ്മികരീതിയിലുള്ള ശിക്ഷണം നല്‍കാനും ഉത്തമ സ്വഭാവഗുണങ്ങള്‍ അവരില്‍ നട്ടുവളര്‍ത്താനും സാധിക്കൂ.
കുഞ്ഞിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് രണ്ടാമതായി ശ്രദ്ധിക്കേണ്ടത്. ദാമ്പത്യത്തിന്റെ ആരംഭം മുതല്‍ , കുഞ്ഞ് ശുക്ലകണം മാത്രമായിരിക്കുന്നതുമുതല്‍ അതിന്റെ സംരക്ഷണത്തിന്റെ കാര്യത്തിലേക്ക് പ്രവാചകന്‍ ദമ്പതികളുടെ ശ്രദ്ധക്ഷണിക്കുന്നതായി കാണാം. ശാരീരികമായി ബന്ധപ്പെടുന്നതിനു മുമ്പ് ' അല്ലാഹുവേ, നമ്മളില്‍ നിന്നും നമുക്ക് ലഭിക്കാനിരിക്കുന്നതില്‍ നിന്നും നീ പിശാചിനെ അകറ്റേണമേ. പിശാചിന്റെ ഉപദ്രവമേല്‍ക്കാത്ത കുഞ്ഞിനെ നീ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യേണമേ ' എന്ന് പ്രാര്‍ത്ഥിക്കാന്‍ പ്രവാചകന്‍ കല്‍പ്പിച്ചുട്ടുണ്ട്. സുന്ദരമായ പഴത്തിന് തുല്യമായ മക്കളെ നല്‍കാന്‍ ആഗ്രഹത്തോടെ പ്രാര്‍ത്ഥിക്കാന്‍ അല്ലാഹു പറയുന്നതായി കാണാം. 'ഇനിമുതല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുക. അല്ലാഹു അതിലൂടെ അനുവദിച്ചത് തേടുക.'(അല്‍ ബഖറ : 187) അതിനര്‍ത്ഥം മക്കളെ ആഗ്രഹിക്കുക എന്നാണ് എന്ന് ഇബ്‌നു അബ്ബാസ്(റ)വിനെപ്പോലുള്ളവര്‍ പറഞ്ഞിട്ടുണ്ട്.
നശിപ്പിക്കാന്‍ അവകാശമില്ലാത്ത പവിത്രമായ സൃഷ്ടിയാണ് ഓരോകുഞ്ഞും. ഗാമിദി ഗോത്രക്കാരിയയും ഗര്‍ഭിണിയുമായ ഒരു സ്ത്രീ വന്ന് 'താന്‍ വ്യഭിചരിച്ചിരിക്കുന്നു, എനിക്ക് ശുദ്ധയാവണം ' എന്ന് പറഞ്ഞപ്പോള്‍ 'നീ പ്രവസവിച്ച ശേഷം വരൂ' എന്നായിരുന്നു പ്രവാചകന്‍ നല്‍കിയ മറുപടി. ന്യായമായ കാരണത്തിന്റെ പുറത്ത് അത്യപൂര്‍വ്വം സന്ദര്‍ഭങ്ങളിലൊഴികെയല്ലാതെ ഇസ്‌ലാമിക ശരീഅത്ത്, ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം നല്‍കുന്നില്ല. എന്നു മാത്രമല്ല, ഗര്‍ഭസ്ഥ ശിശുവിനെ സംരക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കുടുംബത്തിലെ അംഗങ്ങള്‍ കൂടുമെന്ന ഭയത്താലോ, ഭാവിയില്‍ പ്രശ്‌നമുണ്ടാവുമെന്ന ആശങ്കയാലോ, ദാരിദ്യം ഭയന്നോ, ശിശു പെണ്‍കുഞ്ഞാണെന്നതിനാലോ അവയെ നശിപ്പിക്കരുതെന്ന് ഇസ്‌ലാം കൃത്യമായി വിലക്കിയിട്ടുണ്ട്. 'ദാരിദ്യം കാരണം നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്. നിങ്ങള്‍ക്കും അവര്‍ക്കും അന്നം നല്‍കുന്നത് നാമാകുന്നു ' (അന്‍ആം 151). 'പട്ടിണി പേടിച്ച് നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും ആഹാരം നല്‍കുന്നത് നാമാണ്. അവരെ കൊല്ലുന്നത് കൊടിയ കുറ്റം തന്നെ '(ഇസ്‌റാഅ് : 31) നിലവിലും ഭാവിയിലുമുള്ള പിതാവിന്റെയും കുട്ടിയുടെയും അന്നം അല്ലാഹു ഏറ്റെടുത്ത കാര്യമാണ്. ഈ ആയത്തില്‍ നിന്നും അല്ലാഹുവാണ് പിതാക്കളേക്കാള്‍ കാരുണ്യവാനെന്ന് മനസിലാക്കാം.
ഗര്‍ഭാവസ്ഥയില്‍ സൂക്ഷമതയോടെ പരിചരിക്കലാണ് മറ്റൊന്ന്. എല്ലാവിധം ഉപദ്രവത്തില്‍ നിന്നും കുഞ്ഞിനെ പരിപൂര്‍ണ്ണമായും സംരക്ഷിക്കേണ്ട ബാധ്യത രക്ഷിതാക്കളില്‍ അര്‍പ്പിതമാണ്. ശിശുവിന് ദോഷകരമായി ബാധിക്കുന്ന മരുന്നുകളും ഭാരമുള്ള ജോലികളും ഒഴിവാക്കാന്‍ ഗര്‍ഭിണികളായ മാതാക്കള്‍ ശ്രദ്ധിക്കണം. സ്വന്തത്തേയും ശിശുവിനെയും ക്ഷീണിപ്പിക്കുന്ന തരം ജോലികള്‍ ഗര്‍ഭിണികള്‍ നിര്‍വ്വഹിക്കേണ്ടതില്ല.
