SKSSF പുതിയതെരു ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂഇയർ പ്രഭാഷണവും മജ്‌ലിസുന്നൂർ ഒന്നാംവാർഷികവും 2017 ഡിസംബർ 31,2018 ജനുവരി 1,2 തീയതികളിൽ പുതിയതെരു നീരൊഴുക്കുംചാൽ ഗ്രൗണ്ടിൽ....മൻസൂർ അലി ദാരിമി കാപ്പ്,റഹ് മത്തുള്ള ഖാസിമി മുത്തേടം, സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ മംഗലാപുരം തുടങ്ങിയ പ്രമുഖ വ്യക്‌തിത്വങ്ങൾ സംസാരിക്കുന്നു.ഏവർക്കും സ്വാഗതം ..
മജ്‌ലിസുന്നൂർ വീടുകളിൽ സങ്കടിപ്പിക്കുന്നതിന് വിളിക്കുക 8139868786 , 9847137786 .... ( മജ്‌ലിസുന്നൂർ വിംഗ് , SKSSF പുതിയതെരു ശാഖാ )..

Monday, 13 March 2017

നാരിയത്തു സ്വലാത്തിനെ കുറിച്ച്



വിവിധ സ്വലാത്തുകള്‍ക്ക് പ്രത്യേക നേട്ടങ്ങളുണ്ടെന്ന് മഹാത്മാക്കളായ സൂഫികള്‍ പറഞ്ഞിട്ടുണ്ട്. പ്രസ്തുത കാര്യം സാധിക്കുന്നതിന് ആ സ്വലാത്ത് തന്നെ ചൊല്ലണം. പെട്ടെന്ന് പ്രശ്നങ്ങള്‍ പരിഹൃതമാകുന്നതിനും കാര്യങ്ങള്‍ സാധിക്കുന്നതിനും നാരിയത്ത് സ്വലാത്ത് ചൊല്ലുന്ന രീതി പണ്ടു മുതലേ ജനങ്ങള്‍ക്കിടയില്‍ വേരൂന്നിയതാണ്. നാരിയത്തു സ്വലാത്തിന്‍റെ ചില വസ്തുതകളിലേക്കാണ് ഈ കുറിപ്പ്.
മൊറോക്കന്‍ രാജ്യങ്ങളിലെ പണ്ഡിതര്ക്കിടയിലാണ് ഈ സ്വലാത്തിന് നാരിയത്ത് എന്ന് പേര് പ്രസിദ്ധമായത്. പ്രയാസങ്ങള്‍ നീങ്ങുന്നതിന് സദസ്സില്‍ ഒരുമിച്ചിരുന്ന 4444 പ്രാവശ്യം ഈ സ്വലാത്ത് ചൊല്ലുന്ന ഒരു രീതിയും അവര്‍ക്കിടയിലുണ്ടായിരുന്നു. തീയിന്‍റെ വേഗത്തില്‍ പെട്ടെന്ന് കാര്യം സാധ്യമാകുമെന്ന അര്‍ഥത്തിലാണ് ഈ സ്വലാത്തിന് നാരിയത്ത് എന്ന് പേര് ലഭിക്കുന്നത്.
ഇമാം ഖുര്‍ഥ്വുബി ഈ സ്വാത്തിന് തഫ്ജീരിയ്യ എന്ന് തന്നെയാണ് പേര് നല്‍കിയിരിക്കുന്നത്. പ്രശ്നപരിഹാരം എന്നാണ് ആ വാക്കിന് അര്‍ഥം. 4444 പ്രാവശ്യം ഇതു ചൊല്ലിയാല്‍ ഉദ്ദിഷ്ട കാര്യം സാധിക്കുമെന്ന് അദ്ദേഹവും പ്രസ്താവിച്ചിട്ടുണ്ട്. ഹാഫിദ് ഇബ്നു ഹജറില് ‍അസ്ഖലാനി തങ്ങളും ഈ സ്വലാത്തിന്റെ മഹാത്മ്യത്തെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
മിഫ്താഹുല്‍ കന്‍സില്‍ മുഹ്വീത്, സമഗ്രനിധികളുടെ താക്കോല്‍, എന്ന പേരിലാണ് സൂഫീലോകത്ത് ഈ സ്വലാത്ത് അറിയപ്പെടുന്നത്. ശൈഖ് മുഹമ്മദ് ഹഖീഅഫിദിയുടെ ഖസീനത്തുല്‍ അസ്റാറിലും യൂസുഫുന്നബ്ഹാനിയുടെ അഫ്ദലുസ്സ്വലവാത്ത് എന്ന ഗ്രന്ഥത്തിലും നാരിയത്ത് സ്വലാത്ത് സംബന്ധമായി ദീര്‍ഘമായ കുറിപ്പുകളുണ്ട്.