മാതാവിനും കുഞ്ഞിനും ചെലവിനു നല്‍കലാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പിതാവോ അല്ലെങ്കില്‍ വലിയ്യോ(കൈകാര്യ കര്‍ത്താവ്) നിര്‍ബന്ധമായും ചെലവിനു കൊടുക്കണം. അവള്‍ വിവാഹമോചിതയാണെങ്കിലും ശരി. 'അവര്‍ ഗര്‍ഭരിണികളാണെങ്കില്‍ പ്രസവിക്കുന്നതുവരെ നിങ്ങളവര്‍ക്ക് ചെലവിന് കൊടുക്കുക' (ത്വലാഖ് 6). കാരണം കുഞ്ഞിനുള്ള പോഷകാഹാരം അവളിലൂടെയാണ് ലഭിക്കുക. ശരീരത്തെ ക്ഷീണിപ്പിക്കുകയും തളര്‍ത്തുകയും ചെയ്യുന്ന കായികാധ്വാനങ്ങളും അവള്‍ ചെയ്യരുത്. ദൗര്‍ബല്യമുണ്ടാക്കുന്ന കട്ടിയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്. പുകവലിയും മറ്റു ലഹരി വസ്തുക്കളും ഏല്‍ക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. 'സ്വയം ഉപദ്രവം ഉണ്ടാക്കരുത് മറ്റുള്ളവര്‍ക്ക് ഉപദ്രവം ഏല്‍പ്പിക്കുകയും അരുത് ' എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് അവള്‍ക്ക് റമദാനിലെ നോമ്പെടുക്കുന്നതില്‍ വരെ ഇളവ് നല്‍കപ്പെട്ടത്.
ശുദ്ധവും ഈമാനികവുമായ അന്തരീക്ഷമൊരുക്കുക. കാരണം ഗര്‍ഭസ്ഥശിശു വയറ്റിനകത്തു നിന്നും പുറമെയുള്ളത് കേള്‍ക്കുകയും ആ കേള്‍ക്കുന്ന കാര്യങ്ങള്‍ അവയെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ജനനത്തിനു ശേഷം അത് തിരിച്ചറിയാനും അതിലേക്ക് ചായാനും സാധ്യതയുണ്ട്. ശിശു ആരോഗ്യത്തോടെയും സുരക്ഷിതമായും പ്രവസിക്കപ്പെടണമെങ്കില്‍, ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കാനും പ്രസവത്തിന്റെ സമയത്ത് സ്ത്രീരോഗ വിദഗ്ധരായ ഭിഷ്വഗ്വരന്‍മാരെ തെരഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഗര്‍ഭധാരണത്തിന് മുമ്പോ ഗര്‍ഭിണിയായിരിക്കുമ്പോഴോ എന്തെങ്കിലും രോഗം ബാധിച്ചാല്‍ ആ രോഗത്തിന്റെ വിദഗ്ദന്റെയടുത്ത് പോയി ചികിത്സിച്ചാല്‍ സുഖപ്രവസവം ഒരു പരിധിവരെ സാധ്യമാവുമെന്ന് ഡോ. അഹമദ് ഈസ പറയുന്നു. പ്രസവം നാല്‍പത് വയസിന് മുമ്പായിരിക്കുന്നതാണ് ഉത്തമം. അതു പോലെ മുലകുടി പ്രായത്തിലുള്ള കുഞ്ഞുണ്ടായിരിക്കെ ഗര്‍ഭധാരണം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. രണ്ട് വര്‍ഷം മുലകൊടുക്കാന്‍ ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ടല്ലോ. പെട്ടെന്നുള്ള പ്രസവങ്ങള്‍ കാരണം ഉമ്മമാര്‍ ക്ഷീണിതരാവുന്നതിനാല്‍ അത് ശിശുവിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാനിടയുണ്ട്. കൃത്യമായ മുലയൂട്ടല്‍ ലഭിക്കാത്തതിനാല്‍ ശിശുവിന്റെ തൊട്ടു മുന്നിലുള്ള സഹോദരങ്ങളെയും അത് പരോക്ഷമായി ബാധിക്കുന്നു. ആഗതനാവാനിരിക്കുന്ന കുഞ്ഞിന്റെ സുരക്ഷക്കായി പോഷകാഹാരം കഴിക്കാന്‍ ഗര്‍ഭിണികള്‍ പ്രത്യകം ശ്രദ്ധിക്കണമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഗര്‍ഭധാരണത്തിന്റെ അവസാന ആഴ്ചകളിലുള്ള ദീര്‍ഘദൂര യാത്രകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. തിരക്കുള്ള സ്ഥലത്തേക്കും രോഗാണുക്കള്‍ നിറഞ്ഞ സ്ഥലത്തേക്കും പ്രവേശിക്കാതിരിക്കുക. ശക്തിയും ആരോഗ്യവും സുരക്ഷിതത്വും നിലനിര്‍ത്താനാവശ്യമായ കാര്യങ്ങളാണ് മുകളിലുദ്ധരിച്ചത്. ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ശക്തനായ വിശ്വാസിയെയാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടം എന്ന നബിവചനം ശ്രദ്ധേയം.