പ്രസിദ്ധ ആരിഫും ഖുതുബുമായിരുന്ന അബുല്‍ ഹസന്‍ ശാദുലിയുടെ ആത്മീയ ഗുരു അബ്ദുസ്സലാം ഇബ്നു മശ്ശീശ് എന്നവരുടെ വിര്‍ദാണ് നാരിയത്തു സ്വലാത്തെന്നാണ് പ്രബലമതം. ദലാഇലുല്‍ ഖൈറാത്ത് എന്ന് സ്വലാത്ത് ഗ്രന്ഥത്തിന്‍റെ അടിക്കുറിപ്പില്‍ മര്‍ഹൂം കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍ ഇക്കാര്യം എഴുതിക്കാണുന്നുണ്ട്. അദ്ദേഹം ശൈഖ് ദിയാഉദ്ദീനിനില്‍ നിന്നാണ് ഇക്കാര്യം ഉദ്ധരിക്കുന്നത്.
പൊതുവെ സ്വലാത്ത് ചൊല്ലുന്നതിന് പാലിക്കേണ്ട ചിട്ടകളെല്ലാം നാരിയത്തുസ്വലാത്തില്‍ ഒത്തിണങ്ങിയിട്ടുണ്ടെന്ന് പറയാം. പ്രസ്തുത സ്വലാത്തിലെ പദങ്ങള്‍ വിശകലനം ചെയ്താല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. ചില കാര്യങ്ങള്‍ താഴെ പറയുന്നു
ഒന്ന്, അല്ലാഹുവിന്‍റെ നാമം പറയുന്നുണ്ട് നാരിയത്ത് സ്വലാത്തില്‍.
രണ്ട്, നബിയുടെ നാമം പറയുന്നുവെന്ന് മാത്രമല്ല, അവിടത്തെ കുറിക്കുന്ന സര്‍വനാമം എട്ടുപ്രാവശ്യമാണ് പിന്നെ ഈ സ്വലാത്തില് കടന്നുവരുന്നത്. മുഹമ്മദീയ സത്തയെ കുറിച്ച് എട്ടിലേറെ പ്രാവശ്യം ഈ സ്വലാത്ത് പരാമര്‍ശിക്കുന്നു. അത് മറ്റു പല സ്വലാത്തുകളിലും കാണില്ല.
മൂന്ന്, നബിക്ക് പുറമെ അവിടത്തെ സ്വാഹാബത്തനെയും കുടുംബത്തെയും കൂടെ ഉള്‍പ്പെടുത്തിയാണ് ഈ സ്വലാത്ത് തുടരുന്നത്.
നാല്, സ്വലാത്ത് ചൊല്ലുന്നവന്‍റെ ലക്ഷ്യവും ആഗ്രഹവുമെല്ലാം പറയുന്നു.നാരിയത്തു സ്വലാത്തില് ‍ഇക്കാര്യം വളരെ വിസ്തരിച്ച് തന്നെ പരാമര്‍ശിക്കപ്പെടുന്നുണ്ടല്ലോ.
അഞ്ച്, അനേകം എണ്ണം ചൊല്ലുന്നുവെന്ന് പറയുന്നു. ഓരോ നിമിഷത്തിലും ശ്വാസത്തിലും അല്ലാഹുവന് അറയുന്ന അത്രയും എണ്ണം ഗുണം വര്‍ഷിക്കണം എന്ന് പറയുന്ന ഒരു ഭാഗം ഈ സ്വലാത്തിലുണ്ടല്ലോ. ഒറ്റപ്രാവശ്യമെ ചൊല്ലുന്നുള്ളൂവെങ്കിലും ഇങ്ങനെ പറയുന്നതിന് പ്രത്യേക പ്രതിഫലമുണ്ട്. ദിക്റുകള്‍ക്കും സ്വലാത്തിനുമെല്ലാം ഒറ്റത്തവണയാണെങ്കിലും അതില്‍ പറഞ്ഞ അത്രയും എണ്ണത്തിന്‍റെ പ്രതിഫലം ലഭിക്കുമെന്ന് ഫതാവല്‍ കുബ്റാ പറയുന്നുണ്ട്.
ആറ്, സ്വലാത്തിനു പുറമെ സലാമും ഇതില്‍ ചേര്‍ത്തു പരാമര്‍ശിക്കുന്നുണ്ട്.
ഇങ്ങനെ പലവിധ മഹത്വങ്ങളും ഒരേസയമം ഉള്‍ക്കൊണ്ട സ്വലാത്താണിത്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