ചാപിള്ളയായി പിറന്നു വീഴുന്നവയെ കുളിപ്പിക്കുകയും അതിനുവേണ്ടി മയ്യിത്ത് നമസ്‌ക്കരിക്കുകയും അതിന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.
ഗര്‍ഭസ്ഥ ശിശുവിന്റെ അനന്തരാവകാശം
ജനിക്കുന്നതിനു മുമ്പേ കുഞ്ഞിന്റെ സമ്പത്ത് സംരക്ഷിക്കപ്പെണം.അത് ഗര്‍ഭസ്ഥശിശുവിന്റെ അവകാശമാണ്. ' ഗര്‍ഭസ്ഥ ശിശുവിന് അനന്തരാവകാശമുണ്ട്. അത് പ്രസവിക്കപ്പെടുന്നത് വരെ അനന്തരാവകാശ സ്വത്ത് വിതരണം ചെയ്തുകൂട. വീതം വെക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ചാപിള്ളയാണെങ്കില്‍ അനന്തരവാകാശമില്ല. എന്നാല്‍ കുഞ്ഞ പ്രസവിക്കപ്പെടുമ്പോള്‍ കരഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റ വിഹിതമെടുത്ത ശേഷം ബാക്കി സ്വത്ത് അന്തരാവകാശികള്‍ക്ക് വിതരണം ചെയ്യുക. '( ശറഹു കിതാബില്‍ ഫറാഇദ്, ശൈഖ് ഹമദ് അല്‍ ഹമദ് ഖുത്വ്‌വ). പണമെന്താണെന്ന് കാണുകയും അറിയുകയും ചെയ്യാത്ത സന്ദര്‍ഭത്തില്‍ പോലും ശിശുവിന്റെ ധനം സംരക്ഷിക്കപ്പെടണമെന്ന മഹത്തായ നിയമം നടപ്പാക്കിയ, ജീവിച്ചിരുക്കുമ്പോഴും മരിച്ച അവസ്ഥയിലും ശിശുവിനുള്ള ആദരവ് വകവെച്ചു കൊടുത്ത സര്‍വ്വലോക പരിപാലകന് സര്‍വ്വ സ്തുതിയും.
വിവ : ഇസ്മായില്‍ അഫാഫ്
Monday, 27 November 2017
നമ്മുടെ മക്കളെ ദീനീ ബോധമുള്ളവരായി എങ്ങനെ വളര്‍ത്താം?
ഡോ. ജാസിം മുതവ്വ

തങ്ങളുടെ മക്കള്‍ നമസ്‌കരിക്കുന്നവരും അല്ലാഹുവുമായി നിരന്തര ബന്ധം കാത്തുസൂക്ഷിക്കുന്നവരുമാകുക, മികച്ച ശിക്ഷണത്തില്‍ അവരെ വളര്‍ത്തുക എന്നത് ഓരോ രക്ഷിതാക്കളുടെയും വലിയ ആഗ്രഹമാണ്. ഒന്നാമത്തെ കുട്ടിയെ ഇസ്‌ലാമിക സംസ്‌കാരത്തോടെ വളര്‍ത്താന്‍ മിക്കവരും ശ്രദ്ധകാണിക്കും. ക്രമേണ ആവേശം കെട്ടടങ്ങുകയും അവരെ ഇസ്‌ലാമിക ശിക്ഷണത്തില്‍ വളര്‍ത്താന്‍ എനിക്ക് സാധിക്കുകയില്ല എന്ന മനോഭാവത്തിലെത്തുകയും ചെയ്യുന്നത് കാണാം.
നമ്മുടെ മക്കളെ മികച്ച ശിക്ഷണം (തര്‍ബിയത്ത്) നല്‍കി വളര്‍ത്തുക എന്നത് കൊണ്ട് എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് ഓരോ രക്ഷിതാക്കളും നിര്‍ണ്ണയിക്കണം. അരുമ സന്താനങ്ങള്‍ നമസ്‌കാര നിഷ്ടയുള്ളവരും അല്ലാഹുവും ഖുര്‍ആനുമായി നിരന്തരബന്ധമുള്ളവരും നല്ല സ്വഭാവ സംസ്‌കരണത്തിന്റെ ഉടമകളുമാകുക എന്നത് മിക്ക രക്ഷിതാക്കളുടെയും അതിയായ ആഗ്രഹമായിരിക്കും. എന്നാല്‍ പ്രായോഗിക ജീവിതത്തിലെത്തുമ്പോള്‍ മിക്ക രക്ഷിതാക്കളും പ്രസ്തുത ലക്ഷ്യങ്ങള്‍ അവഗണിക്കുന്നതാണ് നമ്മുടെ അനുഭവം. അതിനാല്‍ തന്നെ കുട്ടികളെ ഈമാനികമായി വളര്‍ത്തുമ്പോള്‍ ഏഴ് ഘട്ടങ്ങള്‍ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്.