Sunday, 12 March 2017

ചൈല്‍ഡ് സൈക്കോളജി: ഇമാം ഗസ്സാലിയുടെ നിരീക്ഷണങ്ങള്‍


g-1


     psychology യില്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട് ഇമാം ഗസ്സാലി. ജനിച്ചതുമുതല്‍ ഒരു കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തെയും വളരെ പ്രാധാന്യത്തോടെ കണ്ട്, പക്വതയും കാര്യബോധവുമുള്ള ഒരാളായി കുഞ്ഞ് വളര്‍ന്നുവരാന്‍ എന്തെല്ലാം ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. ഇഹ്‌യയില്‍ ഒരു ഭാഗം തന്നെ കുട്ടികളുടെ വികാസത്തെ (child development) കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗസ്സാലി നീക്കി വെച്ചിട്ടുണ്ട്. മതാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ ശാസ്ത്രവും സൈക്കോളജിയും സമ്മിശ്രമായി ചേര്‍ത്തുകൊണ്ടാണ് അദ്ദേഹമിത് അവതരിപ്പിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
കുട്ടികള്‍ അല്ലാഹുവിന്റെ സമ്മാനങ്ങളാണെന്നും ആവശ്യമായ അറിവും അനുഭവവും നല്‍കി തെളിഞ്ഞ ഹൃദയത്തോടെ അവരെ വളര്‍ത്തിക്കൊണ്ടുവരല്‍ മാതാപിതാക്കളുടെ ബാധ്യതയാണെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം ചര്‍ച്ച ആരംഭിക്കുന്നത്. ഓരോ കുഞ്ഞും ജനിച്ചു വീഴുന്നത് ശുദ്ധ പ്രകൃതിയിലാണ്. അതുകൊണ്ട് ആദ്യകാല വിദ്യാഭ്യാസവും പരിശീലനങ്ങളും വളരെ ശ്രദ്ധയോടെ വേണം നടത്താന്‍. കുട്ടിയുടെ വ്യക്തിത്വം രൂപീകരിക്കപ്പെടുന്നതില്‍ വളരെ നിര്‍ണായകമായ പങ്ക് വഹിക്കുന്ന ഘട്ടമാണിത്. സാഹചര്യവും അവസരങ്ങളുമാണ് അവന്റെ മനസ്സില്‍ തിന്മയുടെ വിത്തിറക്കുന്നത്. അതു രണ്ടില്‍നിന്നും കുട്ടിയെ ദൂരെ സൂക്ഷിക്കുമ്പോഴേ ഭാസുരമായൊരു ഭാവി അവനില്‍ നമുക്ക് പ്രതീക്ഷിക്കാന്‍ സാധിക്കൂ.

     ഒന്നു മുതല്‍ നാലു വയസ്സുവരെയുള്ള സമയത്തിനിടയില്‍ മാതാപിതാക്കളും വീട്ടിലെ സാഹചര്യങ്ങളുമാണ് കുഞ്ഞിന്റെ വളര്‍ച്ചയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. മാതാവിനും മറ്റു സ്ത്രീകള്‍ക്കുമാണ് ഇതില്‍ കൂടുതല്‍ പങ്ക്. ആയതിനാല്‍, മാനസികമായ പരിശീലനവും ബോധവും നല്‍കാന്‍ ഈ സമയത്ത് കഴിയണം. കുഞ്ഞില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തുക, നല്ല സംസാരം ശീലിപ്പിക്കുക, നല്ല വാക്കുകള്‍ പഠിപ്പിക്കുക തുടങ്ങിയവ വളരെ പ്രധാനപ്പെട്ടവയാണ്. കായികമായ പരിശീലനത്തിലപ്പുറം ധൈര്യം, സല്‍സ്വഭാവം, ക്ഷമ, വലിയവരോടുള്ള ആദരവ് തുടങ്ങിയവയാണ് ഇക്കാലത്ത് കുഞ്ഞില്‍ വളര്‍ത്തിയെടുക്കേണ്ടത്. കുഞ്ഞിന് ഈ കാലയളവില്‍ നല്ല ഉപദേശങ്ങള്‍ നല്‍കുകയും ശകാരവും അടിയും പാടെ ഒഴിവാക്കുകയും വേണമെന്നും ഗസ്സാലി നിര്‍ദേശിക്കുന്നു.
   
     അഞ്ചു മുതല്‍ ഏഴു വരെയുള്ള വയസ്സു കാലം കുഞ്ഞില്‍ മത ബോധവും ആത്മീയ പാഠങ്ങളും വളര്‍ത്തി തുടങ്ങേണ്ട സമയമാണ്. വാങ്ക്, ഖുര്‍ആനിലെ ചെറിയ സൂറകളുടെ പാരായണം, വെള്ളിയാഴ്ച പള്ളിയില്‍ വരല്‍ പോലെയുള്ള കാര്യങ്ങളില്‍ കുഞ്ഞില്‍ താല്‍പര്യം ജനിപ്പിച്ചു തുടങ്ങണം. ഇരു ലോകത്തും ഉപകാരം ലഭിക്കുന്ന ശീലങ്ങള്‍ക്കാണ് ഇക്കാലത്ത് പ്രാമുഖ്യം നല്‍കേണ്ടത്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴുള്ള അദബുകള്‍, കൈ കഴുകല്‍, ബിസ്മി ചൊല്ലല്‍, വൃത്തി സൂക്ഷിക്കല്‍ തുടങ്ങിയവ ഇക്കാലത്തുതന്നെ ശീലിക്കപ്പെടണം. ജനനം മുതല്‍ തന്നെ കുഞ്ഞിന്റെ വ്യക്തിത്വ രൂപീകരണത്തില്‍ മാതാവ് പൂര്‍ണ ശ്രദ്ധ പതിപ്പിക്കണമെന്നാണ് ഗസ്സാലി പറയുന്നത്. അമിതമായി ലാളിക്കാനോ ശിക്ഷിക്കാനോ പാടില്ല. ഇത് കുഞ്ഞിന്റെ മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കും. കുഞ്ഞിന്റെ സാന്നിധ്യത്തില്‍ മാതാപിതാക്കള്‍ പരസ്പരം ചീത്ത പറയാനോ വില കുറഞ്ഞ വാക്കുകള്‍ ഉപയോഗിക്കാനോ പാടില്ല. കുഞ്ഞിന്റെ ഇളം മനസ്സില്‍ അവയെല്ലാം സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ട്.
   
     കുട്ടികളുടെ ജീവിതത്തില്‍ കളിയുടെ പ്രാധാന്യം ഇമാം ഗസ്സാലി ഊന്നിപ്പറയുന്നുണ്ട്. ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചതിനു ശേഷം കുട്ടികള്‍ കളി തമാശകളില്‍ മുഴുകുന്നതുകൊണ്ട് വിരോധമില്ല. അതവരുടെ മനസ്സിന് ഉല്ലാസം ലഭിക്കാനും ശരീരത്തിന് ഊര്‍ജ്ജം കൈവരാനും അത് കാരണമാകും.
മാതാപിതാക്കള്‍ കഴിഞ്ഞാല്‍ അധ്യാപകരാണ് കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തില്‍ വലിയ പങ്ക് വഹിക്കുന്ന രണ്ടാമത്തെ ഘടകം. കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകരോട് ഗസ്സാലിയുടെ നിര്‍ദേശങ്ങള്‍ ഇവയാണ്:

     1. കുഞ്ഞുങ്ങളുടെ കഴിവിന് അനുസരിച്ച് മാത്രം പഠിപ്പിക്കുക.
2. വിനയത്തോടെയും മാന്യതയോടെയും മാത്രം കുഞ്ഞുങ്ങളില്‍ സല്‍സ്വഭാവം ശീലിപ്പിക്കുക. കോപിച്ചുകൊണ്ടോ നിര്‍ബന്ധം ചെലുത്തിയോ ആവരുത്.
3. കുഞ്ഞുങ്ങളില്‍നിന്ന് പ്രത്യുപകാരം ഒന്നും പ്രതീക്ഷിക്കാതിരിക്കുക. പകരം, നാം പഠിപ്പിക്കുന്ന എല്ലാ നന്മയിലും അവര്‍ക്കു മുമ്പിലെ ഒരു മാതൃകയായി മാറുക.
   