ഇണയെ തെരഞ്ഞെടുക്കുന്ന ഘട്ടത്തില്‍ തന്നെ ദീനിനോടുള്ള പ്രതിബദ്ധത പരിഗണിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ മക്കളുടെ ശിക്ഷണ രംഗത്തും ഭാവി ജീവിതത്തില്‍ തന്നെയും അത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കും. ഉമ്മയുടെ ഗര്‍ഭാശയത്തില്‍ ഗര്‍ഭസ്ഥ ശിശുവായി കഴിയുന്ന സന്ദര്‍ഭമാണ് രണ്ടാമത്തേത്. പ്രസ്തുത ഘട്ടത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം കുട്ടിയെ ധാരാളമായി കേള്‍പ്പിക്കേണ്ടതുണ്ട്. തങ്ങളുടെ അരുമ സന്താനത്തെ ഈമാനികമായി എപ്രകാരം വളര്‍ത്താന്‍ കഴിയും എന്ന ബോധ്യം മാതാപിതാക്കള്‍ക്ക് തുടക്കത്തില്‍ തന്നെ ഉണ്ടാകേണ്ടതുണ്ട്. പ്രസവം മുതല്‍ രണ്ടുവര്‍ഷം വരെയുള്ള കാലയളവാണ് മൂന്നാമത്തെ ഘട്ടം. ഈ കാലയളവില്‍ മാതാപിതാക്കള്‍ നമസ്‌കരിക്കുന്നതും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും കുട്ടികള്‍ ധാരാളമായി കാണേണ്ടതുണ്ട്. ദിനേനയുള്ള ദിക്‌റുകളും പ്രാര്‍ഥനകളും മാതാപിതാക്കള്‍ ഉരുവിടുന്നതിന് കുട്ടി സാക്ഷ്യം വഹിക്കുകയും വേണം.
രണ്ട് വയസ്സു മുതല്‍ ആറ് വയസ്സു വരെയുള്ള സമയമാണ് നാലാമത്തെ ഘട്ടം. കുട്ടി എന്തും അനുകരിക്കുന്ന വളരെ പ്രധാനപ്പെട്ട കാലയളവാണിത്. ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ പരിശീലിപ്പിക്കുക, അല്ലാഹുവിനോടും റസൂലിനോടും സ്‌നേഹമുളവാക്കാനുതകുന്ന മനോഹരമായ ഗാനങ്ങള്‍ പഠിപ്പിക്കുക, ഭക്ഷണം കഴിക്കുന്നതിനിടയിലും ഉറങ്ങാന്‍ കിടക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം നല്ല കഥകള്‍ കേള്‍പ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ആറ് മുതല്‍ പത്ത് വയസ്സു വരെയുള്ള സന്ദര്‍ഭമാണ് അഞ്ചാമത്തെ ഘട്ടം. മനുഷ്യന്‍ ആരാണ്, അവനെ സൃഷ്ടിച്ചതാര്, ദൈവത്തോടുള്ള ഉത്തരവാദിത്തം എപ്രകാരം നിര്‍വഹിക്കേണം, നമസ്‌കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം എന്നിവ നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യം, നല്ല കൂട്ടുകാരെ എന്തിന് തെരഞ്ഞെടുക്കണം തുടങ്ങിയവ സന്ദര്‍ഭോചിതം കുട്ടികളുടെ അകതാരിലേക്ക് സന്നിവേശിപ്പിക്കേണ്ട സന്ദര്‍ഭമാണിത്.
പത്ത് വയസ്സു മുതല്‍ പ്രായപൂര്‍ത്തി എത്തുന്നത് വരെയുള്ള സന്ദര്‍ഭമാണ് ആറാമത്തെ ഘട്ടം. കുട്ടികള്‍ കൂട്ടുകാരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന സമയമാണിത്. സകാത്ത് സംരംഭങ്ങള്‍, പഠന ക്ലാസുകള്‍ തുടങ്ങിയ സംരംഭങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും വലിയവരെ ബഹുമാനിക്കേണ്ട വിധം, പ്രയാസമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കേണ്ടത്, രോഗിയോട് അനുകമ്പ പുലര്‍ത്തേണ്ട വിധം തുടങ്ങിയ കാര്യങ്ങള്‍ പ്രായോഗികമായി അവരെ പഠിപ്പിക്കുക. അവരില്‍ നിന്നുണ്ടാകുന്ന ചെറിയ വീഴ്ചകളെ അവഗണിക്കുകയും ആവശ്യമായ സന്ദര്‍ഭത്തില്‍ യുക്തിസഹിതം തെറ്റുകളെ കുറിച്ച് അവരെ ബോധവല്‍കരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പ്രസ്തുത കാലയളവില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രായപൂര്‍ത്തി എത്തിയതു മുതല്‍ തുടര്‍ന്നങ്ങോട്ടുള്ള ജീവിതമാണ് ഏഴാമത്തെ ഘട്ടം. നാം അവരെ സ്‌നേഹിക്കുകയും ആവശ്യാനുസൃതം ദീനി ശിക്ഷണത്തില്‍ വളരാനുള്ള നിര്‍ദ്ദേശങ്ങള്‍ അവര്‍ക്ക് നല്‍കുകയും നമുക്ക് അല്ലാഹു കനിഞ്ഞരുളിയ അതിരറ്റ അനുഗ്രഹങ്ങളെ കുറിച്ച് ബോധവാന്മാരാക്കിക്കൊണ്ട് നന്ദിയുള്ള അടിമകളായി ജീവിക്കാന്‍ അവരെ പ്രാപ്തരാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടത്തില്‍ നിര്‍വഹിക്കേണ്ടത്.
ഈ ഏഴ് ഘട്ടങ്ങളിലും പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ യുക്തിഭദ്രമായി ഏത് രീതിയില്‍ നടപ്പിലാക്കാം എന്നതിന് മാതാപിതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പ്രസ്തുത രീതികള്‍ മക്കള്‍ക്ക് ഇഷ്ടപ്പെടുന്നതാകണം എന്ന നിബന്ധന മാത്രമേയുള്ളൂ. സന്ദര്‍ഭോചിതമായ അറിവും അവബോധവുമാണ് ഏറ്റവും പ്രധാനമെന്നതിനാല്‍ ഈമാനികമായ വികാരം അവരില്‍ രൂഢമൂലമാകുന്ന രീതിയില്‍ നിരന്തരം അവരെ ഉല്‍ബോധിപ്പിക്കേണ്ടതുണ്ട്. ഒരു ദരിദ്രനെ കാണുമ്പോള്‍ അല്ലാഹു നമുക്ക് കനിഞ്ഞരുളിയ അനുഗ്രഹത്തെ കുറിച്ച് അവരെ ഓര്‍മിപ്പിക്കുക, വലിയ പരീക്ഷണത്തിനു വിധേയരായവരെ കാണുമ്പോള്‍ അല്ലാഹു നമ്മോട് പുലര്‍ത്തിയ അലിവിനെ കുറിച്ച് വിവരിക്കുക, മനോഹരമായ പ്രകൃതി ദൃശ്യങ്ങളും മറ്റും കാണുമ്പോള്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിലെ അത്ഭുതങ്ങളെ കുറിച്ച് മനസ്സിലാക്കിക്കൊടുക്കുക, രോഗം വരുമ്പോള്‍ വലിയ രോഗങ്ങളാല്‍ പരീക്ഷിക്കപ്പെട്ടവരെ കുറിച്ച് ഓര്‍മിപ്പിക്കുക തുടങ്ങിയ ജീവിതം മുഴുവന്‍ അല്ലാഹുവുമായി ബന്ധിപ്പിക്കുന്ന രീതിയിലുള്ള ഒരാത്മബന്ധം അവനില്‍ ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.
സദ്‌സ്വഭാവത്തിലും ദീനി അനുഷ്ഠാനങ്ങളിലും താല്‍പര്യമുള്ളവരാക്കി വളര്‍ത്തുക എന്നതാണ് ഈമാനുള്ളവരാക്കി അവരെ വളര്‍ത്തുക എന്നതിന്റെ പ്രായോഗികരൂപം. അല്ലാഹുവെ കുറിച്ച് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തുകൊണ്ട് അവനുമായി നിരന്തര ബന്ധം കാത്തുസൂക്ഷിക്കുക എന്നതാണ് ബൗദ്ധികമായ അതിന്റെ രൂപം. ആദ്യത്തെ ഘട്ടത്തിലൂടെ സഞ്ചരിച്ചാണ് പൊതുവെ മനുഷ്യര്‍ രണ്ടാമത്തെ ഈ ഘട്ടത്തിലെത്താറുള്ളത്. രക്ഷിതാക്കള്‍ക്ക് അല്ലാഹുവിന്റെ സാമീപ്യം ലഭിക്കാനുതകുന്ന ഏറ്റവും ഉത്തമമായ മാര്‍ഗമാണ് മക്കളെ മികച്ച ശിക്ഷണത്തില്‍ ഈമാനികമായി വളര്‍ത്തുക എന്നത്. കാരണം ഏറ്റവും ശ്രേഷഠകരമായ പ്രവര്‍ത്തനമേത് എന്ന് പ്രവാചകനോട് അന്വേഷിച്ചപ്പോള്‍ പ്രവാചകന്‍ നല്‍കിയ മറുപടി അല്ലാഹുവിലും തിരുദൂതരിലുമുള്ള വിശ്വാസം, ദൈവിക മാര്‍ഗത്തിലെ ജിഹാദ്, സ്വീകാര്യയോഗ്യമായ ഹജ്ജ് എന്ന ക്രമത്തിലാണ്. എന്നാല്‍ മക്കളെ ഇസ്‌ലാമികമായ ശിക്ഷണത്തില്‍ വളര്‍ത്തുന്നതിലൂടെ മാത്രമേ അവരില്‍ ഈ ബോധ്യം ഉണ്ടാകുമെന്നതിനാല്‍ അതിനു വേണ്ടി പ്രയത്‌നിക്കുന്നതാണ് അവയേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് എന്ന് നാം തിരിച്ചറിയണം.
വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്
Sunday, 26 November 2017
കൗമാരം പ്രശ്‌നവും പരിഹാരവും
ഈമാന്‍ അബ്ദുല്‍ ഹമീദ് അല്‍-ബിലാലി
സാങ്കേതിക വിദ്യ അതിവേഗം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് സന്താനപരിപാലനം മുമ്പത്തെ അത്രതന്നെ എളുപ്പമുള്ള ഒന്നല്ല. കുട്ടികള്‍ വഴിതെറ്റാന്‍ നാം കയ്യില്‍ കൊണ്ടു നടക്കുന്ന മൊബൈല്‍ ഫോണിന്റെ ബട്ടണ്‍ അമര്‍ത്തുന്നതിനേക്കാള്‍ എളുപ്പമാണ് ഇന്ന്. ശിക്ഷണ രീതികളില്‍ മാറ്റം വരാന്‍ പാടില്ലെന്ന് ശഠിക്കുന്ന രക്ഷിതാക്കള്‍ സ്വയം കുട്ടികളുടെ അനുസരണക്കേടിന് കാരണക്കാരായി മാറുന്നു. 'നിങ്ങളുടെ കാലത്തിനനുസരിച്ചല്ല നിങ്ങളുടെ മക്കളെ വളര്‍ത്തേണ്ടതെന്ന അലി(റ) ഉപദേശത്തെ കുറിച്ച് ഒരു പക്ഷെ അവര്‍ അജ്ഞരായിരിക്കാം. പണ്ടു രക്ഷിതാക്കളുടെ ഉപദേശം കേള്‍ക്കാന്‍ കുട്ടികള്‍ക്ക് അല്‍പമെങ്കിലും സമയം കിട്ടിയിരുന്നു. എന്നാല്‍ ഇന്ന് ഉപദേശം കേള്‍ക്കാന്‍ കുട്ടികള്‍ക്ക് സമയമോ താല്‍പര്യമോ ഇല്ല. അത് അവരുടെ കുറ്റമല്ല. ഈ വേഗത കാലത്തിന് മൊത്തം ബാധിച്ചിരിക്കുന്ന ഒന്നാണ്. എല്ലാം വളരെ ചുരുക്കി നല്‍കുക എന്നതാണ് ഇന്നത്തെ കാലത്തിന്റെ സവിശേഷത. അതുകൊണ്ടു തന്നെ നാം സ്വപ്‌നം കാണുന്ന നവോത്ഥാനത്തിന്റെ വാഹകരായ തലമുറയെ സൃഷ്ടിക്കാന്‍ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന കാലത്തിന് അനുയോജ്യമായ സന്താനപരിപാലന രീതികള്‍ ആവിഷ്‌കരിക്കാന്‍ രക്ഷിതാക്കള്‍ക്കും സാധിക്കേണ്ടതുണ്ട്. എന്നാല്‍ ഇസ്‌ലാമിക അസ്ഥിതം കൈവെടിഞ്ഞു കൊണ്ടായിരിക്കരുത് അത്.