     നല്ല മനുഷ്യരോടുള്ള സഹവാസം കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തുമെന്നും ഗസ്സാലി പറയുന്നു. ചീത്ത കൂട്ടുകെട്ട് അവനെ ദുഷിപ്പിക്കും. താന്‍ ആരോടാണോ സഹവസിക്കുന്നത് അവരുടെ സ്വഭാവമായിരിക്കും കുഞ്ഞുങ്ങളിലും പ്രതിഫലിക്കുക. ആയതിനാല്‍, സച്ചരിതരോടുള്ള അടുപ്പവും ദുഷിച്ച സൗഹൃദങ്ങളില്‍നിന്നുള്ള മോചനവും കുട്ടികളുടെ നല്ല ഭാവിക്ക് നല്ലതായിരിക്കും. ബിദായതുല്‍ ഹിദായയുടെ ഒരു ഭാഗം തന്നെ ഗസ്സാലി ഇത്തരം ചര്‍ച്ചകള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗം സഹവാസത്തിന്റെ നിയമങ്ങള്‍ (അല്‍ ഖൗലു ഫീ ആദാബി സ്വുഹ്ബ) ആണ് ചര്‍ച്ച ചെയ്യുന്നത്. ഇഹ്‌യയിലും സമാനമായൊരു അധ്യായം കാണാം.കുട്ടികളുടെ മന:ശാസ്ത്രവുമായി ബന്ധപ്പെട്ട് ഗസ്സാലി ധാരാളം തിയറികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. തന്റെ രചനകളില്‍ അത്തരം ധാരാളം പ്രസ്താവങ്ങള്‍ കാണാം. കുട്ടികള്‍ പ്രകൃതിപരമായും സ്വാര്‍ത്ഥതയുള്ളവരാണ് (egocentric) എന്ന് സോഷ്യോ സൈക്കോളജിയുടെ നിഴലില്‍ അദ്ദേഹം പറയുന്നുണ്ട്. പേടി ഒരു ആര്‍ജിത വികാരമാണ്. നഗറ്റീവ് അനുഭവങ്ങളില്‍നിന്നു ലഭിച്ചതോ മറ്റാരില്‍നിന്നെങ്കിലും പഠിച്ചെടുത്തതോ ആയിരിക്കും അത്. സ്വന്തം മാനസിക പ്രശ്‌നങ്ങള്‍ (mental issues) മനസ്സിലാക്കാനും ആന്തരിക വൈഷമ്യങ്ങള്‍ തിരിച്ചറിയാനും ആത്മവിചിന്തനവും (introspection) സ്വയം അവലോകനവും (self-analysis) വഴികളാണെന്നും അദ്ദേഹം പറയുന്നു.

Saturday, 11 March 2017

മജ്‌ലിസുന്നൂർ ശ്രദ്ദേയമായി മാറുന്നു



പുതിയതെരു ശാഖാ skssf,sys കമ്മിറ്റികളുടെ നേതൃത്വത്തിൽ മാസംതോറും നടത്തിവരാറുള്ള മജ്‌ലിസുന്നൂർ ശ്രദ്ധേയമായി മാറി. പുതിയതെരു നഗരത്തിനു സമീപം കുന്നുംകൈ -കൊറ്റാളി റോഡിലുള്ള നീരൊഴുക്കുംചാൽ മൈതാനിയിലാണ് എല്ലാ മാസവും മജ്‌ലിസുന്നൂർ നടത്തിവരാറുള്ളത്. എല്ലാ മാസവും പുതിയതെരുവിലും പരിസരത്തുമുള്ള സത്യവിശ്വാസികൾ നീരൊഴുക്കുംചാലിലുള്ള ആത്മീയ സദസ്സിൽ പങ്കെടുക്കാറുണ്ട്.സ്ത്രീകൾക്ക് പ്രത്യേക സ്ഥലസൗകര്യം ഒരുക്കിയതിനാൽ ധാരാളം സ്ത്രീകളും പങ്കെടുത്തുവരുന്നു.ഈ മാസത്തെ മജ്‌ലിസുന്നൂർ 11 -3 -2017 ഇബ്രാഹീം മൗലവി മടക്കിമല ഉസ്താദിന്റെ നേതൃത്വത്തിൽ നടന്നു.