മാനസികവും ശാരീരികവും വൈകാരികവും ബുദ്ധിപരവുമായ മാറ്റങ്ങള്‍ ഉണ്ടാകുന്ന കൗമാര പ്രായത്തിലെ സന്താനപരിപാലത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമാണ്. മാതാപിതാക്കള്‍ക്ക് പലപ്പോഴും ഇതില്‍ ആശങ്കകളും പരിഭ്രമവും ഉണ്ടാവാറുണ്ട്. കൗമാരത്തിലെ ഈ മാറ്റങ്ങളെയും അവയെ കൈകാര്യം ചെയ്യേണ്ടതിനെയും കുറിച്ച ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്. കൗമാരത്തിലുണ്ടാകുന്ന മാനസികപ്രശ്‌നങ്ങള്‍, പെരുമാറ്റദൂഷ്യങ്ങള്‍ എന്നിവയെക്കുറിച്ചും വിശദമാക്കാം. രക്ഷിതാക്കളെ സംബന്ധിച്ചേടത്തോളം അവധാനതയോടെ കൈകാര്യം ചെയ്യേണ്ട ഘട്ടമാണ് കൗമാരഘട്ടം.
മനുഷ്യജീവിതത്തിലെ മറ്റുഘട്ടങ്ങളെപ്പോലെ തന്നെയാണ് കൗമാര കാലഘട്ടവും. എന്നാല്‍ പെട്ടെന്ന് മാറ്റങ്ങള്‍ പ്രകടമാകുന്ന ഘട്ടമാണത്. കൗമാരത്തിന്റെ തുടക്കത്തോടെ തന്നെ അതിന്റെ പ്രതിസന്ധികളും ആരംഭിക്കുന്നുണ്ട്. പല അപകടങ്ങള്‍ക്കും സാധ്യതയുള്ള ഘട്ടമാണിത്. അതിന്റെ ആദ്യഘട്ടം ശാന്തമായി തരണം ചെയ്യാന്‍ സാധിച്ചാല്‍ അതിന് ശേഷമുള്ള ഘട്ടങ്ങള്‍ അതിനേക്കാള്‍ എളുപ്പമായിരിക്കും. കൗമാരത്തിന് വിവിധ ഘട്ടങ്ങളെ നമുക്ക് ഇങ്ങനെ വേര്‍തിരിക്കാം
1. പ്രാഥമിക ഘട്ടം : പ്രായപൂര്‍ത്തിയുടെ ഘട്ടമായ ഇത് 12-നും 15-നും ഇടയിലുള്ള കാലമാണ്.
2. മധ്യഘട്ടം : പതിനഞ്ച് മുതല്‍ പതിനേഴ് വയസ് വരെയുള്ള കാലം.
3. അന്ത്യഘട്ടം :18 മുതല്‍ 21 വയസ് വരെയുള്ള കാലമാണിത്.
പ്രാഥമിക ഘട്ടത്തിലുണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് പഠനനിലവാരം കുറയുന്നതും പഠനത്തോട് താല്‍പര്യം ഇല്ലാതാകുന്നുതും. അതിന് പല കാരണങ്ങളും ഉണ്ടായിരിക്കാം. കുടുംബത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രമാകാനുള്ള കുട്ടിയുടെ താല്‍പര്യമാണ് അതില്‍ ഒന്ന്. അതോടൊപ്പം ആത്മവിശ്വാസക്കുറവും അവരനുഭവിക്കുന്നു. കുടുംബത്തില്‍ നിന്നെല്ലാം അകന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് താനെന്ന തോന്നല്‍ തന്നെ സംബന്ധിച്ചടത്തോളം പഠനം പ്രധാനമല്ല എന്ന ബോധം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
മാനസിക പിരിമുറുക്കവും സമ്മര്‍ദ്ധവും വര്‍ദ്ധിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. തന്റെ ശരീരത്തിലും മനസ്സിലും പെട്ടന്ന ഉണ്ടാകുന്ന മാറ്റങ്ങളെ അവന് തന്നെ ഉള്‍ക്കൊള്ളാന്‍ പ്രയാസം ഉണ്ടാകുന്നു. സ്വന്തത്തെ അംഗീകരിക്കാന്‍ കഴിയാതിരിക്കുന്നതിന്റെ ഫലമായി മാനസിക സമ്മര്‍ദത്തിനും പ്രയാസത്തിനും അവന്‍ വിധേയനാവുന്നു.