     മരണപ്പെട്ട വീടുകൾ സന്ദർശിക്കുക-മരണപ്പെട്ടവരുടെ പേരിൽ ഖുർആൻ ഖത്തം പാരായണം ചെയ്യുൽ -വീടുകളിൽ മജ്‌ലിസുന്നൂർ സദസ്സ്‌ സംഘടിപ്പിക്കുൽ -റിലീഫ് പ്രവർത്തനം-സുബഹ് ക്യാമ്പയിൻ-,എസ്‌.എസ്.എൽ  സി,പ്ലസ്.ടു,വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്,  തുടങ്ങി ഒട്ടേറെ പ്രവർത്തന പദ്ധതികളുമായി ശാഖാ skssf സജീവമാവുകയാണ്. റാഷിദ് ഉസ്താദ്,മുഫാസ്.വി.സി.,നൗഷാദ്കെ.പി.തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തുവരുന്നു.

Thursday, 9 March 2017

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍: പാണ്ഡിത്യത്തിന്റെ ചടുല സൗന്ദര്യം

baapu
സമസ്തയുടെ സജീവ നേതൃനിരയിലെ പ്രധാനിയെയാണ്‌ കോട്ടുമല ഉസ്താദിന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. സമസ്തയുടെയും സുന്നത്ത് ജമാഅത്തിന്റെയും ഇന്നലെകളുടെ വഴിത്താരയില്‍ ആശ്വാസ കിരണങ്ങളായി ചെയ്തിറങ്ങിയ ശൈഖുനാ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രിയ പുത്രനാണ് ബാപ്പു മുസ്‌ലിയാര്‍.
പിതാവില്‍ നിന്ന് തന്നെയാണ് അറിവ് സ്വീകരിച്ച് തുടങ്ങിയത്. മദ്രസ്സ അഞ്ചാം ക്ലാസ് കഴിഞ്ഞതോടെ പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലെ ഉപ്പയുടെ വിശ്രുതമായ ദര്‍സിലെത്തി. വല്യുപ്പ കോമു മുസ്‌ലിയാര്‍, ശംസുല്‍ ഉലമ, കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാര്‍, മഞ്ഞനാടി ഉസ്താദടക്കമുള്ള വലിയ ആലിമുകള്‍ ദര്‍സ് നടത്തിയ സ്ഥലമായിരുന്നു ഇത്.
പിന്നീട് ബാഫഖി തങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഉപ്പ പട്ടിക്കാട്ടേക്ക് പോയപ്പോള്‍ ഉപ്പയുടെ കൂടെ ബാപ്പു മുസ്‌ലിയാരും അവിടെയെത്തി. അന്ന് പന്ത്രണ്ട് വയസ്സായിരുന്നു പ്രായം. അത് കൊണ്ട് തന്നെ ജാമിഅയിലെ ദര്‍സ്സില്‍ പഠിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. അന്ന് മതപഠനവും സ്‌കൂള്‍ പഠനവും ജാമിഅ കേന്ദ്രീകരിച്ചാണ് നേടിയത്. അന്ന് മുത്വവ്വല്‍, മുഖ്‌സര്‍ എന്നീ കിതാബുകള്‍ മാത്രമായിരുന്നു അന്ന് ജാമിഅയ്യിലുണ്ടായിരുന്നത്.
ജാമിഅയില്‍ നിന്ന് പട്ടിക്കാട് ഹൈസ്‌കൂളിലേക്ക് പോവും.
സ്‌കൂള്‍ പഠനത്തിനടക്ക് അല്‍ഫിയ, ഫത്ഉല്‍ മുഈന്‍ വരെയുള്ള കിതാബുകള്‍ ഉപ്പയില്‍ നിന്നും ഓതിയെടുത്തു. സ്‌കൂള്‍ പഠനത്തിന് ശേഷം രാത്രിയും മറ്റുമായി ഈ കിതാബുകള്‍ പഠിക്കാന്‍ സമയം കണ്ടെത്തിയിരുന്നത്. ശംസുല്‍ ഉലമയും അതേ സമയത്ത് തന്നെ കോളേജിലുണ്ടായിരുന്നതിനാല്‍ ചെറുപ്പത്തിലെ ശൈഖുനയുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചിരുന്നു.
baappu
കിതാബുകള്‍ ഓതാനുള്ള സൗകര്യത്തിന് വേണ്ടി മേല്‍ മുറിയിലെ ആലത്തൂര്‍ പടി ദര്‍സില്‍ ചേര്‍ന്നു. കെ. കെ അബൂബക്കര്‍ ഹസ്രത്തായിരുന്നും അന്ന് അവിടുത്തെ ഉസ്താദ്. ഒരു വര്‍ഷം ആ ദര്‍സില്‍ പഠിച്ചു. തഫ്‌സീര്‍, മിശ്കാത്ത്, മഹല്ലി, ശറഹുത്തഹ്ദീബ് തുടങ്ങിയ കിതാബുകള്‍ കെ. കെ ഹസ്രത്തില്‍ നിന്നുമാണ് കരസ്ഥമാക്കിയത്. തുടര്‍ന്ന് കെ. കെ ഹസ്രത്ത് പൊട്ടിച്ചിറ അന്‍വരിയ്യയിലേക്ക് മാറിയപ്പോള്‍ ഉസ്താദിന്റെ കൂടെ അവിടെയെത്തി. രണ്ട് കൊല്ലം അന്‍വരിയ്യയില്‍ പഠിച്ചു.
കെ. കെ ഉസ്താദിന് പുറമെ വല്ലപ്പുഴ ഉണ്ണീന്‍ കുട്ടി മുസ്‌ലിയാരും, കോക്കൂര്‍ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരും അവിടെത്തെ ഗുരുനാഥന്മാരായിരുന്നു. പൊട്ടച്ചിറയില്‍ നിന്നും വീണ്ടും ജാമിഅയ്യിലെത്തി. ജാമിഅയില്‍ ആറാം ക്ലാസിലാണ് ചേര്‍ന്നത്. അങ്ങനെ ജാമിഅയിലെ രണ്ടാം ഘട്ടം നാല് വര്‍ഷം പഠനം നടത്തി. 1971-ലാണ് ജാമിഅയ്യിലെത്തിയത്. 1975-ല്‍ സനദ് വാങ്ങി പുറത്തിറങ്ങി. സയ്യിദ് ഹൈദരലി തങ്ങള്‍ അന്ന് സഹപാഠിയായിരുന്നു.
പഠന ശേഷം ആദ്യം അരിപ്ര വേളൂര്‍ പള്ളിയിയാണ് സേവനം തുടങ്ങിയത്. അവിടെ മുദരിസ്സും ഖത്വീബും ഖാളിയുമായിരുന്നു. അന്ന് ദര്‍സില്‍ നാല്‍പത് വിദേശികളും അരുപതോളും സ്വദേശികളും പഠിക്കാനുണ്ടായിരുന്നു. ബൈളാവി, ബുഖാരി, മഹല്ലി, ജംഅ് തുടങ്ങിയ പ്രധാന കിതാബുകള്‍ അവിടെ ദര്‍സ് നടത്തിയിരുന്നു. തുടര്‍ന്ന് പിതാവിന്റെ നിര്‍ദേശ പ്രകാരം നന്തി ദാറസ്സലാമിലേക്ക് പോയി. കോളേജിന്റെ തുടക്ക കാലമായിരുന്നു അത്. എ. വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൂടെയുണ്ടായിരുന്നു.
ശേഷം കടമേരി റഹ്മാനിയ്യ അറബിക് കോളേജിലെത്തി. ഉന്നത മതകലാലയമായി കടമേരി റഹ്മാനിയ്യയെ വളര്‍ത്തുന്നതില്‍ ബാപ്പു ഉസ്താദിന്റെ പങ്ക് അവിസ്മരണീയമാണ്. റഹ്മാനിയ്യയുടെ സ്ഥാപകന്‍ ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ലിയാരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ എം. എം. ബഷീര്‍ മുസ്‌ലിയാരോടൊപ്പം ഏറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട് ഉസ്താദ്.
ബിദഇകള്‍ക്കെതിരെയുള്ള ഖണ്ഡനത്തിന് പ്രത്യേക സിദ്ധി തന്നെയുണ്ട് ബാപ്പു ഉസ്താദിന്. പിതാവിന്റെ അതേ പാരമ്പര്യമാണ് ഈ രംഗത്ത് മകനും തുടരുന്നത്. പിതാവ് കോട്ടുമല ഉസ്താദ്, ശംസുല്‍ ഉലമ, വാണിയമ്പലം ഉസ്താദ്, കെ. വി ഉസ്താദ്, ആമയൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍ എന്നിവരാണ് ഈ രംഗത്തെ വഴികാട്ടികള്‍. പാലക്കാട് ജില്ലയിലെ പൂടൂര്‍, കുറ്റിച്ചിറ, കൊട്ടപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ ബിദഇകളുമായുള്ള സംവാദങ്ങള്‍ നടത്തിയിട്ടുണ്ട്.
സമസ്ത ജോ. സെക്രട്ടറിയെന്നതിന് പുറമെ വിദ്യാഭ്യാസ ബോര്‍ഡടക്കമുള്ള ഒട്ടു മിക്ക കീഴ്ഘടകങ്ങളുടെ നേതൃസ്ഥാനങ്ങളിലും വിവിധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തക സമിതിയിലും നിറ സാന്നിധ്യമായിരുന്നു കോട്ടുമല ബാപ്പു മുസ്‌ലിയാര്‍. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഉസ്താദിന്റെ വിയോഗത്തോടെ വലിയ നഷ്ടമാണ് കേരളമുസ്‌ലിം ഉമ്മത്തിന് ഈ വിയോഗത്തോടെ സംഭവിച്ചിരിക്കുന്നത്.