ആത്മവിശ്വാസം കുറയുന്നതാണ് മൂന്നാമത്തെ പ്രശ്‌നം. യുവാക്കള്‍ക്കും യുവതികള്‍ക്കും തങ്ങളുടെ പെട്ടെന്നുള്ള ശാരീരിക വളര്‍ച്ചയോട് പൊരുത്തപ്പെടാന്‍ സാധിക്കാതെ വരുമ്പോഴാണിത് സംഭവിക്കുന്നത്. തന്റെ ശരീര ഭാഗങ്ങളുടെ വളര്‍ച്ചയില്‍ നാണം അനുഭവപ്പെടുകയും ചില ശരീരഭാഗങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കാന്‍ ശ്രമവും ഉണ്ടാകും. ഇക്കാരണം കൊണ്ട് പുറത്തിറങ്ങാന്‍ മടിക്കുന്നവര്‍ വരെയുണ്ടാവാറുണ്ട്. സന്താനപരിപാലനത്തില്‍ കാണിക്കുന്ന അമിത കാര്‍ക്കശ്യവും ലാളനയും അതിന്റെ മറ്റു കാരണങ്ങളില്‍ പെട്ടതാണ്. അതിന്റെ ഫലമായി അവര്‍ക്ക് സ്വന്തത്തിലുള്ള വിശ്വാസം കുറയുകയും എല്ലാത്തിനും മുതിര്‍ന്നവരെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നു.
അലസതയും മടിയും അധികരിക്കുന്നതാണ് ഈ പ്രായത്തില്‍ കണ്ടു വരുന്ന മറ്റൊരു പ്രശ്‌നം. പെട്ടന്നുണ്ടാകുന്ന വളര്‍ച്ചയും അതോടൊപ്പം സ്‌നേഹം പോലുള്ള അവരുടെ വ്യക്തിപരമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിന് സാമൂഹ്യബന്ധങ്ങളില്‍ കൗമാരം സൃഷ്ടിക്കുന്ന ഘടകങ്ങളും അതിന് കാരണമാകുന്നു.
സാമൂഹ്യ ഇടപെടലുകളിലൂടെ സ്‌നേഹവും അനുബന്ധ ആവശ്യങ്ങളും ലഭിക്കുമെന്നതിനാല്‍ ഇക്കാലത്ത് കുടുംബവുമായുള്ള ബന്ധം കുറയുകയും ചെയ്യും.
രണ്ടാം ഘട്ടം
ഇക്കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് മാനസിക സന്തുലിതാവസ്ഥ വര്‍ദ്ധിച്ച് സ്വന്തത്തെ അംഗീകരിക്കാനുള്ള ത്രാണി വര്‍ദ്ധിക്കുകയും പുറം ലോകവുമായി ബന്ധപ്പെടാന്‍ ആരംഭിക്കുകയും ചെയ്യുന്നു. പിന്നീട് ഘട്ടംഘട്ടമായി പഠനരംഗത്തേക്ക് തിരിച്ച് വരുന്നതിലൂടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കപ്പെടുന്നു. ഇക്കാലത്ത് ബാഹ്യ ബന്ധങ്ങള്‍ ശക്തിപ്രാപിക്കുകയും കൂട്ടുകാരുമായി ഇടപഴകുന്നത് അധികരിക്കുകയും ചെയ്യും.
മൂന്നാംഘട്ടം
ഇക്കാലത്ത് കുട്ടിയുടെ മാനസിക വളര്‍ച്ച സാധാരണ നിലയിലാകുകയും മാതാപിതാക്കളുടെ സമീപത്തിലേക്ക് മടങ്ങുകും ചെയ്യും. ഇതവരുടെ പെരുമാറ്റത്തില്‍ വളരെയധികം പ്രകടമാവുകയും ചെയ്യും. അപ്രകാരം പഠനത്തോടും താല്‍പര്യം വര്‍ധിക്കും.