വൃക്ക ആവശ്യമുണ്ട് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുത് : ആരോഗ്യ വകുപ്പ്

ദിനപത്രങ്ങളിലെ ക്ലാസിഫൈഡ് പരസ്യ കോളങ്ങളില്‍ വൃക്ക ആവശ്യമുണ്ട് എന്ന് കാണിച്ച് വാണിജ്യപരമായ ഉദ്ദേശ്യത്തോടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അറിയിച്ചു. ഇത്തരം പരസ്യങ്ങള്‍ നിയമവിരുദ്ധവും അധാര്‍മ്മികവുമാണ്. അവയവ ട്രാന്‍സ്ഫര്‍ നിയന്ത്രിക്കുന്ന ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആക്ട്‌സ് 1994 (42 ഓഫ് 1994) ആക്ട് പ്രകാരം വാണിജ്യപരമായ ഇടപാടുകള്‍ വഴി അവയവങ്ങള്‍ ലഭ്യമാക്കുന്നത് നിയമവിരുദ്ധമാണെന്നും ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.

ബി.ഫാം/ഫാം.ഡി പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി/ തത്തുല്യ യോഗ്യതയുളളവര്‍ക്ക് കണ്‍ട്രോളര്‍ ഓഫ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് നടത്തുന്ന പ്രവേശന പരീക്ഷ വഴി ബി.ഫാം/ഫാം.ഡി കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തും. വിശദവിവരങ്ങള്‍ക്ക് പരീക്ഷാ കണ്‍ട്രോളറുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വെബ്‌സൈറ്റ്www.cee.kerala.gov.in.

പരീക്ഷാപ്പേടി മാറ്റാന്‍ വിക്‌ടേഴ്‌സ് ചാനലില്‍ പ്രത്യേക പരിപാടി 'ഓര്‍മ്മകളുണ്ടായിരിക്കണം'

എസ്.എസ്.എല്‍.സി., പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകളിലെ വര്‍ഷാവസാന പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഐ.ടി.@സ്‌കൂള്‍ വിക്‌ടേഴ്‌സ് ചാനല്‍ ഓര്‍മ്മകളുണ്ടായിരിക്കണം പ്രത്യേക പരീക്ഷാ പരിശീലന പരിപാടി സംപ്രേഷണം ചെയ്യും. അതത് വിഷയങ്ങളിലെ പ്രഗത്ഭരായ അധ്യാപകരാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള പരിപാടിയില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ഇതോടൊപ്പം കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസിക പിരിമുറുക്കം കുറയ്ക്കാനായി 'ടേക്ക് ഇറ്റ് ഈസി' എന്ന പരിപാടിയും പരീക്ഷാ ദിവസങ്ങളില്‍ വൈകുന്നേരം ഏഴിന് സംപ്രേഷണം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് ആറുമുതല്‍ ഏഴുവരെ തൊട്ടടുത്ത ദിവസത്തെ പരീക്ഷയുടെ പ്ലസ് ടു പാഠഭാഗങ്ങളും രാത്രി എട്ടു മുതല്‍ ഒന്‍പതുവരെ എസ്.എസ്.എല്‍.സി. പാഠഭാഗങ്ങളുമാണ് സംപ്രേഷണം ചെയ്യുന്നത്. പുനഃസംപ്രേഷണം പരീക്ഷാ ദിവസം രാവിലെ ഏഴിനും ഒന്‍പതിനും.