കൗമാരത്തിന്റെ ഇനങ്ങള്‍
കൗമാരത്തിന്റെ അസ്വസ്ഥകള്‍ കുട്ടികളില്‍ വ്യത്യസ്തമായാണ് അനുഭവപ്പെടുക. ചില രക്ഷിതാക്കള്‍ കുട്ടിയുടെ സ്വഭാവ വ്യതിയനങ്ങളെക്കുറിച്ച് പരാതി പറയുമ്പോള്‍ ചിലര്‍ക്ക് കുട്ടികളില്‍ ഇക്കാലത്തുണ്ടായ നല്ല ഗുണങ്ങളെക്കുറിച്ചും പറയാനുണ്ടാകും. ചില രക്ഷിതാക്കള്‍ കുട്ടികളുടെ പെരുമാറ്റത്തില്‍ സംതൃപ്തരാണ് .ഈ വ്യത്യാസം കുട്ടികളുടെ വ്യക്തിത്വവുമായും വളര്‍ന്ന സാമൂഹ്യ സാഹചര്യവുമായും ബന്ധപ്പെട്ടതാണ്. ഇതനനുസരിച്ച് കൗമാരത്തെ മൂന്നായി തരം തിരിക്കാം
1. പക്വത നേടിയ കൗമാരം
2. അന്തര്‍മുഖ കൗമാരം
3. അക്രമണോല്‍സുക കൗമാരം
വിവ: അബ്ദുല്‍ മജീദ് താണിക്കല്‍
Saturday, 25 November 2017
മക്കളിലൂടെ രക്ഷിതാക്കള്‍ വായിക്കപ്പെടുന്നു
അസീസ് മഞ്ഞിയില്‍
മാതാവിന്റെ കാല്‍ ചുവട്ടിലെ സ്വര്‍ഗം പ്രാപിക്കാന്‍ സന്താനങ്ങള്‍ ശ്രമിച്ചു കൊള്ളട്ടെ എന്ന വിവക്ഷയേക്കാള്‍ അത് നേടിയെടുക്കാന്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് മാതാക്കള്‍ അവസരമൊരുക്കട്ടെ എന്ന പുനര്‍ വായനയാണ് സാധ്യമാവേണ്ടത്. മാതാവിന്റെ കാല്‍ചുവട്ടിലാണ് സ്വര്‍ഗം എന്ന പ്രവാചക ശിക്ഷണം ഒരു പാഠമെന്നോണം സന്താനങ്ങള്‍ക്ക് പറഞ്ഞു കൊടുക്കുമെങ്കിലും നിധികാക്കുന്ന ഭൂതത്തെപ്പോലെ മാതാപിതാക്കള്‍ കാവലിരിക്കുന്ന പ്രതീതിയാണ് അനുഭവവേദ്യമാക്കി കൊണ്ടിരിക്കുന്നത്.
രക്ഷിതാക്കളും അധ്യാപകരും എന്ന രണ്ട് സുരക്ഷിതമായ കരകള്‍കിടയിലൂടെ യഥാര്‍ഥ ലക്ഷ്യസ്ഥാനത്തേയ്ക്ക് പ്രവഹിക്കാന്‍ സന്താനങ്ങള്‍ക്ക് അവസരമുണ്ടാകണം. മക്കളുടെ അഭിരുചികള്‍ പഠനത്തിലായാലും പാഠ്യേതരത്തിലായാലും അംഗീകരിക്കപ്പെടണം. ശിക്ഷയും ശിക്ഷണവും പോലെത്തന്നെ പ്രാധാന്യമുള്ളവയാണ് പ്രോത്സാഹനവും പ്രശംസയും. വ്യക്തി എന്ന വിവക്ഷ പ്രായഭേദങ്ങള്‍ക്ക് വിധേയമാകരുത്. അനുവദനീയമായ വ്യക്തിസ്വാതന്ത്ര്യം രക്ഷിതാക്കളുടെ ഔദാര്യമല്ല മറിച്ച് സന്താനങ്ങളുടെ അവകാശമാണ്. പറയാനുള്ള അവകാശം രക്ഷിതാക്കള്‍ക്കും കേള്‍ക്കാനുള്ള ബാധ്യത മക്കള്‍ക്കും എന്നതിനേക്കാള്‍ സ്‌നേഹോഷ്മളമായ അന്തരീക്ഷത്തിലെ സംഭാഷണമാണ് അഭികാമ്യം. കുട്ടികളുടെ ലോകത്തെക്കുറിച്ചുള്ള രക്ഷിതാക്കളുടെ അജ്ഞത വളര്‍ന്നുവരുന്ന തലമുറയെ അധാര്‍മികതയുടെ ചതുപ്പ് നിലങ്ങളിലേയ്ക്ക് വലിച്ചിഴക്കപ്പെടാന്‍ കാരണമാകുന്നു എന്ന യാഥാര്‍ഥ്യം മനസ്സിലാക്കാതെ പോകരുത്.
മാതാപിതാക്കള്‍ തങ്ങളുടെ സന്താനങ്ങളില്‍ ഉണ്ടായിരിക്കണമെന്ന് ആശിക്കുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പാലിക്കുന്നുണ്ടോ എന്നതിന് ഏറെ പ്രാധാന്യമുണ്ട്. രക്ഷിതാക്കള്‍ തങ്ങളുടെ സന്താനങ്ങളാല്‍ വായിക്കപ്പെടുന്നു എന്നത് വിസ്മരിച്ചുകൊണ്ടുള്ള സദുപദേശങ്ങളാണ് സന്താനങ്ങള്‍ പരിതിയ്ക്ക് പുറത്താകുന്നതിന്റെ മുഖ്യഹേതു.
ഗര്‍ഭാവസ്ഥയില്‍ നിന്ന് തുടങ്ങി വിവിധ ഘട്ടങ്ങളില്‍ വളരെ ശാസ്ത്രിയമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ് സന്താന പരിപാലനം. എന്തിനും ഏതിനും അരുതായ്മകളുടെ കല്പനകള്‍കൊണ്ട് കുട്ടികളെ അനുസരിപ്പിക്കാനുള്ള പോലീസ് മുറകള്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ വിപരിത ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. കുട്ടികളുടെ ദിശ നിര്‍ണയിക്കുന്നതില്‍ വലിയ ഉത്തരവാദിത്വമുള്ള രക്ഷിതാക്കള്‍ തങ്ങളുടെ ദൗത്യവും ധര്‍മ്മവും ഗൗരവബുദ്ധ്യാ ഉള്‍കൊള്ളുകയും സര്‍ഗാത്മകമായി കൈകാര്യം ചെയ്യുകയുമാണെങ്കില്‍ ഒരു നല്ല നാളെയുടെ വാഗ്ദാനങ്ങളായ പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ നിഷ്പ്രയാസം സാധിക്കും.
Subscribe to:
Posts (Atom)










